കൊറോണ വൈറസ് വ്യാപനം തടയാന്‍‌ രാജ്യം ലോക്ക് ഡൗണിലാണ്. ജനങ്ങളോട് കഴിവതും വീടുകളുടെ ഉള്ളിൽ തന്നെ തുടരാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. എന്നിട്ടും പുറത്തിറങ്ങുന്നവര്‍ ഏറെയാണ്. ഇപ്പോഴിതാ കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങളും വീട്ടിൽ ഇരിക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കുന്നതിന് വ്യത്യസ്‍ത ആശയവുമായി എത്തിയിരിക്കുകയാണ് ചെന്നൈ പൊലീസ്. 

ലോക്ക്ഡൗൺ നിർദേശം ലംഘിച്ച് വീടിന് പുറത്തിറങ്ങുന്നവരെ ബോധവത്കരിക്കാൻ 'കൊറോണ ഹെൽമറ്റ്' ആണ് പൊലീസിന്‍റെ ആയുധം. കൊറോണ വൈറസിന്റെ മാതൃകയിലുള്ള ഹെൽമറ്റ് ആണിത്. നിലവിലെ സാഹചര്യത്തിൽ വീട്ടിൽ തന്നെ ഇരിക്കുന്നതിന്‍റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുന്നതിനാണ് ഇത്തരമൊരു 'പ്രത്യേക' ആശയം രൂപപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഈ തന്ത്രം ഫലം കണ്ടുവെന്നും പൊലീസുകാർ പറയുന്നു.

'എല്ലാ നട‌പടികളും സ്വീകരിച്ചിട്ടും ആളുകൾ പുറത്ത് കറങ്ങി നടക്കുന്നത് തുടരുകയാണ്. ഇക്കാര്യത്തെ പൊലീസ് എത്രമാത്രം ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്ന് ആളുകൾക്ക് ബോധ്യപ്പെടാനാണ് ഈ കൊറോണ ഹെൽമറ്റ്. ഈ ഹെല്‍മറ്റ് കാണുമ്പോൾ ആളുകള്‍ക്ക് ആ രോഗത്തിന്റെ ഭീകരത മനസിൽ വരും. പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ചിത്രകാരനായ ഗൗതം ആണ് പൊലീസിന് ഇത് നിർമിച്ച് നൽകിയത്.  പഴയ ഹെൽമറ്റും കളർ പേപ്പറുകളും ഉപയോഗിച്ചാണ് ഗൗതം 'കൊറോണ ഹെൽമറ്റ്' തയാറാക്കിയത്. ഗൗതം തയാറാക്കിയ കൊറോണ ബോധവത്കരണ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും പൊലീസ് ഉപയോഗിക്കുന്നുണ്ട്.