കൊല്ലം: ബൈക്കില്‍ ചീറിപ്പാഞ്ഞെത്തി പൊലീസിനെ കൂവി വിളിച്ച ശേഷം കടന്നുകളയുന്ന ഫ്രീക്കന്‍ കഥാപാത്രം ഏയ് ഓട്ടോ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്. നടന്‍ കുഞ്ചന്‍ അവതരിപ്പിച്ച രമണന്‍ ഈ കഥാപാത്രത്തെ അനുസ്‍മരിപ്പിക്കുന്ന കുറേ ഫ്രീക്കന്മാരെ കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തി പൊക്കി. ലോക്ക് ഡൗണിനിടെ കൊല്ലം ജില്ലയിലെ കൊട്ടിയത്തിനടുത്താണ് സംഭവം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊട്ടിയം ഉമയനല്ലൂർ മേഖലയിൽ ഫ്രീക്കൻമാരുടെ വിളയാട്ടമായിരുന്നു. ന്യൂജൻ ബൈക്കിൽ ചീറിപ്പാഞ്ഞെത്തുന്ന യുവാക്കൾ പൊലീസിനെ കാണുമ്പോള്‍ ദൂരെ വണ്ടി നിര്‍ത്തും. എന്നിട്ട് പൊലീസിനെ നോക്കി കൂകിവിളിച്ച് കടന്നു കളയും. വാഹനത്തിന്റെ നമ്പർ തിരിച്ചറിയാൻ കഴിയാത്തത്ര അകലെ നിന്നായിരുന്നു ഈ കൂക്കിവിളി. 

എന്നാല്‍ ഇതുപതിവായതോടെ പൊലീസ് കെണിയൊരുക്കി. ഇവരുടെ ശ്രദ്ധയില്‍പ്പെടാതെ നിരീക്ഷണത്തിനു പൊലീസ് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. ഈ കെണി തിരിച്ചറിയാതെ ഫ്രീക്കന്മാര്‍ വീണ്ടുമെത്തി. അങ്ങനെ ബൈക്കിന്റെ നമ്പർ തിരിച്ചറിഞ്ഞതോടെ കൃത്യമായ അഡ്രസും കിട്ടി.

അതോടെ പൊലീസ് ജീപ്പ് വീട്ടുമുറ്റത്തെത്തിയപ്പോഴാണ് ഫ്രീക്കന്മാര്‍ ഞെട്ടിയത്. മുഖത്തല ചേരിക്കോണത്തെ വീട്ടിലെത്തിയാണ് യുവാക്കളെ പൊലീസ് പൊക്കിയത്. ഇവര്‍ക്കെതിരെ പകർച്ച വ്യാധി തടയൽ നിയമപ്രകാരം കേസ് എടുത്തു. ലോക്ക് ഡൗണ്‍ കാലത്ത് പല സ്ഥലങ്ങളിലും ഇങ്ങനെ ബൈക്കെടുത്ത് കറങ്ങാന്‍ ഇറങ്ങുന്നവരുടെ ശല്യം കൂടി വരികയാണെന്ന് പൊലീസ് പറയുന്നു.