കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണില്‍ തുടരുകയാണ് രഹാജ്യം. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പൊലീസിന്‍റെ സുരക്ഷാ പരിശോധന. ഇപ്പോഴിതാ സുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനയ്ക്ക് ഡ്രോണുമായി രംഗത്തിറങ്ങിയിരിക്കുകയാണ് റെയിൽവേ സുരക്ഷാ സേനയും. 

എറണാകുളം ജംക്‌ഷൻ, എറണാകുളം മാർഷലിങ് യാഡ് എന്നിവിടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ച് കഴിഞ്ഞ ദിവസം നിരീക്ഷണം നടത്തിയത്. പൊന്നുരുന്നിയിലെ മാർഷലിങ് യാഡ് 110 ഏക്കറിൽ പരന്നു കിടക്കുന്നതിനാൽ നേരിട്ട് എല്ലായിടത്തും പരിശോധന പ്രായോഗികമല്ല. എന്നാൽ ഡ്രോൺ വഴി യാഡിന്റെ ഏതു കോണിലും നോട്ടമെത്തും എന്നതാണ് ശ്രദ്ധേയം.

കേരളത്തിൽ ആദ്യമായാണു ആർപിഎഫ് സുരക്ഷാ ആവശ്യത്തിനായി ഡ്രോൺ ഉപയോഗിക്കുന്നതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. വൈകാതെ ഇത് എല്ലാ പ്രധാന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് ആര്‍പിഎഫിന്‍റെ നീക്കം. 

കൊച്ചി നഗരത്തിലെ പനമ്പള്ളി നഗറിൽ ലോക്ക് ഡൗൺ ലംഘിച്ച് പ്രഭാത നടത്തത്തിന് ഇറങ്ങിയ 41 പേരെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയെ തുടര്‍ന്ന് കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തിരുന്നു.