Asianet News MalayalamAsianet News Malayalam

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ കാര്‍ ബ്രേക്ക് ഡൗണാകും!

ലോക്ക് ഡൗണ്‍ കാലത്ത് വാഹനങ്ങളെ പരിചരിക്കാന്‍ മറന്നാല്‍ ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ വാഹനം ബ്രേക്ക് ഡൗണ്‍ ആയേക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

Lock Down Tips For Vehicles
Author
Trivandrum, First Published Apr 1, 2020, 11:54 AM IST

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിങ്ങളുടെ വാഹനത്തിന് വിശ്രമകാലമാണ്. അത് ഇനിയും കുറച്ചധികം നീണ്ടേക്കാം. ഉപയോഗിക്കുന്നില്ലെന്ന് കരുതി മുറ്റത്തു കയറ്റിയിട്ടിരിക്കുന്ന വാഹനങ്ങളെ നിങ്ങള്‍ തീരെ അവഗണിച്ചേക്കരുത്. കാരണം ബാറ്ററി ഉള്‍പ്പെടെ വാഹനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ക്ക് പരിചരണം വേണ്ട കാലമാണിത്. ലോക്ക് ഡൗണ്‍ കാലത്ത് വാഹനങ്ങളെ പരിചരിക്കാന്‍ മറന്നാല്‍ ലോക്ക് ഡൗണ്‍ കഴിയുമ്പോള്‍ വാഹനം ബ്രേക്ക് ഡൗണ്‍ ആയേക്കും. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

പാർക്കിംഗ് ബ്രേക്ക്‌ ഇടുന്നത് ഒഴിവാക്കുക
പാർ‌ക്ക് ചെയ്‌തിരിക്കുന്ന കാറില്‍ ഹാന്‍ഡ് ബ്രേക്ക് ഇടാതിരിക്കുക. വാഹനം‌ പരമാവധി ഗിയറിൽ‌ തന്നെ സൂക്ഷിക്കുക. കാരണം വളരെയധികം ദിവസങ്ങള്‍ വാഹനം ഉപയോഗിക്കാതിരിക്കുമ്പോൾ ഹാൻഡ് ബ്രേക്ക് പുറകിലെ വീലുകൾ  ജാം ആക്കുവാൻ സാധ്യതയുണ്ട്.

വൃത്തിയായി സൂക്ഷിക്കുക
വെറുതെ ഇട്ടിരിക്കുകയാണെന്നു കരുതി വാഹനത്തെ വൃത്തിയാക്കാതിരിക്കരുത്. അകം മാത്രമല്ല വാഹനത്തിന്‍റെ പുറവും ശുചിയാക്കിത്തന്നെ സൂക്ഷിക്കുക. വാഹനം എപ്പോഴും തണലത്ത് പാർക്ക് ചെയ്യുവാൻ ശ്രദ്ധിക്കുക.

ഇടക്കിടെ സ്റ്റാര്‍ട്ട് ചെയ്യുക
നാലഞ്ച് ദിവസത്തിലൊരിക്കല്‍ വാഹനം വെറുതെ സ്റ്റാര്‍ട്ട് ചെയ്യുന്നത് നന്നായിരിക്കും. 10 മുതൽ 15 മിനിറ്റ് വരെ സ്റ്റാർട്ട് ചെയ്തു ഇടുക അല്ലെങ്കിൽ ഒന്നോ രണ്ടോ മീറ്റർ വാഹനം മുന്നോട്ടും പുറകോട്ടും ഓടിക്കുക.  വാഹനം ഒരു സ്ഥലത്തുതന്നെ കിടക്കുമ്പോൾ ടയറുകളിൽ ഉണ്ടാകുന്ന ക്രാക്ക് മാർക്കുകൾ ഇല്ലാതിരിക്കാൻ ഇത് സഹായിക്കുന്നതാണ്. ത്ആൾട്ടർനേറ്ററിന്റെയും ബാറ്ററിയുടേയും പ്രവർത്തനത്തിന് ഇത് സഹായിക്കും. മാത്രമല്ല സ്റ്റാർട്ട് ചെയ്തതിന് ശേഷം വാഹനത്തിന്റെ എസി,ഹോൺ, ലൈറ്റ്, വൈപ്പർ തുടങ്ങിയ ഭാഗങ്ങളെല്ലാം വർക്ക് ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കുക.

വൈപ്പർ ആം  ഉയർത്തി വയ്ക്കുക
വെറുതെ നിര്‍ത്തിയിടുന്ന കാലത്ത് വാഹനത്തിന്റെ വൈപ്പർ ആം രണ്ടും വിൻഡ്ഷീൽഡിൽ നിന്നും ഉയർത്തി വയ്‍ക്കുന്നത് നന്നായിരിക്കും. വൈപ്പർ ബ്ലേഡിന്‌ കേടുപാടുകൾ സംഭവിക്കാതിരിക്കാനും ഗ്ലാസ്സുമായി റബ്ബർ പറ്റിപിടിക്കാതിരിക്കാനും  ഇത് സഹായിക്കും.

ബാറ്ററി
ഇക്കാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട വാഹന ഭാഗമാണ് ബാറ്ററികള്‍. ഇഗ്‌നീഷ്യന്‍ സംവിധാനം,  ലൈറ്റ്, ഹോണ്‍, സ്റ്റാര്‍ട്ടര്‍ മോട്ടോര്‍ തുടങ്ങി എല്ലാത്തിലേയ്ക്കും വൈദ്യുതി എത്തിക്കുന്നത് ഈ ബാറ്ററികളാണ്. ഇവ പണി മുടക്കിയാല്‍ എട്ടിന്‍റെ പണിയാവും പിന്നീട് കിട്ടുക. അതുകൊണ്ട് ബാറ്ററിക്ക് കൃത്യമായ പരിചരണം അനിവാര്യമാണ്.  ലോക്ക് ഡൗണ്‍ കാലത്ത് കാര്‍ ബാറ്ററിയുടെ ആരോഗ്യത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അഴിച്ചുവയ്ക്കുക
കൂടുതല്‍ ദിവസം നിര്‍ത്തിയിടുന്നതിനാല്‍ ബാറ്ററി അഴിച്ചുവയ്ക്കുന്നതാണ് ഉചിതം.  ഒരു മാസത്തിൽ അധികം സമയം വാഹനം നിർത്തി ഇടുകയാണ് എന്നുണ്ടെങ്കിൽ വാഹനത്തിന്റെ ബാറ്ററിയുടെ നെഗറ്റീവ് ടെർമിനൽ ഡിസ്‍കണക്ട് ചെയ്‍തിടുന്നതും നന്നായിരിക്കും.

ആസിഡിന്റെ അളവ്
ഇലക്ട്രോലെറ്റിലെ ആസിഡിന്റെ അളവ് ഇടയ്ക്ക് പരിശോധിക്കുക. ബാറ്ററികളിലെ വോള്‍ട്ടേജ് നിലനിര്‍ത്തുന്ന പ്രധാന ഘടമാണ് ആസിഡ്. മാസത്തില്‍ ഒരിക്കലെങ്കിലും ബാറ്ററിയിലെ ഇലക്ട്രോലൈറ്റ് ലെവല്‍ പരിശോധിച്ച് അളവ് ഉറപ്പുവരുത്തണം. പുതിയ ബാറ്ററിയല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോഴുള്ള പരിശോധനയും നല്ലതാണ്.

അടപ്പുകള്‍ മുറുക്കുക
ബാറ്ററിയുടെ അടപ്പുകള്‍ നന്നായി മുറിക്ക വയ്ക്കുക. ഇത്വ ഇടക്കിടെ പരിശോധിക്കുക.

വൃത്തിക്ക് പെട്രോളിയം ജെല്ലി
ബാറ്ററി ടെര്‍മിനലുകള്‍ എപ്പോഴും വൃത്തിയാക്കി പെട്രോളിയം ജെല്ലി പുരട്ടുന്നത് തുരുമ്പിനെ തടയും. ബാറ്ററി മേല്‍ഭാഗം വൃത്തിയാക്കി സൂക്ഷിക്കണം. വെള്ളമുപയോഗിച്ച് വൃത്തിയാക്കാം. കേബിള്‍ കണക്ഷനുകളും വൃത്തിയുള്ളതായിരിക്കണം. വൃത്തിയില്ലാത്ത കോബിളുകള്‍ വൈദ്യുതി പ്രവാഹം തടസപ്പെടുത്തും. ഇത് സ്റ്റാര്‍ട്ടിങ് ട്രബിളിനു കാരണാമാകും.

അറ്റകുറ്റപ്പണികള്‍
ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികള്‍ ഈ 21 ദിവസത്തിനിടെയാണ് വരുന്നതെങ്കില്‍ തൽക്കാലം ഒഴിവാക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്തി മിക്ക നിർമ്മാതാക്കൾക്കും വാറന്റികളും സേവന കാലയളവുകളും നീട്ടിയിട്ടുണ്ടെന്നതും ആശ്വാസകരമാണ്.

 

Follow Us:
Download App:
  • android
  • ios