സഞ്ചാരികളുടെ ഇടയിലെ ഹീറോയാണ് മല്ലൂ ട്രാവലര്‍ എന്ന പേരില്‍ പ്രശസ്‍തനായ വ്ലോഗര്‍ ഷാക്കിർ സുബ്ഹാൻ. കേരളത്തിൽ നിന്ന് ലോകം ചുറ്റാനിറങ്ങിയ മല്ലൂ ട്രാവലര്‍ കൊറോണ വൈറസ് ബാധയെത്തുടർന്ന് അസർബൈജാനിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചു വന്നാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. 

അസർബൈജാനിൽ നിന്ന് കണ്ണൂരെത്തി ആദ്യം ഐസൊലേഷനില്‍ പ്രവേശിച്ച പോയ മല്ലൂട്രാവറിന്റെ ഐസൊലേഷൻ വാർഡ് വീഡിയോകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ആരോഗ്യവകുപ്പുമായി പൂർണ്ണമായും സഹകരിച്ച ഷാക്കിർ സുബ്ഹാന് ആരോഗ്യ മന്ത്രി ഷൈലജ ടീച്ചർ നന്ദിയും രേഖപ്പെടുത്തിയിരുന്നു. കൊവിഡ് 19 ബാധയില്ലെന്ന് ഉറപ്പിച്ച ഇദ്ദേഹത്തെ തേടി ഇപ്പോഴിതാ ഒരു സമ്മാനം എത്തിയിരിക്കുന്നു. 

ഏകദേശം മൂന്നു ലക്ഷം രൂപയോളം വില വരുന്ന ഒരു കിടിലന്‍ ബൈക്കാണ് ആ സമ്മാനം. ടിവിസ് കമ്പനിയാണ് തങ്ങളുടെ ശ്രേണിയിലെ ഏറ്റവും വിലയേറിയ ബൈക്കുകളിലൊന്നായ അപ്പാഷെ ആർആർ 310 ആർ ബൈക്കിനെ മല്ലൂട്രാവലറിന് സമ്മാനിച്ചത്. 312 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ബൈക്കിൽ. 9,000 ആർ പി എമ്മിൽ 34 ബി എച്ച് പി വരെ കരുത്തും 7,700 ആർ പി എമ്മിൽ 27.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.  പുതിയ ബൈക്ക് ലഭിച്ച വിവരം ഷാക്കിർ തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്. 

ടിവിഎസിന്‍റെ തന്നെ ആർടിആർ 200 4വിയിലായിരുന്നു ഷാക്കിര്‍ തന്‍റെ ലോക യാത്ര തുടങ്ങിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് യാത്ര താൽക്കാലികമായി അവസാനിപ്പിച്ചപ്പോള്‍ ഈ ബൈക്ക് അസർബൈജാനിലെ സുഹൃത്തുക്കളുടെ വീട്ടിൽ സൂക്ഷിച്ചിട്ടായിരുന്നു ഷാക്കിറിന്റെ മടക്കം.