കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ 21 ദിവസത്തേക്ക് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയില്‍ മാത്രം പ്രതിദിനം 2300 കോടി രൂപയുടെ നഷ്ടം ഇതു മൂലണ്ടാകുമെന്നാണ് കണക്കുകള്‍. വാഹനനിര്‍മാതാക്കളുടെ സംഘടനയായ സിയാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും സര്‍വീസും മുടങ്ങുകയും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വില്‍പ്പന കുറയുകയും ചെയ്യുന്നതില്‍ നിന്ന് പ്രതിദിനം ഏകദേശം 2300 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രാഥമിക പഠനം തെളിയിക്കുന്നതെന്ന്  സിയാമിന്റെ പ്രസിഡന്റ് രാജന്‍ വധേര അറിയിച്ചു. 

അല്ലെങ്കില്‍ത്തന്നെ കടുത്ത പ്രതിസന്ധിയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വാഹന വിപണി. ബിഎസ്-6 എന്‍ജിനുകളുടെ നിര്‍മാണത്തിനായി 90,000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍ നടത്തിയിട്ടുള്ളത്. ഇതിനെല്ലാം ഇടയിലാണ് ഇരുട്ടടിയായി കൊറോണയും എത്തിയത്. 

കൊറോണയുടെ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വാഹന നിര്‍മാതാക്കളും അവരുടെ നിര്‍മാണ പ്ലാന്റുകളും ഡീലര്‍ഷിപ്പുകളും അടച്ചിട്ടു കഴിഞ്ഞു. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, ഹോണ്ട കാര്‍സ്, കിയ മോട്ടോഴ്‌സ്, ടൊയോട്ട, ഫോര്‍ഡ്, ജീപ്പ് ഇന്ത്യ തുടങ്ങിയവര്‍ പ്ലാന്റുകള്‍ അടച്ചിടുമെന്ന് അറിയിച്ചിരുന്നു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍, സുസുക്കി ടൂവീലര്‍, ബജാജ് ഓട്ടോ, ജാവ മോട്ടോര്‍ സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനനിര്‍മാതാക്കളും പ്ലാന്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. 

ഈ കമ്പനികളില്‍ ഭൂരിഭാഗവും മാര്‍ച്ച് 31 വരെ മാത്രമാണ് അടച്ചിടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, 21 ദിവസത്തെ ലോക്ക് ഡൌണ്‍ പ്രഖ്യാപനത്തോടെ ഇത് ഏകദേശം ഏപ്രില്‍ 15 വരെ നീളും.