Asianet News MalayalamAsianet News Malayalam

പുത്തന്‍ ആക്ടിവകളെ തിരിച്ചുവിളിച്ച് കമ്പനി, ഇക്കൂട്ടത്തില്‍ നിങ്ങളുടെ വണ്ടിയുമുണ്ടോ?

വിപണിയിലെത്തിച്ച ഈ വാഹനങ്ങളെ ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി

Honda Activa 125 BS6 recalled
Author
Mumbai, First Published Feb 25, 2020, 11:35 PM IST

ഇന്ത്യയിലെ തന്നെ ആദ്യത്തെ ബിഎസ് 6 ഇരുചക്ര വാഹനമായ ആക്ടീവ 125നെ ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട  മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ 2019 സെപ്‍തംബറിലാണ് അവതരിപ്പിക്കുന്നത്. എന്നാല്‍ വിപണിയിലെത്തിച്ച ഈ വാഹനങ്ങളെ ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുകയാണ് കമ്പനി. കൂളിംഗ് ഫാന്‍ കവര്‍, ഓയില്‍ ഗേജ് എന്നിവ മാറ്റിവെയ്ക്കുന്നതിനാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 

സ്റ്റാന്‍ഡേര്‍ഡ്, അലോയി, ഡീലക്‌സ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ്  ആക്ടീവ 125 ബിഎസ് 6 ലഭിക്കുക. യഥാക്രമം 67,490 രൂപ, 70,900 രൂപ, 74,490 രൂപ എന്നിങ്ങനെയാണ് വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. റെബല്‍ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേള്‍ പ്രിഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളില്‍ ഇവ ലഭിക്കും.

മുന്നില്‍ 190 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് സുരക്ഷ. സൈഡ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും മടങ്ങിയ ശേഷം മാത്രമേ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കൂ. 18 ലിറ്ററാണ് സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ്. സാധനങ്ങള്‍ വെയ്ക്കുന്നതിന് മുന്നില്‍ ചെറിയൊരു സ്റ്റോറേജ് സ്പേസ് വേറെയുമുണ്ട്. പുതിയ അലോയി വീലിനൊപ്പം മുന്നില്‍ ടെലസ്‌കോപ്പിക് ഫോക്കും പിന്നില്‍ ത്രീ സ്റ്റെപ്പ് അഡ്‍ജസ്റ്റബിള്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍.

ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സഹിതം ബിഎസ് 6 പാലിക്കുന്ന 125 സിസി എന്‍ജിനാണ് സ്‌കൂട്ടറിന് കരുത്തേകുന്നത്. ഇപ്പോള്‍ 8.1 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു. ബിഎസ് 4 എന്‍ജിന്‍ 8.52 ബിഎച്ച്പിയാണ് പുറപ്പെടുവിച്ചിരുന്നത്.

‘ശബ്ദമില്ലാത്ത’ സ്റ്റാര്‍ട്ടര്‍ സിസ്റ്റം, ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം എന്നിവ പുതിയ ഫീച്ചറുകളില്‍ ചിലതാണ്. തല്‍സമയ ഇന്ധനക്ഷമത ഡിസ്‌പ്ലേ ചെയ്യുന്നതാണ് പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍ സഹിതം സൈഡ് സ്റ്റാന്‍ഡ് ഡൗണ്‍ ഇന്‍ഡിക്കേറ്റര്‍, ഗ്ലൗവ് ബോക്‌സ്, പുറമേക്കൂടി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം എന്നിവ മറ്റ് പരിഷ്‌കാരങ്ങളാണ്.

സ്‌കൂട്ടര്‍ വ്യവസായത്തില്‍ ആദ്യമായി ആറു വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്നുവര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും മൂന്നുവര്‍ഷത്തെ ഓപ്ഷന്‍ വാറന്റിയും സ്‍കൂട്ടറിന് ലഭിക്കും. വിപണിയിലുള്ള മോഡലിനെക്കാള്‍ 13 ശതമാനം അധിക മൈലേജും പുതിയ ആക്ടീവയില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിപണിയില്‍ അവതരിപ്പിച്ച് രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 25,000 ഉപയോക്താക്കളെ കരസ്ഥമാക്കാന്‍ ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 സ്‌കൂട്ടറിന് കഴിഞ്ഞിരുന്നു.

ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (വിഐഎന്‍) നല്‍കിയാല്‍ തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ സ്‌കൂട്ടര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഉടമകള്‍ക്ക് അറിയാന്‍ കഴിയും. ഹോണ്ട ഡീലര്‍ഷിപ്പില്‍ സ്‌കൂട്ടര്‍ എത്തിച്ചാല്‍ സൗജന്യമായി ഈ പാര്‍ട്ടുകള്‍ മാറ്റി നല്‍കും. 

Follow Us:
Download App:
  • android
  • ios