കൊവിഡ് 19 മഹാമാരിക്കെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ് രാജ്യം. കൊറോണ വൈറസ് വ്യാപനത്തെ തടയുന്നതിനും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിവിധ വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ള വ്യവസായ മേഖല വന്‍ സഹായമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. 

ഇപ്പോഴിതാ 50 കോടി രൂപയുടെ ധനസഹായവുമായി എത്തിയിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്, വോള്‍വോ, ഐഷര്‍ മോട്ടോഴ്‌സ് കൂട്ടുകെട്ട്.  ഈ കമ്പനികളുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി കോവിഡ്-19 കെയര്‍ സംവിധാനങ്ങളൊരുക്കാനാണ് ധനസഹായം നല്‍കുന്നത്. 

ധനസാഹയത്തിന് പുറമെ, ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യക്ഷാമം നേരിടുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാനും വൃത്തിഹീനമായ സ്ഥലങ്ങള്‍ അണുവിമുക്തമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. മുന്നോട്ടുള്ള മാസങ്ങളിലെ സാഹചര്യം വിലയിരുത്തി കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യവും പരിഗണിക്കുമെന്ന്‌ കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.

ധനസഹായത്തിന് പുറമെ, ഐഷറിന്റെ ജീവനക്കാര്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നുണ്ട്. പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്കും ഉത്തര്‍പ്രദേശ്‌, തമിഴ്‌നാട് സര്‍ക്കാരുകളുടെ ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് ഐഷര്‍ പണം നല്‍കുക. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എന്‍ജിഒകളുമായി ചേര്‍ന്ന് ജനങ്ങള്‍ക്കായി മറ്റ് സഹായങ്ങള്‍ ഒരുക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന കാര്യവും റോയല്‍ എന്‍ഫീല്‍ഡ്, ഐഷര്‍ മോട്ടോഴ്‌സ്, വോള്‍വോ എന്നീ കമ്പനികളുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.