Asianet News MalayalamAsianet News Malayalam

ഇന്ത്യയ്‍ക്ക് വേണ്ടി വെന്‍റിലേറ്റർ ഉണ്ടാക്കാൻ ചൈനീസ് വണ്ടിക്കമ്പനിയും

അതിവേഗം നിർമിക്കാവുന്ന വെന്റിലേറ്ററിന്റെ രൂപകൽപ്പന തയാറാക്കാൻ പിന്തുണക്കുന്നവർക്കായി 10 ലക്ഷം രൂപ സഹായധനം വാഗ്‍ദാനം ചെയ്‍ത് ഹെക്ടർ എസ്‍യുവിയുടെ നിർമാതാക്കളായ എംജി മോട്ടോർ ഇന്ത്യ

MG Motor announces Affordable Ventilator Challenge
Author
Mumbai, First Published Apr 5, 2020, 9:28 AM IST

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് വാഹന ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തി, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ് ലോകത്തെ വിവിധ വാഹന നിര്‍മാതാക്കള്‍. 

ഇപ്പോഴിതാ വെന്റിലേറ്റർ നിർമാണ മേഖലയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യയും. എം ജി ഡവലപ്പർ പ്രോഗ്രാം ആൻഡ് ഗ്രാന്റ് എന്നു പേരിട്ട  പദ്ധതിപ്രകാരം അതിവേഗം നിർമിക്കാവുന്ന വെന്റിലേറ്ററിന്റെ രൂപകൽപ്പന തയാറാക്കാൻ പിന്തുണക്കുന്നവർക്കായി 10 ലക്ഷം രൂപ സഹായധനം വാഗ്‍ദാനം ചെയ്‍ത് ഹെക്ടർ എസ്‍യുവിയുടെ നിർമാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെ വാഗ്‍ദാനം. 

ലഭിക്കുന്ന വെന്റിലേറ്റർ രൂപകൽപ്പനകൾ വിലയിരുത്താനും വിധിയെഴുതാനുമായി വൈദ്യശാസ്ത്ര മേഖലയിൽ നിന്നുള്ള വിദഗ്ധരെയും എം ജി മോട്ടോർ ഇന്ത്യ നിയോഗിച്ചിട്ടുണ്ട്. ഇപ്രകാരം തിരഞ്ഞെടുക്കുന്ന ആശയത്തിനാവും 10 ലക്ഷം രൂപ സഹായധനം അനുവദിക്കുക. എം ജി ഡവലപ്പർ പ്രോഗ്രാം ആൻഡ് ഗ്രാന്റ് പദ്ധതിക്കുള്ള അപേക്ഷകൾ കമ്പനി വെബ്സൈറ്റ് വഴി സമർപ്പിക്കാം. നിലവിലെ അടിയന്തിര സാഹചര്യം മുൻനിർത്തി ഈ 15 വരെയാണ് എം ജി ഡവലപ്പർ പ്രോഗ്രാം ആൻഡ് ഗ്രാന്റ് പദ്ധതിക്കുള്ള എൻട്രികൾ സ്വീകരിക്കുകയെന്നും കമ്പനി അറിയിച്ചു. 

തിരഞ്ഞെടുക്കപ്പെടുന്ന രൂപകൽപ്പനയുള്ള വെന്റിലേറ്ററിന്റെ മാതൃക ഗുജറാത്തിലെ ഹാലോളിലുള്ള ശാലയിൽ നിർമിക്കാനാണ് എം ജി മോട്ടോർ ഒരുങ്ങുന്നത്. തുടർന്ന് ഇത്തരത്തിലുള്ള ശ്വസനസഹായികൾ ഇതേ ശാലയിൽ വ്യാപകമായി ഉൽപ്പാദിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. കൊവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്നപക്ഷം വെന്റിലേറ്ററുകൾക്കുള്ള ആവശ്യം കുതിച്ചുയരുമെന്ന് എം ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ രാജീവ് ഛാബ ചൂണ്ടിക്കാട്ടി. 

രാജ്യത്താവട്ടെ ശ്വസനസഹായികൾക്ക് കടുത്ത ക്ഷാമമുണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ലഭ്യമായ വെന്റിലേറ്ററുകളാവട്ടെ ചെലവേറിയതും വൻതോതിൽ ഉപയോഗിക്കാൻ സാധ്യമല്ലാത്തവയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ പശ്ചാത്തലത്തിലാണ് അനായാസ ഉപയോഗവും നിർമാണവും സാധ്യമാവുന്ന പുത്തൻ വെന്റിലേറ്ററുകളുടെ രൂപകൽപ്പനയ്ക്കായി എം ജി മോട്ടോർ ഇന്ത്യ ധനസഹായം വാഗ്ദാനം ചെയ്യുന്നത്. ഇത്തരം ശ്വസനസഹായികൾ യാഥാർഥ്യമാക്കുക വഴി കൊവിഡ് 19 പോലുള്ള മഹാമാരിയെ ഫലപ്രദമായി നേരിടാൻ കഴിയുമെന്നും ഛാബ പ്രതീക്ഷ പ്രകടിപ്പിച്ചു.

രാജ്യത്തെ ചികിത്സാലയങ്ങൾക്കു രണ്ടു കോടി രൂപയുടെ സഹായം എംജി മോട്ടോഴ്‍സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.  കമ്പനിയുടെ നിർമാണശാല സ്ഥിതി ചെയ്യുന്ന, ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് ഹാലോളിലെയും ഓഫിസ് പ്രവർത്തിക്കുന്ന ഗുരുഗ്രാമിലെയും സർക്കാർ ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്കുമാണ് കമ്പനി ധനസഹായം ലഭ്യമാക്കുക.  ഒരു കോടി രൂപ എം ജി മോട്ടോർ ഇന്ത്യയുടെ വിഹിതവും ബാക്കിയുള്ള ഒരു കോടി കമ്പനി ജീവനക്കാരുടെ സംഭാവനയുമാണ്. ഗുരുഗ്രാമിലെയും ഹാലോളിലെയും ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചാവും കമ്പനി സഹായം ലഭ്യമാക്കുക. പണത്തിനു പകരം കയ്യുറകൾ, മാസ്കുകൾ, വെന്റിലേറ്റർ, മരുന്നുകൾ, കിടക്കകൾ  തുടങ്ങി അതത് സ്ഥലത്ത് ആവശ്യമുള്ള ചികിത്സാ സാമഗ്രികൾ എത്തിക്കാനാണു കമ്പനിയുടെ പദ്ധതി. ഈ പണം ആശുപത്രികൾക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും ആവശ്യമുള്ള മെഡിക്കൽ ഉപകരണങ്ങൾ സ്വരുക്കൂട്ടാൻ അനുവദിക്കും. ഇതിൽ മാസ്കുകൾ, കയ്യുറകൾ, മരുന്നുകൾ, കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവ ഉൾപ്പെടും. ഇതിനോടൊപ്പം മറ്റേതെങ്കിലും വൈദ്യസഹായം ആവശ്യമെങ്കിൽ അതും കമ്പനി ലഭ്യമാക്കും. 

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ എസ്‍യുവിയുമായി 2019 ജൂണ്‍ 27നാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 
 

Follow Us:
Download App:
  • android
  • ios