Asianet News MalayalamAsianet News Malayalam

വരുന്നൂ റാംഗ്ലർ റൂബിക്കോണ്‍

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ റാംഗ്ലർ റൂബിക്കോണ്‍ ഇന്ത്യയിലേക്ക്. മാര്‍ച്ച് മാസം വാഹനം വിപണിയിലെത്തും. 

Jeep Wrangler Rubicon to be launched in March
Author
Mumbai, First Published Feb 28, 2020, 8:28 PM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ റാംഗ്ലർ റൂബിക്കോണ്‍ ഇന്ത്യയിലേക്ക്. മാര്‍ച്ച് മാസം വാഹനം വിപണിയിലെത്തും. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നീ മോഡലുകളുമായി ഏറ്റുമുട്ടാനാണ് റാംഗ്ലര്‍ റൂബിക്കോണ്‍ എത്തുന്നത്. 

നിലവില്‍ വിപണിയിലുള്ള ഓഫ്‌റോഡിങ് വാഹനമായ റാംഗ്ലർ എസ്‌യുവിയുടെ കൂടുതല്‍ പരുക്കന്‍ രൂപമാണ് റാംഗ്ലർ റൂബിക്കോണ്‍. ഒറ്റനോട്ടത്തിൽ റാംഗ്ലറിന് സമാനമാണ് റൂബിക്കോണും. എന്നാല്‍ ബോണറ്റിന് ഇരുവശത്തുമായി 'RUBICON' സ്റ്റിക്കർ, ചുവപ്പു നിറത്തിൽ ട്ടോ-ഹുക്ക്, ഉയരക് കൂടിയ സൈഡ് ഫെൻഡർ, എയർ വെന്റുകളുള്ള ബോണറ്റ് എന്നിവ എക്‌സ്റ്റീരിയറിൽ റൂബിക്കോണിനെ റാംഗ്ലർ അൺലിമിറ്റഡില്‍ നിന്നം വേറിട്ടതാക്കുന്നു. റാംഗ്ലർ അൺലിമിറ്റഡിലെ റോഡ് യാത്രകൾക്ക് അനുയോജ്യമായ ടയറുകൾക്കു പകരം, റൂബിക്കോണിൽ ഓഫ്‌റോഡ് യാത്രകൾക്ക് പറ്റിയ ഓൾ-ടെറയിൻ ടയറുകളാണ്.

വിദേശ നിരത്തുകളിലുള്ള റൂബിക്കോണിന്റെ ഡിസൈനില്‍ തന്നെയായിരിക്കും ഇന്ത്യയിലും എത്തുക. ഉയര്‍ന്ന ബോണറ്റ്, സെവന്‍ സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാംമ്പ്, പിന്നിലെ സ്പെയര്‍ വീല്‍ എന്നിവയാണ് ഡിസൈന്‍ ഹൈലൈറ്റ്. 
അതേസമയം, ബ്ലാക്ക് അലോയി വീലുകള്‍, ഓഫ് റോഡ് ടയറുകള്‍, ബോണറ്റിന്റെ വശങ്ങളിലെ ഡീക്കല്‍ എന്നിവ ഇന്ത്യയിലെത്തുന്ന റൂബിക്കോണിലെ ഡിസൈന്‍ മാറ്റങ്ങളായിരിക്കും.

ചുവപ്പു ഇൻസേർട്ടുകളുള്ള ഇൻസ്റ്റീരിയർ അപ്‌ഹോസ്റ്ററി, ടോഗിൾ സ്വിച്ചുകൾ എന്നിവ മാത്രമാണ് ഇന്റീരിയറിൽ റൂബിക്കോണിനെ റാംഗ്ലർ അൺലിമിറ്റഡുമായി വേർതിരിക്കുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ജീപ്പിന്റെ UConnect കണക്റ്റിവിറ്റി സ്യൂട്ട്, 7-ഇഞ്ച് മൾട്ടി-ഇൻഫർമേഷൻ ഡിസ്‍പ്ലേ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഓൾ-സ്പീഡ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഫ്രണ്ട് & സൈഡ് എയർബാഗുകൾ എന്നിവയാണ് റൂബിക്കോണിലെ മറ്റുള്ള ഫീച്ചറുകൾ.

ജീപ്പ് എസ്‌യുവികളുടെ സ്ഥിരം ഓഫ്‌റോഡിങ് ഫീച്ചറുകൾക്കൊപ്പം റൂബിക്കോണിന് ട്രൂ-ലോക്ക് ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറെൻഷ്യലുകളും ഇലക്ട്രോണിക് ഫ്രന്റ് സ്വേ-ബാർ ഡിസ്കണക്റ്റ് സംവിധാനവുമുണ്ട്. ഓഫ്‌റോഡിങ് സമയത് കൂടുതൽ ട്രാക്ഷൻ ഈ സംവിധാനം തരും. ഇത് കൂടാതെ റോക്ക്-ട്രാക് ട്രാൻസ്ഫർ കേസ്, റണ്ണിങ് ബോർഡിൽ സ്റ്റീൽ റെയിലുകൾ (ബോഡിയുടെ സംരക്ഷണത്തിന്) എന്നിവയാണ് റൂബിക്കോണിന് മാത്രമായുള്ള ഓഫ്‌റോഡിങ് ഘടകങ്ങൾ.

വിദേശ നിരത്തുകളില്‍ റാങ്ക്‌ളര്‍ റൂബിക്കോണിന് രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 3.6 ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനുമാണ് ഇത്. എന്നാല്‍, ഇന്ത്യയില്‍ എത്തുന്ന വാഹനത്തില്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനും ഉള്‍പ്പെടുത്തിയേക്കും. ഇത് 200 പിഎസ് പവറും 488 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. കോമ്പസ് ട്രെയിൽഹാക്ക് മോഡലിലൂടെ കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച 170 ബിഎച്ച്പി, 2.0-ലിറ്റർ ടർബോചാർജ്ഡ് എൻജിൻ ആയിരിക്കും ഡീസൽ എൻജിൻ. അതെ സമയം 264 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്നതാവും 2.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിൻ. രണ്ട് എൻജിൻ ഓപ്ഷനുകളും ഓട്ടോമാറ്റിക് ഗിയർബോക്‌സോടൊപ്പം മാത്രമാണ് ലഭിക്കുക.

ജീപ്പിന്റെ മാതൃകമ്പനിയായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഇന്ത്യ (എഫ്‌സിഎ)യുടെ പൂണെയിലെ പ്ലാന്റില്‍ ആയിരിക്കും ഈ വാഹനവും നിര്‍മിക്കുക. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്ന കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) രീതി അവലംബിച്ചാവും ജീപ്പ് റാംഗ്ലർ റൂബിക്കോണ്‍ ഇന്ത്യയിലെത്തുക. അതുകൊണ്ടു തന്നെ വിലയും കൂടും. ഏകദേശം 72 ലക്ഷം ആയിരിക്കും റാംഗ്ലർ റൂബിക്കോണിന്‍റെ എക്‌സ്-ഷോറൂം വില.

റൂബിക്കോണിനായി ഇപ്പോൾ തന്നെ ധാരാളം ബുക്കിംഗുകൾ ലഭിച്ചിട്ടുണ്ടെന്നും അടുത്ത കുറച്ച് മാസങ്ങളിൽ ഡെലിവർ ചെയ്യാൻ തയ്യാറാക്കിയ റാംഗ്ലർ റൂബിക്കോണ്‍ യൂണിറ്റുകൾ ഇതിനകം വിറ്റുപോയെന്നും എഫ്‌സി‌എ ഇന്ത്യ പ്രസിഡന്റ്, മാനേജിംഗ് ഡയറക്ടർ പാർത്ഥ ദത്ത അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.റൂബിക്കോണിന് ഇന്ത്യയിൽ നല്ലൊരു വിപണി കാണുന്നതിനാൽ മാർച്ച് അവസാനത്തോടെ ഈ ഐതിഹാസിക എസ്‌യുവിയെ ഇന്ത്യയിലേക്ക് കൊണ്ടുവരും എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വാഹനത്തിന് പുറമെ, ബ്രെസ, ഇക്കോ സ്‌പോട്ട് എന്നീ മോഡലുകളുമായി മത്സരിക്കാന്‍ 2021-ഓടെ പുതിയ രണ്ട് മോഡലുകള്‍ കൂടി ഇന്ത്യയിലെത്തിക്കുമെന്നും ജീപ്പ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.  ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്. 

Follow Us:
Download App:
  • android
  • ios