Asianet News MalayalamAsianet News Malayalam

കാസര്‍കോട് വ്യാപാരിയെ ഇടിച്ചുകൊന്ന കാര്‍ കണ്ണൂരില്‍ പൊക്കിയ പൊലീസ് ഞെട്ടി!

കാസര്‍കോട് നീലേശ്വരത്തുവെച്ച് വഴിയാത്രക്കാരനെ ഇടിച്ച് കൊലപ്പെടുത്തിയ കാര്‍ കണ്ണൂര്‍ വളപട്ടണത്തുവെച്ച് പൊലീസ് പിടികൂടിയപ്പോള്‍ കണ്ടത് കോടികളുടെ കള്ളപ്പണം

Hit and run car seized with 1.45 crore hawala money at Kannur
Author
Kannur, First Published Jan 10, 2020, 12:42 PM IST

കണ്ണൂര്‍: കാസര്‍കോട് നീലേശ്വരത്തുവെച്ച് വഴിയാത്രക്കാരനായ വ്യാപാരിയെ ഇടിച്ച് കൊലപ്പെടുത്തിയ കാര്‍ കണ്ണൂര്‍ വളപട്ടണത്തുവെച്ച് പൊലീസ് പിടികൂടിയപ്പോള്‍ കണ്ടെത്തിയത്‌ ഒന്നരക്കോടിയുടെ കള്ളപ്പണം. 

നീലേശ്വരത്തെ പച്ചക്കറി വ്യാപാരി കെ പി തമ്പാനെ  ഇടിച്ചുവീഴ്ത്തി, നിര്‍ത്താതെ പോയ കാര്‍  പിടികൂടിയപ്പോഴാണ് പൊലീസ് സംഘം ഞെട്ടിയത്. കാറിന്‍റെ പെട്രോള്‍ ടാണ്ടായി ഭാഗിച്ചായിരുന്നു കള്ളപ്പണം നിറച്ചിരുന്നത്. അപകടത്തിൽ പരുക്കേറ്റ കെ.പി.തമ്പാൻ (61) മരിച്ചു. വ്യാഴാഴ്ച  പുലർച്ചെ 5.45നു ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പിഡബ്ല്യുഡി ഓഫിസിനു സമീപമായിരുന്നു അപകടം. 

ജാര്‍ഖണ്ഡ് രജിസ്‌ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സാംഗ്ലി ഖാനാപൂർ ഹിവാരെ സ്വദേശി എസ്.ബി. കിഷോർ തനാജി (33), ഖാനാപൂർ ബൂദ് സ്വദേശി സാഗർ ബാലസോഗിലാരെ (21) എന്നിവരെ വളപട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവര്‍  കേരളത്തിലേയ്ക്ക് ഒന്നേമുക്കാല്‍ കോടിയുടെ കള്ളപ്പണവും കള്ളക്കടത്ത് സ്വര്‍ണവുമായി പുറപ്പെട്ടതായിരുന്നു. കള്ളപ്പണം കടത്തുന്നതായുള്ള വിവരത്തെ തുടര്‍ന്ന്  ഈ കാറിനെ കസ്റ്റംസ് അധികൃതര്‍ പിന്തുടരുന്നുണ്ടായിരുന്നു. കസ്റ്റംസിനെ വെട്ടിച്ച് വരുന്നതിനിടയിലായിരുന്നു അപകടം. 

രാജാറോഡിലെ പച്ചക്കറി വ്യാപാരിയാണ് കരുവാച്ചേരിയിലെ കെ പി തമ്പാന്‍. പുലര്‍ച്ചെ വീട്ടില്‍നിന്ന് കടയിലേയ്ക്കു വരുന്നതിനിടെ കരുവാച്ചേരി പി.ഡബ്ല്യു.ഡി. ഓഫീസിന് സമീപത്തായിരുന്നു അപകടം. ഇദ്ദേഹത്തെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.തമ്പാന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.  തുടര്‍ന്ന് കാര്‍ നിര്‍ത്താതെ കണ്ണൂര്‍ ഭാഗത്തേയ്ക്ക് പോയി. 

അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോയ വിവരം നീലേശ്വരം പൊലീസ്, കണ്ണൂര്‍ ജില്ലയിലെ ഉള്‍പ്പെടെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറി. ഇതോടെ ഹൈവേ പൊലീസ് സംഘം വിവിധ ഇടങ്ങളിൽ നിലയുറപ്പിച്ചു.  ഇതിനു പുറമേ കാറിൽ സ്വർണം കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്റ് സംഘവും പരിശോധന തുടങ്ങി.

വാഹന പരിശോധനയ്ക്കിടെ വളപട്ടണം പാലത്തിനു സമീപത്തുവെച്ച് വളപട്ടണം സിഐ എം കൃഷ്ണനും എസ് ഐ വിജേഷും സംഘവും കാര്‍  തടഞ്ഞു. വ്യാപാരിയെ ഇടിച്ചു കൊലപ്പെടുത്തിയ കാറാണിതെന്ന് വ്യക്തമായതോടെ ഹൈവേ പൊലീസിന്റെ സഹായത്തോടെ ഈ കാര്‍ വളപട്ടണം  സ്‌റ്റേഷനിലേയ്ക്ക് മാറ്റി. കാറിലുണ്ടായിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലേക്കു മാറ്റിയ കാര്‍ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘം ദേശീയപാത വഴി വരുന്നുണ്ടെന്ന കസ്റ്റംസിന്റെ സന്ദേശം പൊലീസിനു ലഭിക്കുന്നത്. ഇതോടെ എന്‍ഫോഴ്‌സ്‌മെന്റും സ്ഥലത്തെത്തി.  കസ്റ്റഡിയിലെടുത്ത കാര്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണ് രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന കള്ളപ്പണം കണ്ടെത്തിയത്. പിൻ സീറ്റിന് അടിയിലെ രഹസ്യ അറയിലാണ് പണം കണ്ടെത്തിയത്. പെട്രോൾ ടാങ്ക് രണ്ടായി ഭാഗിച്ച് മറ്റൊരു അറ കൂടി നിർമിച്ചാണ് പണം ഒളിപ്പിച്ചത്. 

1.45 കോടി രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. പെട്രോൾ ടാങ്ക് രണ്ടായി വിഭജിച്ചായിരുന്നു അറ നിർമിച്ചിരുന്നത്. 45000 നോട്ടുകൾ സംഘം കണ്ടെത്തി. തുക എൻഫോഴ്സ്മെന്റിന് കൈമാറി. സീറ്റിനടിയിലെ പ്രത്യേക അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. കൊയിലാണ്ടിയിലേക്കാണ് പണം കടത്തുന്നതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇത് കുഴല്‍പ്പണമാണെന്നാണ് സൂചന. എന്നാല്‍ ഇവര്‍ കൊണ്ടുവന്ന സര്‍ണം കണ്ടെത്താനായിട്ടില്ല. ഇത് ഇവര്‍ വില്‍പ്പന നടത്തിയതായാണ് വിവരം.  അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളെ നീലേശ്വരം പൊലീസിനു രാത്രിയോടെ കൈമാറി. അപകടവുമായി ബന്ധപ്പെട്ട കേസ് ഇവർ രജിസ്റ്റർ ചെയ്യും. അപകടം സംബന്ധിച്ച കേസ് നീലേശ്വരം പൊലീസും പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് എൻഫോഴ്മെന്റ് വിഭാഗം ആയിരിക്കും അന്വേഷിക്കുക. 

Follow Us:
Download App:
  • android
  • ios