Asianet News MalayalamAsianet News Malayalam

ഹസ്‌ക്‌വാര്‍ണ ഇന്ത്യയില്‍

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്‌ക്‌വാര്‍ണ ഇന്ത്യയിലെത്തി. 

Husqvarna In India
Author
Mumbai, First Published Feb 26, 2020, 9:17 PM IST

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്‌ക്‌വാര്‍ണ ഇന്ത്യയിലെത്തി. വിറ്റ്പിലന്‍ 250, സ്വാര്‍ട്ട്പിലന്‍ 250 എന്നീ രണ്ട് 250 സിസി ബൈക്കുകളുമായാണ് കമ്പനിയുടെ ഇന്ത്യന്‍ പ്രവേശനം. 1.80 ലക്ഷം രൂപയാണ് ഇരു മോഡലുകള്‍ക്കും ദില്ലി എക്‌സ് ഷോറൂമിലെ പ്രത്യേക പ്രാരംഭ  വില. 

ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്‌വാര്‍ണയുടെ മാതൃ കമ്പനി. കെടിഎമ്മിന്റെ 49 ശതമാനം ഓഹരി കയ്യാളുന്നത് ബജാജ് ഓട്ടോ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സാണ്. ഇരു ബൈക്കുകളുടെയും ബുക്കിംഗ് ആരംഭിച്ചതായി ബജാജ് ഓട്ടോ അറിയിച്ചു. 

ഇന്ത്യയില്‍ നിലവിലെ കെടിഎം ഷോറൂമുകളിലൂടെ ഹസ്‌ക്‌വാര്‍ണ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കും. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ ബൈക്കുകള്‍ ഡീലര്‍ഷിപ്പുകളിലെത്തും. തുടക്കത്തില്‍ 45 നഗരങ്ങളിലെ നൂറ് ഷോറൂമുകളില്‍ ബൈക്കുകള്‍ എത്തിക്കും. അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ 275 ലൊക്കേഷനുകളിലായി 400 കെടിഎം/ഹസ്‌ക്‌വാര്‍ണ ഷോറൂമുകളാണ് കമ്പനി ലമിടുന്നത്.

കഫേ റേസര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിളാണ് വിറ്റ്പിലന്‍. സ്‌ക്രാംബ്ലറാണ് സ്വാര്‍ട്ട്പിലന്‍. പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ലൈഫ്‌സ്റ്റൈല്‍ പെര്‍ഫോമന്‍സ് ബൈക്കുകളായിട്ടാണ് രണ്ട് മോഡലുകളും എത്തുന്നത്. 

2019 ഡിസംബറില്‍ നടന്ന ഇന്ത്യാ ബൈക്ക് വീക്കില്‍ ഹസ്‌ക്‌വാര്‍ണ ബ്രാന്‍ഡ് ഇന്ത്യന്‍ അരങ്ങേറ്റം നടത്തിയിരുന്നു. വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 ബൈക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ വിപണിക്കായി പുതിയ 250 സിസി മോഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്.  സ്വാര്‍ട്ട്പിലന്‍ എന്നാല്‍ സ്വീഡിഷ് ഭാഷയില്‍ കറുത്ത ശരം എന്നും വിറ്റ്പിലന്‍ എന്നാല്‍ വെളുത്ത ശരം എന്നുമാണ് അര്‍ത്ഥം.

നിയോ-റെട്രോ ഡിസൈന്‍ ഭാഷയാണ് പുതിയ ഹസ്‌ക്‌വാര്‍ണ ബൈക്കുകളെ ആകര്‍ഷകമാക്കുന്നത്. കൂടുതല്‍ നിവര്‍ന്ന നില്‍പ്പ്, ഡുവല്‍ സ്‌പോര്‍ട്ട് ടയറുകള്‍, സംപ് ഗാര്‍ഡ് എന്നിവ സ്വാര്‍ട്ട്പിലന്‍ 250 മോട്ടോര്‍സൈക്കിളില്‍ കാണാം. അഗ്രസീവ്, സ്‌പോര്‍ട്ടി കഫേ റേസര്‍ സ്റ്റാന്‍സ് ലഭിക്കുന്നതിന് വിറ്റ്പിലന്‍ 250 മോട്ടോര്‍സൈക്കിളിന്റെ ഹാന്‍ഡില്‍ബാര്‍ അല്‍പ്പം താഴ്ത്തിയിരിക്കുന്നു. രണ്ട് ബൈക്കുകളുടെയും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് റെട്രോ സ്‌റ്റൈല്‍ നല്‍കി. വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 മോഡലുകള്‍ വയര്‍ സ്‌പോക്ക് ചക്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ 250 സിസി ബൈക്കുകളില്‍ അലോയ് വീലുകള്‍ നല്‍കി. സ്‌റ്റൈലിംഗ് സംബന്ധിച്ച് മറ്റ് വ്യത്യാസങ്ങളില്ല.

ട്രെല്ലിസ് ഫ്രെയിമില്‍ നിര്‍മിച്ച രണ്ട് ബൈക്കുകളുടെയും മുന്നില്‍ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍ ചക്രത്തില്‍ ബൈബ്രെ 4 പിസ്റ്റണ്‍ കാലിപര്‍ സഹിതം 320 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 230 എംഎം ഡിസ്‌ക്കും ആണ് ബ്രേക്കിംഗ്. വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് യഥാക്രമം 153 കിലോഗ്രാം, 154 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്.

ഹസ്‌ക്‌വാര്‍ണയുടെ പുതിയ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകള്‍ കെടിഎം 250 ഡ്യൂക്കുമായി മെക്കാനിക്കല്‍ ഘടകങ്ങള്‍ പങ്കുവെയ്ക്കുന്നു. ബിഎസ് 6 പാലിക്കുന്ന അതേ 248.8 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇരു ബൈക്കുകളുടെയും ഹൃദയം. 9,000 ആര്‍പിഎമ്മില്‍ 30 എച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 24 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

Follow Us:
Download App:
  • android
  • ios