ബിഎസ് 6 പാലിക്കുന്ന മഹീന്ദ്ര എക്‌സ് യുവി 300 ഡീസല്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു. സബ്‌കോംപാക്റ്റ് എസ് യുവിയുടെ വിലയില്‍ മാറ്റമില്ല എന്നതാണ് ഏറെ ശ്രദ്ധേയം. ബിഎസ് 4 ഡീസല്‍ വേരിയന്റുകളുടെ അതേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. 8.69 ലക്ഷം മുതല്‍ 12.69 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

ബിഎസ് 6 ഡീസല്‍ നിരയില്‍നിന്ന് ഡബ്ല്യു8 എഎംടി വേരിയന്റ് ഒഴിവാക്കിയെന്നതാണ് ഇപ്പോഴത്തെ വലിയ മാറ്റം. ഡബ്ല്യു6, ഫുള്ളി ലോഡഡ് ഡബ്ല്യു8 (ഒ) എന്നീ വേരിയന്റുകളില്‍ മാത്രമായിരിക്കും ഇനി എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കുന്നത്.

ബിഎസ് 6 പാലിക്കുന്ന ഡീസല്‍ എന്‍ജിന്‍ 115 എച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. കരുത്ത് അല്‍പ്പം കുറഞ്ഞു. ബിഎസ് 4 എന്‍ജിന്‍ 117 കുതിരശക്തി പുറപ്പെടുവിച്ചിരുന്നു.അതേസമയം ടോര്‍ക്ക് ഔട്ട്പുട്ടില്‍ മാറ്റമില്ല. 300 ന്യൂട്ടണ്‍ മീറ്റര്‍ തന്നെ. 6 സ്പീഡ് മാന്വല്‍, എഎംടി എന്നീ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ തുടര്‍ന്നും ലഭിക്കും.

ബിഎസ് 6 പാലിക്കുന്ന മഹീന്ദ്ര എക്‌സ് യുവി 300 പെട്രോള്‍ വേരിയന്റുകള്‍ ഡിസംബറില്‍ പുറത്തിറക്കിയിരുന്നു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച വാഹനം കൂടെയാണ് എക്സ് യു വി 300. നിലവിലുള്ള സുരക്ഷ സന്നാഹങ്ങളും ഫീച്ചേഴ്സും അതേപടി ഈ മോഡലിലും കമ്പനി  നിലനിർത്തിയിട്ടുണ്ട്. 

അടുത്തിടെ നടന്ന  ഇടിപരീക്ഷയില്‍ 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചിരുന്നു. യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.