Asianet News MalayalamAsianet News Malayalam

ഊതിക്കുന്നത് മദ്യപിച്ചതിനു തെളിവല്ലെന്ന് ഹൈക്കോടതി!

ഊതിച്ചുനോക്കി മാത്രം കേസെടുത്താല്‍ മദ്യപിച്ച കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

Kerala High Court New Order About Alcometer Test
Author
Kochi, First Published Jul 24, 2019, 12:19 PM IST

കൊച്ചി: ഊതിച്ചുനോക്കി മാത്രം കേസെടുത്താല്‍ മദ്യപിച്ച കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി കൊല്ലം തലവൂര്‍ സ്വദേശികളായ മൂന്നുപേരുടെപേരില്‍ കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്‍ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

2018ലെ സമാനമായ കേസിലെ വിധി ഹൈക്കോടതി വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ശാസ്ത്രീയമായി രക്തപരിശോധന നടത്തി നിശ്ചിത അളവില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ ഉണ്ടെങ്കില്‍ മാത്രമേ കേസെടുക്കാന്‍ പാടുള്ളൂ എന്നായിരുന്നു അന്ന് വൈക്കം സ്വദേശിയുടെ കേസില്‍ കോടതി വിധിച്ചത്.

ചില മരുന്നുകള്‍ക്ക് ആല്‍ക്കഹോളിന്റെ ഗന്ധമുണ്ടെന്നും ആല്‍ക്കോമീറ്റര്‍ പരിശോധനയിലും ഇതു വ്യക്തമാകില്ലെന്നുമാണ് 2018ല്‍ ഈ വിധിയില്‍ കോടതി വ്യക്തമാക്കിയത്. അതുകൊണ്ടു തന്നെ ആല്‍ക്കോമീറ്റര്‍ പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലും കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്നും  രക്തപരിശോധന ഉള്‍പ്പെടെ ശാസ്ത്രീയമായ രീതികള്‍ ഉപയോഗിച്ച് പരിശോധന ഉറപ്പിച്ചാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളൂ എന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 

വ്യക്തിവിരോധത്തിന്‍റെ അടിസ്ഥാനത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്തെന്നായിരുന്നു കഴിഞ്ഞദിവസം ഹൈക്കോടതിയിലെത്തിയ തലവൂര്‍ സ്വദേശികളായ പരാതിക്കാരുടെ വാദം. പുനലൂര്‍ ഡിവൈഎസ്‍പിയും കേസിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി ഹൈക്കോടതിയിലെത്തിയത്. 

വാഹന പരിശോധനയിലുള്‍പ്പെടെ പൊലീസിന് വന്‍ തിരിച്ചടയിാണ് ഈ കോടതി വിധി. മദ്യപിച്ചെന്ന് സംശയമുള്ളവരെ ഊതിച്ച്‌ പരിശോധിച്ച ശേഷം പെറ്റിക്കേസെടുക്കുകയാണ് പതിവ്. അഥവാ ആശുപത്രിയിലെത്തിച്ചാലും രക്തപരിശോധന നടത്താതെ തന്നെ മദ്യപിച്ചിരുന്നെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം വാങ്ങാറുണ്ടെന്നും പരാതികളുണ്ട്. 

Follow Us:
Download App:
  • android
  • ios