ഹോണ്ടയുടെ 2020 മോഡല്‍ സിബിആര്‍1000ആര്‍ആര്‍- ആര്‍ ഫയര്‍ബ്ലേഡ് എസ്‍പി മോട്ടോര്‍സൈക്കിന് മികച്ച ഡിസൈനിനുള്ള പുരസ്‌കാരങ്ങളിലൊന്നായ റെഡ് ഡോട്ട് അവാര്‍ഡ്.

ക്ലബ്ബ് റേസിംഗ് മുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ വരെ ജയിക്കാന്‍ കഴിയുന്നവിധമാണ് ഹോണ്ട സിബിആര്‍1000ആര്‍ആര്‍- ആര്‍ ഫയര്‍ബ്ലേഡ് എസ്പി വികസിപ്പിച്ചത്. ഡിസൈന്‍, സ്‌റ്റൈലിംഗ് എന്നിവ നിര്‍വഹിക്കുമ്പോള്‍ ഇക്കാര്യം കണക്കിലെടുത്തു. വേഗത, പ്രകടനമികവ്, എയ്‌റോഡൈനാമിക് ശേഷി എന്നിവയില്‍ ശ്രദ്ധയൂന്നിയാണ് ഓരോ ഭാഗവും രൂപകല്‍പ്പന ചെയ്തത്.

999 സിസി, ഇന്‍ ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് 2020 ഹോണ്ട സിബിആര്‍1000ആര്‍ആര്‍- ആര്‍ ഫയര്‍ബ്ലേഡ് എസ്പി മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 14,500 ആര്‍പിഎമ്മില്‍ 212 ബിഎച്ച്പി പരമാവധി കരുത്തും 12,500 ആര്‍പിഎമ്മില്‍ 113 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് 2020 മോഡല്‍ ഹോണ്ട സിബിആര്‍1000ആര്‍ആര്‍- ആര്‍ അനാവരണം ചെയ്തത്. ഹോണ്ട റേസിംഗ് കോര്‍പ്പറേഷന്റെ സവിശേഷ കളര്‍ സ്‌കീമായ ചുവപ്പും വെളുപ്പും നീലയും ഉള്‍പ്പെടുന്ന പെയിന്റ് സ്‌കീമിലാണ് പുതിയ ഹോണ്ട സിബിആര്‍1000ആര്‍ആര്‍- ആര്‍ ഫയര്‍ബ്ലേഡ് വരുന്നത്.

ഇത്തരമൊരു അവാര്‍ഡ് ലഭിച്ചതോടെ തങ്ങള്‍ ആദരിക്കപ്പെട്ടതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഡിസൈന്‍ വിഭാഗം ജനറല്‍ മാനേജര്‍ സതോഷി കവാവ പ്രതികരിച്ചു.