Asianet News MalayalamAsianet News Malayalam

ചങ്കിടിച്ച് ഇന്ത്യന്‍ കമ്പനികള്‍, വീണ്ടുമൊരു ചൈനീസ് വണ്ടിക്കമ്പനി കൂടി ഇന്ത്യയിലേക്ക്!

7000 കോടിയുടെ മുതല്‍മുടക്ക്. രാജ്യത്തെ വാഹന നിര്‍മ്മാതാക്കളുടെ ചങ്കിടിപ്പേറ്റി ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും ഇന്ത്യയിലേക്ക്

Great Wall Motors to India
Author
Delhi, First Published Nov 12, 2019, 12:46 PM IST

മുംബൈ: അടുത്തിടെ ചൈനയില്‍ നിന്നും ഇന്ത്യന്‍ നിരത്തിലിറങ്ങിയ എംജി ഹെക്ടര്‍ എന്ന വാഹനം നിരത്തില്‍ മിന്നുന്നപ്രടനമാണ് കാഴ്‍ചവച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ എതിരാളികളെയെല്ലാം നിഷ്‍പ്രഭമാക്കി മുന്നേറുകയാണ് ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) യുടെ ഹെക്ടര്‍.

ഇപ്പോഴിതാ രാജ്യത്തെ വാഹന നിര്‍മ്മാതാക്കളുടെ ചങ്കിടിപ്പേറുന്ന മറ്റൊരു വാര്‍ത്ത കൂടി. ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സും ഇന്ത്യന്‍ നിരത്തിലേക്കെത്തുകയാണ്. ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്‍റെ ഇന്ത്യയിലെ അനുബന്ധ കമ്പനി രജിസ്റ്റര്‍ ചെയ്‍തു കഴിഞ്ഞു. ഹവല്‍ മോട്ടോര്‍ ഇന്ത്യ എന്ന പേരിലാണ് ഗുരുഗ്രാം കേന്ദ്രീകരിച്ച് കമ്പനി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. ഏകദേശം 7000 കോടി രൂപയുടെ നിക്ഷേപം ഹവല്‍ ഇന്ത്യ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Great Wall Motors to India

ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള പാസഞ്ചര്‍ വാഹന ശ്രേണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്‌ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് വരുന്നത്. നിലവില്‍ ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി, പിക്കപ്പ് ട്രക്ക് നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിനു കീഴില്‍ ഗ്രേറ്റ് വാള്‍, ഹവല്‍, വേ, ORA എന്നീ നാല് ബ്രാന്‍ഡുകളുണ്ട്. ചൈനയില്‍ സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. എസ്.യു.വികളിലാണ് ഹവലിന്റെ ശ്രദ്ധ. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് പുറത്തിറക്കുന്നത്. ഇതില്‍ ഗ്രേറ്റ് വാള്‍ ബ്രാന്‍ഡിലുള്ള പാസഞ്ചര്‍ വാഹനങ്ങളാണ് ആദ്യം ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തുന്ന ഹവല്‍ എസ്.യു.വി.കളുടെ മാത്രം ബ്രാന്‍ഡാണ്. സെഡാന്‍, പിക്കപ്പ് ട്രക്ക്, പാസഞ്ചര്‍ കാര്‍ എന്നിവയാണ് ഗ്രേറ്റ് വാളിലൂടെ പുറത്തിറങ്ങുന്നത്. വേയിലൂടെ അഡംബര വാഹനങ്ങളും ORA ഇലക്ട്രിക് വാഹനങ്ങളുമാണ് ഇറക്കുന്നത്. 

കമ്പനിയുടെ പുതിയ നിര്‍മാണ കേന്ദ്രത്തിനായി മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‍നാട് എന്നീ സംസ്ഥാനങ്ങളാണ് പരിഗണനയിലുള്ളത്. ഇതില്‍ മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമാണ് കൂടുതല്‍ പ്രാധാന്യം. ചൈനീസ് ട്രക്ക് നിര്‍മാതാക്കളായ ഫോട്ടോണിന്റെ കൈവശമുള്ള മഹാരാഷ്ട്രയിലെ ചകാനിലെ ഭൂമി ഏറ്റെടുക്കാനും ഗ്രേറ്റ് വാള്‍ ആലോചിക്കുന്നുണ്ട്. അതോടൊപ്പം ഇന്ത്യ വിട്ട ജനറല്‍ മോട്ടോഴ്സിന്റെ തലേഗാവിലെ നിര്‍മാണ കേന്ദ്രം ഏറ്റെടുക്കുന്ന കാര്യവും കമ്പനിയുടെ പരിഗണനയിലുണ്ട്.

2020 ആദ്യം ഹവല്‍ മോട്ടോഴ്‌സ് ഇന്ത്യയിലെ പ്രവര്‍ത്തനം ആരംഭിച്ചേക്കും.  2021-2022 കാലഘട്ടത്തില്‍ ഹവലിന്റെ ആദ്യ മോഡലും ഇന്ത്യന്‍ നിരത്തിലെത്തിയേക്കും. ഹവല്‍ എച്ച്6 എസ്.യു.വി മോഡലായിരിക്കും ആദ്യം ഗ്രേറ്റ് വാള്‍ കുടുംബത്തില്‍നിന്ന് ഇന്ത്യയിലെത്തുക. 

അതേസമയം ഇപ്പോഴും ഗ്രേറ്റ് വാളിന്റെ സാന്നിധ്യം ഇന്ത്യയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ കോഡിങ് സോഫ്റ്റ്‌വെയര്‍, നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ എന്നിവയ്ക്കായി കമ്പനിയുടെ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടെക്‌നോളജി ഹബ്ബ് ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ഇക്കാര്യത്തില്‍ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ് അനൗദ്യോഗിക സ്ഥിരീകരണം നടത്തിയേക്കും. 

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് കിടിലന്‍ ഫീച്ചറുകളോടെ മോഹവിലയില്‍ 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തിയത്.   ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറിന് 12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില. എന്തായാലും സിയാക്കിനു പിന്നാലെയെത്തുന്ന ഗ്രേറ്റ് വാളിന്‍റെ പ്രവര്‍ത്തനവും ഇന്ത്യന്‍ എതിരാളികള്‍ക്ക് താങ്ങാനാവില്ല. ചൈനീസ് വാഹനങ്ങളുടെ കിടിലന്‍ ഫീച്ചറുകളും ബജറ്റ് വിലയും തന്നെയാകും എതിരാളികള്‍ക്ക് വില്ലനാകുക. 

Great Wall Motors to India

Follow Us:
Download App:
  • android
  • ios