കൊവിഡ് 19 വൈറസ് വ്യാപിക്കുന്നത് തടയാന്‍ അഹോരാത്രം പ്രയത്‍നിക്കുന്ന പൊലീസ് സേനയുടെ സുരക്ഷ ഉറപ്പാക്കി ഹൈദരാബാദ് പോലീസ്. സേനയുടെ വാഹനങ്ങളും മറ്റും അണുവിമുക്തമാക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‍കരിച്ചാണ് ഹൈദരാബാദ് പൊലീസ് ശ്രദ്ധേയമാകുന്നത്. 

ഹൈദരാബാദിലെ മുന്‍നിര ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് ഗ്രൂപ്പായ മഹാവീര്‍ ഗ്രൂപ്പാണ് പൊലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കാനുള്ള സഹായവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഹൈദരാബാദ് പോലീസിന്റെ 15 പട്രോള്‍ വാഹനവും അഞ്ച് ഇരുചക്ര വാഹനങ്ങളും അണുവിമുക്തമാക്കണമെന്നാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. 10 പേരുടെ ടീമിനെയാണ് ഇതിനായി മഹാവീര്‍ ഗ്രൂപ്പ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്കായി മൂന്ന് മൊബൈല്‍ വാനുകളും നാല് ഇരുചക്ര വാഹനങ്ങളും നല്‍കിയിട്ടുണ്ട്. 

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലാണ് പൊലീസുകാരെന്നും പരിമിതമായ സുരക്ഷ സംവിധാനങ്ങളോടെയാണ് ഇവര്‍ ജോലി ചെയ്യുന്നതെന്നും അതുകൊണ്ടാണ് പോലീസ് വാഹനങ്ങളും പട്രോളിങ്ങ് വാഹനങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിയുമായി മഹാവീര്‍ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. 

പലപ്പോഴും സ്വന്തം സുരക്ഷ നോക്കാതെ പോലീസിന് ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് പൊലീസ് വാഹനങ്ങള്‍ അണുവിമുക്തമാക്കാന്‍ മഹാവീര്‍ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചതില്‍ സന്തോഷമുണ്ടെന്നും ഹൈദരബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു. തെലുങ്കാനയില്‍ മുഴുവന്‍ ഈ പദ്ധതി നടപ്പാക്കാനും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.