Asianet News MalayalamAsianet News Malayalam

ഹീറോ എക്സ്ട്രീം 160ആര്‍ വരുന്നൂ

ഹീറോയുടെ എക്‌സ്ട്രീം 200ആര്‍, എക്‌സ്ട്രീം 200എസ് നിരയിലേക്ക് ഒരു മോട്ടോര്‍സൈക്കിള്‍ കൂടി

New Hero Xtreme 160R unveiled
Author
Mumbai, First Published Feb 19, 2020, 9:36 PM IST

രാജ്യത്തെ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ എക്‌സ്ട്രീം 200ആര്‍, എക്‌സ്ട്രീം 200എസ് നിരയിലേക്ക് ഒരു മോട്ടോര്‍സൈക്കിള്‍ കൂടി. പൂര്‍ണമായും പുതിയ മോഡലായ ഹീറോ എക്‌സ്ട്രീം 160ആര്‍ ആണ് ഈ വാഹനം. ഈ നേക്കഡ് മോട്ടോര്‍സൈക്കിളിനെ അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 

ഹീറോ മോട്ടോകോര്‍പ്പില്‍നിന്നുള്ള ആദ്യ 160 സിസി മോട്ടോര്‍സൈക്കിളാണ് എക്‌സ്ട്രീം 160ആര്‍. എക്‌സ്ട്രീം 200ആര്‍ നേക്കഡ് മോട്ടോര്‍സൈക്കിളാണെങ്കില്‍ ഫുള്‍ ഫെയേര്‍ഡ് ബൈക്കാണ് എക്‌സ്ട്രീം 200എസ്.

കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്‌സ്ട്രീം 1 ആര്‍ കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മിച്ചതാണ് എക്‌സ്ട്രീം 160ആര്‍. 160 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ പുതിയ മോട്ടോര്‍സൈക്കിളിന് കരുത്തേകും. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുംവിധം ട്യൂണ്‍ ചെയ്തിരിക്കുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.7 സെക്കന്‍ഡ് മതിയെന്ന് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെട്ടു. ഇന്ത്യയില്‍ ഈ സെഗ്‌മെന്റിലെ ഏറ്റവും വേഗം കൂടിയ മോട്ടോര്‍സൈക്കിളായിരിക്കും ഹീറോ എക്‌സ്ട്രീം 160ആര്‍.

മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ കണ്‍സെപ്റ്റില്‍നിന്ന് ഡിസൈന്‍, സ്റ്റൈലിംഗ് സൂചകങ്ങള്‍ സ്വീകരിച്ചു. പൂര്‍ണമായും എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്‌പോര്‍ട്ടിയായ ഒറ്റ സ്‌റ്റെപ്പ്-അപ്പ് സീറ്റ് എന്നിവ നല്‍കി. 

മുന്നില്‍ 37 എംഎം ഷോവ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. ഭാരം കുറഞ്ഞതും 17 ഇഞ്ച് വ്യാസമുള്ളതുമായ അലോയ് വീലുകളിലാണ് ഹീറോ എക്‌സ്ട്രീം 160ആര്‍ വരുന്നത്. പിന്നില്‍ 130 എംഎം റേഡിയല്‍ ടയറും മുന്നില്‍ 110 എംഎം ടയറും ഉപയോഗിക്കും. പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കി. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. 138.5 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ കര്‍ബ് വെയ്റ്റ്.

കറുപ്പും വെളുപ്പുമായി ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനില്‍ ഹീറോ എക്‌സ്ട്രീം 160ആര്‍ ലഭിക്കും. ടിവിഎസ് അപ്പാഷെ ആര്‍ടിആര്‍ 160 4വി, ബജാജ് പള്‍സര്‍ എന്‍എസ് 160 എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

Follow Us:
Download App:
  • android
  • ios