വാഹനങ്ങളും ഗൃഹോപകരണങ്ങളുമൊക്കെ വാങ്ങുമ്പോൾ ഉപഭോക്താക്കള്‍ക്ക് ഫ്രിഡ്‍ജും ടിവിയും മൊബൈൽ ഫോണുമൊക്കെ കമ്പനികളും കച്ചവടസ്ഥാപനങ്ങളും സമ്മാനമായി കൊടുക്കാറുണ്ട്. എന്നാൽ അമേരിക്കയിലെ ഒരു കാര്‍ ഡീലര്‍ഷിപ്പ് ശ്രദ്ധേയമാകുന്നത് വ്യത്യസ്‍തമായ ഒരു ഓഫര്‍ പ്രഖ്യാപനത്തിലൂടെയാണ്. 

ബൈബിൾ, അമേരിക്കൻ പതാക, തോക്ക് എന്നിവയാണ് ഈ ഡീലര്‍ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗത്ത് കരോലിനയിലെ ഹോനെയ പാത്തിലെ ഫോർഡ് കാർ ഡീലര്‍ഷിപ്പാണ് ഈ വേറിട്ട ഓഫറിന് ഉടമ.  God Gun America എന്നാണ് ഡീലറുടെ പ്രചാരണ വാചകം.  ഈ ഓഫർ വെറുതെ പ്രഖ്യാപിച്ചതല്ലെന്നും പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാമൂഹ്യ പരിഗണനകളും കണക്കിലെടുത്താണ് തീരുമാനമെന്നുമാണ് ഡീലർഷിപ്പ് അവകാശപ്പെടുന്നത്. 

ബൈബിളും പതാകയും കൂടാതെ സ്‍മിത്ത് ആൻഡ് വെസോൺ കമ്പനിയുടെ നാനൂറ് ഡോളർ വിലയുള്ള നാനൂറ് ഡോളര്‍ വിയുള്ള എ ആര്‍-15 റൈഫിള്‍ വാങ്ങാനുള്ള വൗച്ചറാണ് സമ്മാനം. തോക്ക് ആവശ്യമില്ലാത്തവര്‍ക്ക് ഈ നാനൂറ് ഡോളര്‍ വിലയില്‍ കുറച്ചുനല്‍കുമെന്നും ഡീലര്‍ വാഗ്‍ദാനം ചെയ്യുന്നു. നവംബർ അവസാനം വരെയാണ് ഓഫർ.  

എന്തായാലും ഈ വേറിട്ട ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പലരും ഡീലര്‍ക്കെതിരെ രംഗത്തു വന്നു. അമേരിക്കയില്‍ ഇനിയൊരു കൂട്ടവെടിവെയ്പ്പുണ്ടായാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നാണ് ഫേസ്ബുക്കിലെ ചില കമന്റുകള്‍. എന്നാല്‍ ഈ ഓഫറോടു കൂടി വില്‍പ്പന വര്‍ധിച്ചതായും അമേരിക്കയുടെ മറ്റിടങ്ങളില്‍ നിന്നും  ഓഫര്‍ തേടി ആളുകള്‍ എത്തുന്നുണ്ടെന്നുമാണ് ഡീലര്‍ഷിപ്പ് വ്യക്തമാക്കുന്നത്.