Asianet News MalayalamAsianet News Malayalam

ആദ്യമാസം 163 യൂണിറ്റ് വിൽപ്പന നേടി ഹസ്‌ഖ്‌വർണ

ആദ്യമാസം 163 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്

Husqvarna Sales Figures For February 2020 Revealed
Author
Mumbai, First Published Mar 30, 2020, 3:51 PM IST

സ്വീഡിഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹസ്‌ക്‌വാര്‍ണ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മാതാക്കളായ കെടിഎമ്മാണ് ഹസ്‌ക്‌വാര്‍ണയുടെ മാതൃ കമ്പനി.  

സ്വാർട്ട്പിലൻ 250, വിറ്റ്‌പിലൻ 250 എന്നീ ഇരട്ട മോഡലുകളുമായിയാണ് ബ്രാൻഡ് ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളായ ബജാജിന്റെ പങ്കാളിത്തത്തോടെയാണ് കെടിഎമ്മിന്റെ കീഴിലുള്ള സ്വീഡിഷ് ബ്രാൻഡ് ആഭ്യന്തര വിപണിയിലേക്ക് എത്തുന്നത്.

ഹസ്‌ഖ്‌വർണ കഴിഞ്ഞ മാസത്തോടെ ആണ് രണ്ട് മോഡലുകളുടെയും വിതരണം ആരംഭിച്ചത്. ആദ്യമാസം 163 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. രണ്ട് മോഡലുകളുടെയും വിൽപ്പന കെടിഎമ്മിന്റെ ഷോറൂമുകളിലൂടെയാണ് കമ്പനി നടത്തിവരുന്നത്. 1.80 ലക്ഷം രൂപയാണ് ഹസ്ഖി ഇരട്ടകളുടെ എക്സ്ഷോറൂം വില. എന്നാൽ, വരും മാസങ്ങളിൽ ബൈക്കുകളുടെ വിലയിൽ വർധനവ് പ്രതീക്ഷിക്കാമെന്നും അവതരണവേളയിൽ തന്നെ ഹസ്‌ഖ്‌വർണ വ്യക്തമാക്കിയിരുന്നു.

ആദ്യ ഘട്ടത്തിൽ 45 നഗരങ്ങളിലായി കെടിഎമ്മിന്റെ തെരഞ്ഞെടുത്ത 100 ഓളം ഷോറൂമുകളിലൂടെയാണ് രണ്ട് മോഡലുകളുടെയും വിൽപ്പന തുടങ്ങിയിരിക്കുന്നത്. ഗോവയിൽ കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഇന്ത്യ ബൈക്ക് വീക്കിൽ ഇരു മോഡലുകളെയും ഹസ്ഖ്‌വർണ പ്രദർശിപ്പിച്ചിരുന്നു. കെടിഎം 250 ഡ്യൂക്കിൽ നിന്നും കടമെടുത്ത അതേ ബിഎസ്-VI എഞ്ചിനാണ് രണ്ട് ബൈക്കുകളിലും ഇടംപിടിച്ചിരിക്കുന്നത്.

കഫേ റേസര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിളാണ് വിറ്റ്പിലന്‍. സ്‌ക്രാംബ്ലറാണ് സ്വാര്‍ട്ട്പിലന്‍. പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ ലൈഫ്‌സ്റ്റൈല്‍ പെര്‍ഫോമന്‍സ് ബൈക്കുകളായിട്ടാണ് രണ്ട് മോഡലുകളും എത്തുന്നത്.

2019 ഡിസംബറില്‍ നടന്ന ഇന്ത്യാ ബൈക്ക് വീക്കില്‍ ഹസ്‌ക്‌വാര്‍ണ ബ്രാന്‍ഡ് ഇന്ത്യന്‍ അരങ്ങേറ്റം നടത്തിയിരുന്നു. വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 ബൈക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ വിപണിക്കായി പുതിയ 250 സിസി മോഡലുകള്‍ നിര്‍മിച്ചിരിക്കുന്നത്.  സ്വാര്‍ട്ട്പിലന്‍ എന്നാല്‍ സ്വീഡിഷ് ഭാഷയില്‍ കറുത്ത ശരം എന്നും വിറ്റ്പിലന്‍ എന്നാല്‍ വെളുത്ത ശരം എന്നുമാണ് അര്‍ത്ഥം.

നിയോ-റെട്രോ ഡിസൈന്‍ ഭാഷയാണ് പുതിയ ഹസ്‌ക്‌വാര്‍ണ ബൈക്കുകളെ ആകര്‍ഷകമാക്കുന്നത്. കൂടുതല്‍ നിവര്‍ന്ന നില്‍പ്പ്, ഡുവല്‍ സ്‌പോര്‍ട്ട് ടയറുകള്‍, സംപ് ഗാര്‍ഡ് എന്നിവ സ്വാര്‍ട്ട്പിലന്‍ 250 മോട്ടോര്‍സൈക്കിളില്‍ കാണാം. അഗ്രസീവ്, സ്‌പോര്‍ട്ടി കഫേ റേസര്‍ സ്റ്റാന്‍സ് ലഭിക്കുന്നതിന് വിറ്റ്പിലന്‍ 250 മോട്ടോര്‍സൈക്കിളിന്റെ ഹാന്‍ഡില്‍ബാര്‍ അല്‍പ്പം താഴ്ത്തിയിരിക്കുന്നു. രണ്ട് ബൈക്കുകളുടെയും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളിന് റെട്രോ സ്‌റ്റൈല്‍ നല്‍കി. വിറ്റ്പിലന്‍ 401, സ്വാര്‍ട്ട്പിലന്‍ 401 മോഡലുകള്‍ വയര്‍ സ്‌പോക്ക് ചക്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ 250 സിസി ബൈക്കുകളില്‍ അലോയ് വീലുകള്‍ നല്‍കി. സ്‌റ്റൈലിംഗ് സംബന്ധിച്ച് മറ്റ് വ്യത്യാസങ്ങളില്ല.

ട്രെല്ലിസ് ഫ്രെയിമില്‍ നിര്‍മിച്ച രണ്ട് ബൈക്കുകളുടെയും മുന്നില്‍ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്‍ ചക്രത്തില്‍ ബൈബ്രെ 4 പിസ്റ്റണ്‍ കാലിപര്‍ സഹിതം 320 എംഎം ഡിസ്‌ക്കും പിന്‍ ചക്രത്തില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 230 എംഎം ഡിസ്‌ക്കും ആണ് ബ്രേക്കിംഗ്. വിറ്റ്പിലന്‍, സ്വാര്‍ട്ട്പിലന്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് യഥാക്രമം 153 കിലോഗ്രാം, 154 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്.

ഹസ്‌ക്‌വാര്‍ണയുടെ പുതിയ ക്വാര്‍ട്ടര്‍ ലിറ്റര്‍ ബൈക്കുകള്‍ കെടിഎം 250 ഡ്യൂക്കുമായി മെക്കാനിക്കല്‍ ഘടകങ്ങള്‍ പങ്കുവെയ്ക്കുന്നു. ബിഎസ് 6 പാലിക്കുന്ന അതേ 248.8 സിസി, ലിക്വിഡ് കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇരു ബൈക്കുകളുടെയും ഹൃദയം. 9,000 ആര്‍പിഎമ്മില്‍ 30 എച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 24 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

Follow Us:
Download App:
  • android
  • ios