Asianet News MalayalamAsianet News Malayalam

പുത്തന്‍ ഇഗ്നിസിന്‍റെ വില്‍പ്പന തുടങ്ങി, വിലവിവരങ്ങള്‍ പുറത്ത്

4.89 ലക്ഷം മുതല്‍ 7.20 ലക്ഷം രൂപ വരെയാണ് പുതിയ വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ ഓരോ വേരിയന്റിനും 6,000 രൂപ വീതം വര്‍ധിച്ചു. 

Maruti Suzuki Ignis 2020 launched
Author
Mumbai, First Published Feb 19, 2020, 5:59 PM IST

ഇക്കഴിഞ്ഞ ദില്ലി ഓട്ടോ എക്സ്പോയിലാണ് പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിന്‍റെ 2020 ഫേസ് ലിഫ്റ്റ് പതിപ്പിനെ മാരുതി സുസുക്കി അവതരിപ്പിച്ചത്.  ഇപ്പോഴിതാ പരിഷ്‌കരിച്ച ഇഗ്നിസിനെ ഇന്ത്യന്‍ വിപണിയിലും അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. 4.89 ലക്ഷം മുതല്‍ 7.20 ലക്ഷം രൂപ വരെയാണ് പുതിയ വാഹനത്തിന്‍റെ ദില്ലി എക്‌സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ ഓരോ വേരിയന്റിനും 6,000 രൂപ വീതം വര്‍ധിച്ചു. ആകെ ഏഴ് വേരിയന്റുകളില്‍ 2020 മാരുതി സുസുകി ഇഗ്നിസ് ലഭിക്കും.

ലൂസന്റ് ഓറഞ്ച്, ടര്‍ക്കോയ്‌സ് ബ്ലൂ എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളിലും മാരുതി സുസുകി ഇഗ്നിസ് ഇപ്പോള്‍ ലഭിക്കും. കൂടാതെ, പുതുതായി ബ്ലാക്ക് സഹിതം നെക്‌സ ബ്ലൂ, സില്‍വര്‍ സഹിതം നെക്‌സ ബ്ലൂ, ബ്ലാക്ക് സഹിതം ലൂസന്റ് ഓറഞ്ച് എന്നീ മൂന്ന് ഇരട്ട നിറ ഓപ്ഷനുകള്‍ ലഭ്യമാണ്. സീറ്റ, ആല്‍ഫ വേരിയന്റുകളില്‍ മാത്രമായിരിക്കും ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നത്. 13,000 രൂപ അധികം നല്‍കേണ്ടിവരും. ഭംഗി വര്‍ധിപ്പിക്കുന്നതിനായി അക്രോപൊളിസ്, സ്‌കോര്‍ച്ചര്‍ എന്നീ രണ്ട് കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

പുതിയ തരത്തിലുള്ള ബമ്പറുകൾ, സ്‍കഫ് പ്ലേറ്റുകൾ, ജിംനി എസ്‌യുവിയുടെ ഡിസൈനിലുള്ളതു പോലുള്ള മുൻവശത്തെ ഗ്രിൽ എന്നിവ രൂപത്തിലെ വ്യത്യാസങ്ങളാണ്. ഓറഞ്ച്, ബ്ലൂ എന്നിങ്ങനെ പുതിയ കളർ ഓപ്ഷനുകൾ, കൂടുതൽ ഡ്യുവൽ ടോൺ കളർ കോമ്പിനേഷനുകൾ എന്നിവ പുതിയ ഇഗ്നിസിനുണ്ടാകും. 

കൂടുതല്‍ മസ്‌കുലര്‍ ഭാവം കൈവരിച്ചതാണ് ഇഗ്നീസിന് രണ്ടാം വരവില്‍ മാറ്റമൊരുക്കുന്നത്. പുതിയ ഡിസൈനിലുള്ള ഗ്രില്ല് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഗ്രില്ലിനൊപ്പം മുന്നിലേയും പിന്നിലേയും ബമ്പറുകളില്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോഗ് ലാമ്പുകളുടെ സ്ഥാനം മാറിയതും ഇഗ്‌നീസിലെ സ്‌റ്റൈലിഷാക്കുന്നു. ഹെഡ്‍ലൈറ്റില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 

പിന്‍വശത്തെ പ്രധാനമാറ്റം ബമ്പറിലാണ്. സ്‌കിഡ് പ്ലേറ്റിന് പുറമെ, ബമ്പറിന്റെ രണ്ട് വശങ്ങളിലും റിഫ്ളക്ടറുകള്‍ നല്‍കിയിട്ടുണ്ട്. വീല്‍ ആര്‍ച്ച്, ബ്ലാക്ക് ഫിനീഷ് സൈഡ് മിറര്‍, ബ്ലാക്ക് ബി-പില്ലറുകള്‍, റൂഫ് റെയില്‍ എന്നിവ മുന്‍ മോഡലില്‍ നിന്ന് പുതിയ വാഹനത്തിലേക്ക് പറിച്ചുനട്ടിട്ടുണ്ട്.

അകത്തളങ്ങൾക്ക് കാര്യമായ വ്യത്യാസങ്ങളില്ല. ഇന്റീരിയറിന്റെ ഡിസൈന്‍ മുന്‍ മോഡലിന് സമമാണ്. പക്ഷേ പഴയ ഇഗ്നിസിലെ 7 ഇഞ്ച് ടച്ച് സ്ക്രീൻ മാരുതിയുടെ ഏറ്റവും പുതിയ സ്മാർട്ട് പ്ലേ സ്റ്റുഡിയോ ഇൻഫോട്ടെയിൻമെന്റ് സിസ്റ്റത്തിനു വഴിമാറി. പ്രീമിയം കാറുകളിലേതു പോലെ  വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് ഈ സിസ്റ്റത്തിനെ നിയന്ത്രിക്കാൻ സാധിക്കും.  സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി സംവിധാനങ്ങളും എംഐഡി യൂണിറ്റും ഈ സിസ്റ്റത്തില്‍ ഒരുക്കിയിട്ടുണ്ട്.

ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ വിവിടി പെട്രോള്‍ എന്‍ജിനാണ് പുതിയ ഇഗ്നീസിന്‍റെ ഹൃദയം. 82 ബിഎച്ച്പി പവറും 113 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി എന്നീ ട്രാന്‍സ്മിഷനുകളില്‍ ഇഗ്നീസ് എത്തുന്നുണ്ട്. ലൂസെന്റ് ഓറഞ്ച്, ടര്‍കോയിസ് എന്നീ രണ്ട് ഷെയ്ഡുകള്‍ ഉള്‍പ്പെടെ ആറ് നിറങ്ങളിലാണ് ഇഗ്നീസ് നിരത്തിലെത്തുന്നത്. വാഹനത്തിന്‍റെ ഇന്ധനക്ഷമത എത്രയെന്ന് തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല.  ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര കെയുവി 100, ഫോഡ് ഫ്രീസ്റ്റൈല്‍, ഐ20 ആക്ടീവ്, ഹോണ്ട ഡബ്ല്യുആര്‍-വി തുടങ്ങിയവരാണ് പുത്തന്‍ ഇഗ്നിസിന്‍റെ എതിരാളികള്‍. 

വേരിയന്റ് വില

  • സിഗ്മ 4.89 ലക്ഷം
  • ഡെല്‍റ്റ 5.67 ലക്ഷം
  • സീറ്റ 5.89 ലക്ഷം
  • ആല്‍ഫ 6.73 ലക്ഷം
  • ഡെല്‍റ്റ എഎംടി 6.14 ലക്ഷം
  • സീറ്റ എഎംടി 6.36 ലക്ഷം
  • ആല്‍ഫ എഎംടി 7.20 ലക്ഷം

മാരുതി സുസുക്കിയുടെ സ്റ്റൈലിഷ് മോഡലായിരുന്ന റിറ്റ്സിനു പകരക്കാരനായി 2017-ലാണ് പ്രീമിയം ഹാച്ച്ബാക്കായ ഇഗ്നീസിനെ മാരുതി അവതരിപ്പിച്ചത്. 2019 മോഡല്‍ വാഹനത്തെ കഴിഞ്ഞ ഫെബ്രുവരിലും അവതരിപ്പിച്ചു. ഈ മോഡലായിരുന്നു നിലവില്‍ വിപണിയിലുള്ളത്. 
 

Follow Us:
Download App:
  • android
  • ios