ജയ്‍പൂര്‍: കനത്തമഴയില്‍ വെള്ളം മൂടിയ പാലത്തിനുമുകളിലൂടെ വിദ്യാര്‍ത്ഥിനകളുമായി പോകുകയായിരുന്ന ലോറി പുഴയിലേക്ക് ചെരിഞ്ഞു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ 15 പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിച്ചു. രാജസ്ഥാനിലെ ദുംഗര്‍പൂരിലാണ് സംഭവം. അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

കനത്ത മഴയില്‍ ദുംഗര്‍പൂരിലെ രാംപൂര്‍ പാലവും മുങ്ങിയിരുന്നു. അങ്ങനെയാണ് പാലം കടക്കാനായി 15 വിദ്യാര്‍ഥിനികള്‍ ലോറിയില്‍ കയറുന്നത്.  സ്‌കൂളില്‍നിന്നും മടങ്ങുകയായിരുന്നു ഇവര്‍. പാലത്തിന്റെ മധ്യഭാഗത്ത് എത്തിയ  ലോറി കുത്തൊഴുക്കില്‍ നിയന്ത്രണംവിട്ട് പുഴലേക്ക് ചെരിയുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങിപ്പോയ ലോറി ആടിയുലയുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ കുട്ടികളെ രക്ഷിക്കുകയായിരുന്നു. വടംകെട്ടി മനുഷ്യച്ചങ്ങലപ്പോലെ നിന്ന് അതിസാഹസികമായി ജനങ്ങള്‍ ഓരോ കുട്ടികളെയും ഒപ്പം ലോറി ഡ്രൈവറെയും രക്ഷപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.