Asianet News MalayalamAsianet News Malayalam

ഈ ഹീറോ മോഡലുകളും ബിഎസ് 6 ആയി

ഹീറോ മോട്ടോര്‍ കോര്‍പ്പിന്‍റെ ബിഎസ് 6 പാലിക്കുന്ന  സ്‌പ്ലെന്‍ഡര്‍ പ്ലസ്, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. 

BS6 Hero Splendor Plus launched
Author
Delhi, First Published Feb 18, 2020, 4:24 PM IST

ഹീറോ മോട്ടോര്‍ കോര്‍പ്പിന്‍റെ ബിഎസ് 6 പാലിക്കുന്ന  സ്‌പ്ലെന്‍ഡര്‍ പ്ലസ്, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. അലോയ് വീല്‍ സഹിതം കിക്ക് സ്റ്റാര്‍ട്ട്, അലോയ് വീല്‍ സഹിതം സെല്‍ഫ് സ്റ്റാര്‍ട്ട്, ഐ3എസ് & അലോയ് വീല്‍ എന്നിവ സഹിതം സെല്‍ഫ് സ്റ്റാര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളില്‍ ബിഎസ് 6 ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് ലഭിക്കും. യഥാക്രമം 59,600 രൂപ, 61,900 രൂപ, 63,110 രൂപ എന്നിങ്ങനെയാണ് പുതിയ ഹീറോ സ്‌പ്ലെന്‍ഡറിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. 
ബിഎസ് 6 ഹീറോ ഡെസ്റ്റിനി 125 എല്‍എക്‌സ്, അലോയ് വീല്‍ സഹിതം സെല്‍ഫ് സ്റ്റാര്‍ട്ട് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 64,310 രൂപ, 66,800 രൂപയാണ് ദില്ലി എക്‌സ് ഷോറൂം വില. 

അലോയ് വീല്‍ സഹിതം ഡ്രം ബ്രേക്ക്, അലോയ് വീല്‍ സഹിതം ഡിസ്‌ക് ബ്രേക്ക്, അലോയ് വീല്‍ & പ്രിസ്മാറ്റിക് കളര്‍ ടെക്‌നോളജി എന്നിവ സഹിതം ഡിസ്‌ക് ബ്രേക്ക് എന്നീ മൂന്ന് വേരിയന്റുകളില്‍ ബിഎസ് 6 ഹീറോ മാസ്‌ട്രോ എഡ്ജ് 125 ലഭിക്കും. യഥാക്രമം 67,950 രൂപ, 70,150 രൂപ, 70,650 രൂപയാണ് ദില്ലി എക്‌സ് ഷോറൂം വില. 

പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രോമില്‍ തീര്‍ത്ത 3ഡി ലോഗോ, പുതുതായി മാറ്റ് ഗ്രേ സില്‍വര്‍ നിറം എന്നിവയാണ് ബിഎസ് 6 ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറിലെ പരിഷ്‌കാരങ്ങള്‍. ഹീറോ മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടര്‍ അതേ രൂപകല്‍പ്പന നിലനിര്‍ത്തിയിരിക്കുന്നു. എന്നാല്‍ പുതുതായി ‘പ്രിസ്മാറ്റിക് പര്‍പ്പിള്‍’ പെയിന്റ് സാങ്കേതികവിദ്യ നല്‍കി. വെളിച്ചത്തിന് അനുസരിച്ച് മറ്റൊരു നിറം പ്രതിഫലിപ്പിക്കാന്‍ കഴിയുന്നതാണ് ഈ ടെക്‌നോളജി. മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറിന് സവിശേഷ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് ലഭിച്ചു.

ബിഎസ് 6 പാലിക്കുന്ന 125 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 125 സ്‌കൂട്ടറുകള്‍ക്ക് കരുത്തേകുന്നത്. പുതുതായി ഫ്യൂവല്‍ ഇന്‍ജെക്ഷന്‍, എക്‌സ്-സെന്‍സ് സാങ്കേതികവിദ്യ എന്നിവ നല്‍കിയിരിക്കുന്നു. ഈ മോട്ടോര്‍ ഇപ്പോള്‍ 7,000 ആര്‍പിഎമ്മില്‍ 9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 മോഡലിനേക്കാള്‍ 11 ശതമാനം അധികം ഇന്ധനക്ഷമതയും 10 ശതമാനം അധിക ആക്‌സെലറേഷനും ലഭിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെടുന്നു. ഡെസ്റ്റിനി 125 സ്‌കൂട്ടറില്‍ നല്‍കിയ ഐ3എസ് (ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം) സാങ്കേതികവിദ്യ ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഫ്യൂവല്‍ ഇന്‍ജെക്ഷന്‍, എക്‌സ്-സെന്‍സ് സാങ്കേതികവിദ്യ എന്നിവ സഹിതം 100 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബിഎസ് 6 ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ ഇപ്പോള്‍ 8,000 ആര്‍പിഎമ്മില്‍ 7.91 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 8.05 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 മോഡല്‍ 8.24 ബിഎച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ അല്‍പ്പം കുറഞ്ഞു. അതേസമയം ടോര്‍ക്കില്‍ മാറ്റമില്ല. പര്‍പ്പിള്‍, ഗ്രേ, റെഡ് ഉള്‍പ്പെടെയുള്ള പുതിയ കളര്‍ കോംബിനേഷനുകളില്‍ ബിഎസ് 6 ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് ലഭിക്കും. ഗ്രീന്‍ ഫിനിഷ് സഹിതം എബണി ഗ്രേ പെയിന്റ്‌വര്‍ക്കോടുകൂടി റെഡ്-ബ്ലാക്ക്-പര്‍പ്പിള്‍ കോംബിനേഷനിലും ലഭ്യമാണ്. മൂന്ന് മോഡലുകളും വൈകാതെ ഡെലിവറി ചെയ്തുതുടങ്ങും.

ഹീറോ മോട്ടോകോര്‍പ്പിന്റെ സ്‌പ്ലെന്‍ഡര്‍ ഐ-സ്മാര്‍ട്ട്, എച്ച്എഫ് ഡീലക്‌സ്, പ്ലെഷര്‍ പ്ലസ് എന്നീ ഇരുചക്ര വാഹനങ്ങള്‍ നേരത്തെ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios