Asianet News MalayalamAsianet News Malayalam

ഡസ്റ്ററിന് 1.3 പെട്രോള്‍ എഞ്ചിന്‍, അമ്പരപ്പില്‍ എതിരാളികള്‍!

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ കോംപാക്ട് എസ്‍യുവി ഡസ്റ്ററില്‍ 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ഉള്‍പ്പെടുത്തി.

Renault Duster 1.3 Turbo-Petrol Unveiled
Author
Delhi, First Published Feb 17, 2020, 9:48 AM IST

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ കോംപാക്ട് എസ്‍യുവി ഡസ്റ്ററില്‍ 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ഉള്‍പ്പെടുത്തി.

ബിഎസ് 6 പാലിക്കുന്ന 1.3 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഡസ്റ്റര്‍ എസ്‌യുവിയില്‍ പുതിയതായി നല്‍കിയത്. പുതിയ മോഡല്‍ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. ഡസ്റ്റര്‍ സമഗ്രമായി പരിഷ്‌കരിച്ച് മാസങ്ങള്‍ കഴിയുമ്പോഴാണ് പുതിയ മോട്ടോര്‍ കൂടി ലഭിക്കുന്നത്. 

1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നീ രണ്ട് പുതിയ ടര്‍ബോ എന്‍ജിനുകള്‍ ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറുമെന്ന് റെനോ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വരാനിരിക്കുന്ന എച്ച്ബിസി സബ്‌കോംപാക്റ്റ് എസ്‌യുവിയില്‍ നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

ബിഎസ് 6 പാലിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 153 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ 48 ബിഎച്ച്പി കരുത്തും 108 എന്‍എം ടോര്‍ക്കും കൂടുതല്‍. പുതിയ എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഓപ്ഷണലായിരിക്കും. 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നതോടെ നിലവിലെ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഒഴിവാക്കുമെന്ന് സ്ഥിരീകരണം ലഭിച്ചു. 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ പോലെ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിക്കില്ല.

പുതിയ എഞ്ചിന്‍ അല്ലാതെ ഈ കോംപാക്റ്റ് എസ്‌യുവിയില്‍ വേറെ മാറ്റങ്ങളില്ല.

2019 ജൂലൈയിലാണ് പുതുക്കിയ ഡസ്റ്ററിനെ കമ്പനി അവതരിപ്പിക്കുന്നത്. മുന്‍ മോഡലില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ മാത്രമേ പുതിയ ഡസ്റ്ററിനുള്ളു. മുന്നിലെയും പിന്നിലെയും പരിഷ്‌കരിച്ച ബംബര്‍, പുതിയ ട്രൈ വിങ്ഡ് ഫുള്‍ ക്രോം ഗ്രില്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റോടുകൂടിയ പ്രൊജക്റ്റര്‍ ഹെഡ്‌ലാമ്പ്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, സ്‌കിഡ് പ്ലേറ്റ്, പുതുക്കിപ്പണിത റൂഫ് റെയില്‍സ്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാറ്റത്തോടെയുള്ള ഓള്‍ ബ്ലാക്ക് ഡാഷ്‌ബോര്‍ഡ്, ലൈറ്റ് ബ്രൗണ്‍ അപ്പ്‌ഹോള്‍സ്‌ട്രെ തുടങ്ങിയവ പുതിയ ഡസ്റ്ററിനെ വ്യത്യസ്തമാക്കും. കാസ്പിയന്‍ ബ്ലൂ, മഹാഗണി ബ്രൗണ്‍ എന്നീ പുതിയ രണ്ട് കളര്‍ ഓപ്ഷനും 2019 ഡസ്റ്ററില്‍ റെനോ നല്‍കിയിട്ടുണ്ട്. 

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഡ്രൈവര്‍-പാസഞ്ചര്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട്, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നീ സംവിധാനങ്ങളും പുതിയ ഡസ്റ്ററില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പുതിയ എഞ്ചിനോടെയുള്ള ഡസ്റ്റര്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, നിസാന്‍ കിക്‌സ് തുടങ്ങിയവരായിരിക്കും പുത്തന്‍ ഡസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.

Follow Us:
Download App:
  • android
  • ios