Asianet News MalayalamAsianet News Malayalam

മാന്ദ്യകാലത്തും വില്‍പ്പന തകൃതി, ആ ആഡംബര വണ്ടിക്കമ്പനിയും ഇന്ത്യയിലേക്ക്!

വരവ് മാന്ദ്യത്തിനിടയിലും സൂപ്പര്‍ കാര്‍ വില്‍പ്പന  പൊടിപൊടിച്ചതു കണ്ട് ഇന്ത്യയിലേക്ക് വരാനൊരുങ്ങി ഒരു കാര്‍ നിര്‍മ്മാതാക്കള്‍

British Sportscar Maker McLaren is Planning to Enter India!
Author
Mumbai, First Published Dec 12, 2019, 11:51 AM IST

ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്‌ലാറന്‍ ഓട്ടോമോട്ടീവ് ഏഷ്യന്‍ വിപണികളിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. മക്‌ലാറന്‍ സിഇഒ മൈക്ക് ഫ്‌ളെവിറ്റ് ഡെട്രോയിറ്റില്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

ചൈനക്ക് പുറത്തെ ഏഷ്യന്‍ വിപണികളില്‍ ആവശ്യകത ശക്തമാണെന്നും ഏഷ്യയില്‍ കൂടുതല്‍ കാറുകള്‍ എത്തിക്കേണ്ടതുണ്ടെന്നും തങ്ങളുടെ അടുത്ത വലിയ വിപണികള്‍ ഇന്ത്യയും റഷ്യയുമാണെന്നും ഈ രണ്ട് വിപണികളിലും കമ്പനി ഉണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണെന്നും മൈക്ക് ഫ്‌ളെവിറ്റ് പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ നിരത്തുകളിലെ മക്‌ലാറന്‍ കാറുകള്‍ ഇറക്കുമതി ചെയ്‍തവയാണ്.

ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ പാത പിന്തുടരാനാണ് മക്ലാരന്‍റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാന്ദ്യമുണ്ടായിട്ടും ഇന്ത്യയില്‍ ഈ വര്‍ഷം 30 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ലംബോര്‍ഗിനി പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ മികച്ച വില്‍പ്പനയാണ് ഇറ്റാലിയന്‍ കാര്‍  നിര്‍മാതാക്കള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 50 യൂണിറ്റ് ഉറുസ് എസ്‌യുവിയാണ് ഡെലിവറി ചെയ്‍തത്.

ലംബോര്‍ഗിനി, ഫെറാറി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നീ എതിരാളികള്‍ ചെയ്തതുപോലെ ആഗോള എസ്‌യുവി വിപണിയില്‍ പ്രവേശിക്കാന്‍ മക്‌ലാറന്‍ ഉദ്ദേശിക്കുന്നില്ലെന്നും മക്‌ലാറന്‍ എന്ന ബ്രാന്‍ഡിന് എസ്‌യുവി യോജിക്കില്ലെന്നും ഫ്‌ളെവിറ്റ് കൂട്ടിച്ചേര്‍ത്തു. പകരം, പുതിയ പ്ലാറ്റ്‌ഫോമില്‍ ഒരു ഹൈബ്രിഡ് കാറാണ് മക്‌ലാറന്‍ ആസൂത്രണം ചെയ്യുന്നത്. ഈ സങ്കര ഇന്ധന കാര്‍ 2020 മധ്യത്തോടെ അനാവരണം ചെയ്യും.

2025 ഓടെ പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്താന്‍ മക്‌ലാറന്‍ ഗ്രൂപ്പ് ഉടമകള്‍ ആലോചിക്കുന്നതായി മൈക്ക് ഫ്‌ളെവിറ്റ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ‘മക്‌ലാറന്‍ റേസിംഗ്’ ഉള്‍പ്പെടെ ഗ്രൂപ്പിലെ എല്ലാ യൂണിറ്റുകളും ലാഭത്തിലെത്തിയാല്‍ മാത്രമേ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് സാധ്യതയുള്ളൂവെന്ന് സിഇഒ ഈയിടെ വ്യക്തമാക്കുകയും ചെയ്തു.

മക്‌ലാറന്‍ ഓട്ടോമോട്ടീവിന്റെ ഏറ്റവും വലിയ വിപണിയായ യുകെയിലെ വില്‍പ്പന ഇടിഞ്ഞിരിക്കുകയാണ്. 2018 ല്‍ ആഗോളതലത്തില്‍ 4,800 ഓളം കാറുകളാണ് മക്‌ലാറന്‍ വിറ്റത്. 2019 ല്‍ വില്‍പ്പനയില്‍ ചെറിയ ഇടിവ് പ്രതീക്ഷിക്കുന്നു. 2024 ഓടെ പുതിയൊരു കാര്‍ നിര്‍മാണശാല ആരംഭിക്കുമെന്നും സിഇഒ വ്യക്തമാക്കി. ആഗോളതലത്തില്‍ പ്രതിവര്‍ഷം 6,000 കാറുകള്‍ വില്‍ക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Follow Us:
Download App:
  • android
  • ios