ദില്ലി: കഴിഞ്ഞ കുറച്ചുനാളുകളായി തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യന്‍ വാഹനവിപണി. എങ്ങനെ കരകയറുമെന്ന് അറിയാത്ത പ്രതിസന്ധി. എന്നാല്‍ ഈ പ്രതിസന്ധിക്കിടെ വാഹന നിര്‍മ്മാതാക്കള്‍ക്കും വാഹന പ്രേമികള്‍ക്കുമെല്ലാം ഒരുപോലെ ആശ്വാസമായിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍. രാജ്യത്ത് വൈദ്യുത വാഹനങ്ങളോടൊപ്പം പെട്രോള്‍, ഡീസല്‍ വാഹനങ്ങളും ഒരുമിച്ചു വളരുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്‍താവനയാണ് രാജ്യത്തെ വാഹന വ്യവസായ മേഖലക്ക് ആശ്വാസകരമാകുന്നത്. 

പുതിയ സാങ്കേതിക വിദ്യകള്‍ക്കും പരമ്പരാഗത സാങ്കേതിക വിദ്യകള്‍ക്കും വളരാന്‍ നിരവധി അവസരമൊരുക്കാന്‍ ഇന്ത്യന്‍ വാഹന വിപണിക്ക് കഴിയുമെന്നും അതിനുള്ള വലുപ്പം ഇന്ത്യൻ വാഹന വിപണിക്ക് ഉണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു മോദിയുടെ ഈ വാക്കുകള്‍. 

പ്രസ്‍താവനക്ക് പിന്നാലെ മോദിക്ക് കൈയ്യടിയുമായി വാഹന ലോകം എത്തിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആശയക്കുഴപ്പം അകറ്റിയെന്നും ഈ നയം കൂടുതൽ നിക്ഷേപവും തൊഴിൽ അവസരങ്ങളും ഉറപ്പാക്കുമെന്നും വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വാക്കുകള്‍ വാഹന വ്യവസായത്തിലെ കോടിക്കണക്കിന് ആളുകളില്‍ ആത്മവിശ്വാസമേകുമെന്ന് വാഹനവ്യവസായ പ്രമുഖര്‍ പറയുന്നു. 

2023 ആകുന്നതോടെ മുച്ചക്ര വാഹനങ്ങളും 2025ല്‍ ചെറിയ ഇരുചക്ര വാഹനങ്ങളും പൂര്‍ണമായും വൈദ്യുതിയില്‍ ഓടുമെന്നുള്ള നീതി ആയോഗിന്റെ ശുപാര്‍ശ വാഹന വ്യവസായത്തെ കടുത്ത ആശങ്ക സൃഷ്‍ടിച്ചിരുന്നു. ബാറ്ററി വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പെട്രോള്‍-ഡീസല്‍ വാഹന വിരുദ്ധനയം വരുമോയെന്ന് വിപണി ഭയന്നിരിക്കുന്നതിനിടയിലായിരുന്നു മോദിയുടെ പുതിയ പ്രസ്‍താവന. രാജ്യത്ത് ഏറ്റവുമധികം തൊഴിൽ നൽകുന്ന വ്യവസായമാണ് വാഹന നിർമാണവും അനുബന്ധമേഖലകളും. മൂന്നരക്കോടി ആളുകൾ ഈ രംഗത്തു തൊഴിലടുക്കുന്നതായാണു കണക്കുകള്‍. 

പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ 18 മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ 286 ഡീലർഷിപ്പുകളാണ് അടച്ചുപൂട്ടിയത്. അതേസമയം ജൂലൈ മാസത്തിലും രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ (പിവി) വന്‍ ഇടിവാണ് റിപ്പോര്‍ട്ട് ചെയ്‍തത്. 30.98 ശതമാനം ഇടിവ്. 2018 ജൂലൈ മാസത്തില്‍ കാറുകള്‍ അടക്കമുളള പാസഞ്ചര്‍ വാഹനങ്ങളില്‍ 2,90,931 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 2,00,790 യൂണിറ്റുകള്‍ മാത്രമായിരുന്നു. കാറുകളുടെ വില്‍പ്പനയില്‍ 35.95 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്.

2018 ജൂലൈ മാസത്തില്‍ 1,91,979 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 1,22, 956 യൂണിറ്റുകളായിരുന്നു. വാഹന നിര്‍മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സാണ് (എസ്ഐഎഎം) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഇരുചക്ര വാഹന വില്‍പ്പനയിലും വലിയ ഇടിവ് നേരിട്ടു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 11,51,324 യൂണിറ്റ് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പന നടന്നെങ്കില്‍ ഈ വര്‍ഷം അത് 9,33,996 യൂണിറ്റുകളാണ്. വില്‍പ്പനയിലുണ്ടായ ഇടിവ് 18.88 ശതമാനമാണ്. 

ഇരുചക്ര വാഹന വിപണി മുഴുവനായി ഉണ്ടായ ആകെ ഇടിവ് 16.82 ശതമാനമാണ്. മുന്‍ വര്‍ഷം ജൂലൈയില്‍ 18,17,406 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 15,11,692 മാത്രമായിരുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് 25.71 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ 76,545 യൂണിറ്റുകള്‍ വിറ്റഴിഞ്ഞ സ്ഥാനത്ത് 56,866 യൂണിറ്റുകളാണ് ഈ വര്‍ഷം വില്‍പ്പന നടന്നത്.