Asianet News MalayalamAsianet News Malayalam

ശൗര്യം കൂട്ടി നിരത്തിലെ കടുവ, പുത്തന്‍ ട്രയംഫ് ടൈഗര്‍ 900!

ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ ടൈഗർ 900-ന്റെ പരിഷ്ക്കരിച്ച മോഡലിനെ അവതരിപ്പിച്ചു.  

New Triumph Tiger 900 unveiled
Author
Mumbai, First Published Dec 5, 2019, 10:52 AM IST

ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ് മിഡിൽവെയ്റ്റ് അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായ ടൈഗർ 900-ന്റെ പരിഷ്ക്കരിച്ച മോഡലിനെ അവതരിപ്പിച്ചു. പെര്‍ഫോമെന്‍സിനെ അടിസ്ഥാനമാക്കി മൂന്ന് വകഭേദങ്ങളായാണ് ഈ സ്‌പോര്‍ട്‌സ് ബൈക്ക് എത്തിയിരിക്കുന്നത്.

അടിസ്ഥാന വേരിയന്റിന് പുറമെ, ടൈഗര്‍ 900 റാലി, ടൈഗര്‍ 900 ജിടി എന്നീ രണ്ട് പെര്‍ഫോമെന്‍സ് പതിപ്പുകള്‍ കൂടി ട്രയംഫ് നിരത്തിലെത്തിക്കും. സാഹസിക യാത്രള്‍ക്കും ഓഫ്-റോഡ് ഡ്രൈവിനുമാണ് ടൈഗര്‍ 900 റാലി. ടൂറിങ്ങ് ശ്രേണിയിലുള്ളതാണ് ടൈഗര്‍ 900 ജിടി. ലുക്കിലും ഡിസൈനിലും മറ്റ് ട്രയംഫ് മോഡലുകളുമായി സാമ്യമുള്ള ബൈക്കാണ് ബേസ് മോഡലായ ടൈഗര്‍ 900.

888 സിസി 12 വാല്‍വ് ത്രീ സിലിണ്ടര്‍ എന്‍ജിനാണ് ടൈഗര്‍ 900-ന്റെ ഹൃദയം. ടൈഗര്‍ 800 മോഡലിനെക്കാള്‍ 10 ശതമാനം അധിക കരുത്ത് ഈ മോഡല്‍ ഉത്പാദിപ്പിക്കും. 94 ബിഎച്ച്പി പവറും 87 എന്‍എം ടോര്‍ക്കുമാണ് ടൈഗര്‍ 900 ഉത്പാദിപ്പിക്കുന്നത്.

പുതിയ സ്റ്റീല്‍ ഫ്രെയിമിലാണ് ബൈക്കിന്‍റെ നിര്‍മാണം. അതുകൊണ്ടുതന്നെ ടൈഗര്‍ 800-നെക്കാള്‍ ഭാരം കുറവാണെന്നാണ് കമ്പനി പറയുന്നത്. റെയിന്‍, റോഡ്, സ്‌പോട്ട്, ഓഫ് റോഡ്, കസ്റ്റമൈസബിള്‍ റൈഡര്‍, ഓഫ് റോഡ് പ്രൊ എന്നീ ആറ് വേരിയന്റുകളാണ് ഉയര്‍ന്ന  വകഭേദമായ റാലിയിലുള്ളത്. ജിടിയില്‍ റെയിന്‍, റോഡ്, സ്‌പോര്‍ട്ട്, ഓഫ് റോഡ് എന്നീ ഡ്രൈവിങ്ങ് മോഡുകളും നല്‍കിയിട്ടുണ്ട്. മെറ്റാലിക് ബാഡ്ജിങ്, ഗ്രാഫിക്സ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടുകൂടിയ എല്‍ഇഡി ഹെഡ്ലൈറ്റ്, ഫുള്‍ കളര്‍ TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ടൈഗര്‍ 900-ലുമുണ്ട്.

ജിടി, ജിടി പ്രോ, റാലി, റാലി പ്രോ വകഭേദകളിൽ എബി‌എസിനെയും ട്രാക്ഷൻ കൺട്രോൾ സിസ്റ്റങ്ങളെയും ശക്തിപ്പെടുത്തുന്ന പുതിയ IMU ഫീച്ചറും ടൈഗർ 900-ൽ അവതരിപ്പിക്കുന്നു. പഴയ ടൈഗർ 800 മോഡലിനെപ്പോലെ പുതിയ ടൈഗർ 900-ൽ ത്രോട്ടിൽ മാപ്പ്, ട്രാക്ഷൻ കൺട്രോൾ ക്രമീകരണങ്ങൾ, എബി‌എസ് ക്രമീകരണങ്ങൾ എന്നിവയും നിരവധി റൈഡിംഗ് മോഡുകളും ഉൾപ്പെടുന്നു.

വില സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എങ്കിലും അടിസ്ഥാന മോഡലിന് 8.85 ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-ന്‍റെ പകുതിയില്‍ ടൈഗര്‍ 900 ഇന്ത്യയിലേക്കുമെത്തിയേക്കും.

ട്രയംഫ് ഇന്ത്യയിലെത്തിയിട്ട് ആറ് വര്‍ഷം തികഞ്ഞത് അടുത്തിടെയാണ്. 2013 ലാണ് ട്രയംഫ് ഇന്ത്യയിലെ ആദ്യ മോഡല്‍ അവതരിപ്പിച്ചത്. ഇന്ത്യയിലെ 400 പട്ടണങ്ങളില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന് ഉപയോക്താക്കളുണ്ട്. നിലവില്‍ രാജ്യമാകെ 16 ട്രയംഫ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.. ട്രയംഫ് ടൈഗര്‍ ട്രെയ്‌നിംഗ് അക്കാഡമി, കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കായി പരിശീലനവും നൽകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios