Asianet News MalayalamAsianet News Malayalam

ഹാര്‍ലിയുമായി സഹകരിക്കാന്‍ തയ്യാറെന്ന് ഹീറോ

അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഇരുചക്ര വാഹന ഭീമന്‍ ഹീറോ മോട്ടോകോര്‍പ്പ്

Hero MotoCorp Is Open To A Partnership With Harley Davidson
Author
Mumbai, First Published Feb 20, 2020, 8:46 PM IST

ഐക്കണിക്ക് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഇരുചക്ര വാഹന ഭീമന്‍ ഹീറോ മോട്ടോകോര്‍പ്പ്. ഹാര്‍ലി മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആഗ്രഹം പ്രകടിപ്പിച്ചാല്‍ അവരുമായി പങ്കാളിത്തം സ്ഥാപിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പവന്‍ മുഞ്ജാല്‍ വ്യക്തമാക്കി. 

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. എത്രയും വേഗം പങ്കാളിത്തം സ്ഥാപിച്ചാല്‍ ഇരുകൂട്ടര്‍ക്കും നല്ലതാണെന്ന് പവന്‍ മുഞ്ജാല്‍ പ്രസ്താവിച്ചു. എന്നാല്‍ രണ്ട് ബ്രാന്‍ഡുകളും ഇതുവരെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടില്ല.

ഇത് പങ്കാളിത്തങ്ങളുടെ കാലമാണെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് നല്ലൊരു പങ്കാളിയെ ലഭിച്ചാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും ഹീറോ മോട്ടോകോര്‍പ്പ് ചെയര്‍മാന്‍ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലെ ചില സെഗ്‌മെന്റുകളില്‍ പ്രവേശിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ഉയര്‍ന്ന സെഗ്‌മെന്റുകളില്‍ സാന്നിധ്യമറിയിക്കണമെന്ന് ഹീറോ മോട്ടോകോര്‍പ്പ് ആഗ്രഹിക്കുന്നതായും പവന്‍ മുഞ്ജാല്‍ വ്യക്തമാക്കി. ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യുമെങ്കില്‍ എന്തുകൊണ്ട് പങ്കാളിത്തം പാടില്ല എന്നും അദ്ദേഹം ചോദിച്ചു.

ഹീറോയും ഹാര്‍ലിയും തമ്മില്‍ പങ്കാളിത്തം സ്ഥാപിക്കാനുള്ള സാധ്യത ഇതാദ്യമായല്ല തെളിയുന്നത്. ഇന്ത്യയ്ക്കും മറ്റ് വളര്‍ന്നുവരുന്ന ഏഷ്യന്‍ വിപണികള്‍ക്കുമായി പുതിയ മോഡലുകള്‍ വികസിപ്പിക്കുമെന്ന് 2018 ല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രഖ്യാപിച്ചിരുന്നു. 

ഇതിനായി അമേരിക്കന്‍ ബ്രാന്‍ഡ് ഇന്ത്യന്‍ പങ്കാളിയെ തേടുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. എന്നാല്‍ ഹാര്‍ലി ഡേവിഡ്‌സണുമായി ചേര്‍ന്ന് ഒരു ഉല്‍പ്പന്നവും നിര്‍മിക്കുന്നില്ലെന്ന് ഹീറോ മോട്ടോകോര്‍പ്പ് അന്ന് വ്യക്തമാക്കി. പിന്നീട് ഇരു കമ്പനികളും ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നു. അപ്പോഴും ഇരു കൂട്ടരുടെയും ഭാഗത്തുനിന്ന് സ്ഥിരീകരണം ലഭിച്ചില്ല. അതുകൊണ്ടുതന്നെ പവന്‍ മുഞ്ജാലിന്റെ ഇപ്പോഴത്തെ പ്രസ്താവന പ്രതീക്ഷയേകുന്നതാണ്.

ഹാര്‍ലി ഡേവിഡ്‌സണും ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ക്വിയാൻജിയാങ് മോട്ടോർ സൈക്കിള്‍സും കഴിഞ്ഞ വര്‍ഷം പങ്കാളിത്തം സ്ഥാപിച്ചിരുന്നു. ഇന്ത്യയ്ക്കും മറ്റ് ഏഷ്യന്‍ വിപണികള്‍ക്കുമായി ചെറിയ ഡിസ്‌പ്ലേസ്‌മെന്റിലുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ നിര്‍മിക്കുന്നതിനാണ് ഈ സഹകരണം. 338 സിസി ഹാര്‍ലി ഡേവിഡ്‌സണ്‍ ഈ വര്‍ഷം ജൂണില്‍ ചൈനീസ് വിപണിയിലും തുടര്‍ന്ന് ഇന്ത്യയിലും അവതരിപ്പിക്കും.

ഏഷ്യൻ വിപണി ലക്ഷ്യമിട്ടാണ് ചൈനീസ് പങ്കാളിത്തത്തോടെ ഹാർലി ഡേവിഡ്സൻ ഈ എൻജിൻ ശേഷി കുറഞ്ഞ മോട്ടോർ സൈക്കിളുകൾ വികസിപ്പിക്കുന്നത്.  ഇറ്റാലിയൻ ബ്രാൻഡായ ബെനെലിയുടെ ഉടമസ്ഥരാണ് ഷിജിയാങ് ക്വിയാൻജിയാങ് മോട്ടോർ സൈക്കിള്‍സ്. ഏഷ്യൻ രാജ്യങ്ങളിലെ നിർമാതാക്കളുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്നാണ് ഹാര്‍ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റിനെ നേരിടുകയാണ് ഈ കൂട്ടുകെട്ടിന്‍റെ പ്രധാന പദ്ധതി. ഇതിനായി 250 മുതൽ 500 വരെ സിസി എൻജിൻ കപ്പാസിറ്റിയുള്ള മിഡ് സൈസ് റെട്രോ ലുക്ക് ബൈക്കുകൾ പുറത്തിറക്കാനാണ് പദ്ധതി. നിലവിൽ വികസന ഘട്ടത്തിലുള്ള ഈ ബൈക്കിന്റെ ആദ്യ ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഹാർലി ഡേവിഡ്സൻ ബ്രാൻഡിൽ വിപണിയിലിറങ്ങുന്ന പുത്തൻ 338 സി സി മോട്ടോർ സൈക്കിൾ വരുന്ന ജൂണോടെ വിൽപനയ്ക്കെത്തുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ബെനെലിയുടെ 302 പ്ലാറ്റ്ഫോമിന്റെ വകഭേദത്തിലാണ് 338 സി സി എൻജിനുള്ള ഹാർലി ഡേവിഡ്‍സൻ ബൈക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 300 സി സി, പാരലൽ ട്വിൻ എൻജിനാണ്  ബെനെലി 302ന്‍റെ ഹൃദയം. 11,500 ആർ പി എമ്മിൽ 38.26 ബി എച്ച് പി വരെ കരുത്തും 10,000 ആർ പി എമ്മിൽ 26.5 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും.

ഏഷ്യൻ വിപണികളായ തായ്‌ലൻഡ്, ഇന്തൊനീഷ, വിയറ്റ്നാം, ഫിലിപ്പൈൻസ്, മലേഷ്യ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഓസ്ട്രേലിയയിലുമുള്ള വിപണന സാധ്യത ലക്ഷ്യമിട്ടാണ് ഷിജിയാങ് ക്വിയാൻജിയാങ് മോട്ടോർ സൈക്കിളുമായി ദീർഘകാല സഖ്യത്തിന് ഹാർലി ഡേവിഡ്സൻ സന്നദ്ധത തയാറായത്. ആദ്യഘട്ടത്തിൽ ചൈനയിലാവും പുതിയ ബൈക്ക് വിൽപ്പനയ്ക്കെത്തുക. ക്രമേണ ഇന്ത്യയടക്കമുള്ള മറ്റു വിപണികളിലേക്കും ഈ 338 സി സി ബൈക്കിന്റെ വിൽപ്പന ഹാർലി ഡേവിഡ്സൻ വ്യാപിപ്പിച്ചേക്കും.

വികസ്വര രാജ്യങ്ങളിലെ വിപണികളില്‍ നേട്ടമുണ്ടാക്കണമെങ്കില്‍ വില കുറയ്‍ക്കുകയല്ലാതെ വഴിയില്ല എന്നതിനാല്‍ വി–ട്വിൻ എൻജിനുള്ള ഈ ചെറു ബൈക്കുകൾക്ക് വില കുറവായിരിക്കും എന്നാണ് സൂചന.

ഹാര്‍ലിയും ഹീറോയും തമ്മിലുള്ള പങ്കാളിത്തം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയില്‍ ആദ്യത്തേത് ആയിരിക്കില്ല. ബജാജ്-കെടിഎം, ടിവിഎസ്-ബിഎംഡബ്ല്യു മോട്ടോറാഡ് സഖ്യങ്ങള്‍ തുടരുകയാണ്. ബജാജ്-കാവസാക്കി സഖ്യം ഇപ്പോള്‍ വേര്‍പിരിഞ്ഞു. എംവി അഗസ്റ്റ, മോട്ടോ ഗുസി ബ്രാന്‍ഡുകളുമായി കൈനറ്റിക് പങ്കാളിത്തം സ്ഥാപിച്ചിരിക്കുന്നു. മിഡ്‌സൈസ് മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുന്നതിന് ബജാജ് ഓട്ടോയും ട്രയംഫ് മോട്ടോര്‍സൈക്കിള്‍സും അടുത്തിടെയാണ് പങ്കാളിത്തം പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios