Asianet News MalayalamAsianet News Malayalam

മോഹവില മാത്രമല്ല, ആക്ടീവ 6ജിക്ക് പ്രത്യേകതകളേറെ!

2020 ഹോണ്ട ആക്ടീവ 6Gയുടെ വിശേഷങ്ങള്‍

Specialties of Honda Activa 6G
Author
Trivandrum, First Published Jan 19, 2020, 3:48 PM IST

ജനപ്രിയ സ്‍കൂട്ടറായ ആക്ടീവയെ 2001 ലാണ് ഹോണ്ട ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന സ്‌കൂട്ടറാണ് ഹോണ്ട ആക്ടിവ. കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ദിവസം ഏകദേശം 7,740 ആക്ടീവകളാണ് രാജ്യത്ത് വില്‍ക്കുന്നത്. അതായത് ഓരോ മിനുട്ടിലും ഏകദേശം 5 ആക്ടീവ മോഡലുകളാണ് ഹോണ്ട വിറ്റഴിക്കുന്നത്. ഇപ്പോഴിതാ ആക്ടീവയുടെ പുതിയ പതിപ്പായ 6ജിയെ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഹോണ്ട. ആക്ടീവ 20-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ആറാം തലമുറ ആക്ടീവ വരുന്നത്. 2020 ഹോണ്ട ആക്ടീവ 6Gയുടെ വിശേഷങ്ങള്‍ വിശദമായി അറിയാം.

പുത്തന്‍ ബിഎസ്6 എൻജിൻ
ഇതുവരെ വില്‍പ്പനയിലുണ്ടായിരുന്ന ആക്ടീവ 5G-യിലെ 109.19 സിസി സിംഗിൾ-സിലിണ്ടർ എൻജിൻ തന്നെയാണ് 2020 ആക്ടിവ 6G-യിലും.  പക്ഷേ ബിഎസ് 6 പാലിക്കുന്നതോടെ സിംഗിള്‍ സിലിണ്ടര്‍ മോട്ടോറിന്റെ ഡിസ്‌പ്ലേസ്‌മെന്റ് മാറി. 109.51 ക്യൂബിക് സെന്റിമീറ്ററാണ് ഇപ്പോള്‍. ബിഎസ് 4 എന്‍ജിന്‍ 109.19 സിസി ആയിരുന്നു. ബിഎസ് 4 സ്‌കൂട്ടറില്‍ കാര്‍ബുറേറ്ററാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കി. കാലപ്പഴക്കം ചെന്ന കാർബുറേറ്ററിനു പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്തതോടെ വാഹനം കൂടുതല്‍ മികച്ചതായി.

എന്നാല്‍ ബിഎസ് 6 എന്‍ജിന്റെ ഡിസ്‌പ്ലേസ്‌മെന്റ് അല്‍പ്പം വര്‍ധിച്ചെങ്കിലും ഉല്‍പ്പാദിപ്പിക്കുന്ന കരുത്ത് അല്‍പ്പം കുറഞ്ഞു. നേരത്തെ 7,500 ആര്‍പിഎമ്മില്‍ 7.96 എച്ച്പി ആയിരുന്നു. ഇപ്പോള്‍ 8,000 ആര്‍പിഎമ്മില്‍ 7.79 എച്ച്പി കരുത്താണ് പുറപ്പെടുവിക്കുന്നത്. 5,250 ആര്‍പിഎമ്മില്‍ 8.79 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. എന്‍ജിനകത്തെ ഘര്‍ഷണം കുറയ്ക്കുന്നതിന് ഹോണ്ടയുടെ എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി) സാങ്കേതികവിദ്യ നല്‍കി. ആക്ടിവ 5ജി യേക്കാള്‍ പത്ത് ശതമാനം അധികം ഇന്ധനക്ഷമത നല്‍കും പുത്തന്‍ ആക്ടീവ 6ജി എന്നാണ് ഹോണ പറയുന്നത്. 

Specialties of Honda Activa 6G

കൂടുതല്‍ പരിഷ്‍കാരിയായി
നിരവധി പരിഷ്‍കാരങ്ങളോടെയാണ് ആക്ടിവ 6ജി എത്തുന്നത്. മുന്നില്‍ പുനര്‍രൂപകല്‍പ്പന ചെയ്‍ത ഏപ്രണ്‍, പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്‌ലാംപ് എന്നിവ സ്റ്റൈലിംഗ് മാറ്റങ്ങളാണ്. പിറകിലും മാറ്റങ്ങള്‍ വരുത്തി. അര്‍ധ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പാസ് ലൈറ്റ് സ്വിച്ച് എന്നിവ പുതിയ ഫീച്ചറുകളാണ്. നീളമേറിയ സീറ്റ്, അധിക വീല്‍ബേസ്, ഫ്‌ളോറില്‍ കൂടുതല്‍ സ്ഥലസൗകര്യം എന്നിവ ലഭിച്ചു. 

മുന്നിലും പിന്നിലും 10-ഇഞ്ച് വീലുകൾ ഉപയോഗിച്ചിരിക്കുന്ന ആക്ടിവ 5G-യ്ക്ക് പകരം ആക്ടിവ 6G-യിൽ 12-ഇഞ്ച് മുൻ വീലാണ്. പിന്നിൽ 10-ഇഞ്ച് വീൽ തന്നെ. ആക്ടിവ 5G-യിൽ ഉപയോഗിച്ചിരുന്ന ലിങ്ക്-ടൈപ്പ് മുൻ സസ്പെന്ഷനു പകരം 2020 ആക്ടിവ 6G-യിൽ ടെലിസ്കോപിക് സസ്പെൻഷനാണ്. പുറകിൽ 3-സ്റ്റെപ് അഡ്‍ജസ്റ്റബിൾ സസ്പെൻഷൻ.  മുൻ പിൻ ചക്രങ്ങൾക്ക് ഡ്രം ബ്രെയ്ക്കുകളാണ്. പുതിയ ആക്ടിവ 6G-യുടെ വീൽബേസും (+22 എംഎം) ഗ്രൗണ്ട് ക്ലിയറൻസും (+18 എംഎം) ഹോണ്ട വർദ്ധിപ്പിച്ചിട്ടുണ്ട്. അതോടെ സ്‍കൂട്ടറിന്റെ നീളവും കൂടി. 

കൂടുതൽ ഫീച്ചറുകൾ
മൾട്ടി-ഫങ്ക്ഷൻ ഇഗ്നിഷൻ കീ, ACG സൈലന്റ് സ്റ്റാർട്ടർ മോട്ടോർ, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച്, സീറ്റ് പോകാതെ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന എക്‌സ്‌റ്റേർണൽ ഫ്യുവൽ ഫില്ലർ ക്യാപ്, കൂടിയ 18 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ് സ്പേസ് എന്നിവ പുതിയ ആക്ടിവ 6G-യിൽ ഹോണ്ട കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടാതെ, നീളം കൂടിയ സീറ്റും, ഫുട്-വെല്ലും (റൈഡറുടെ കാൽ വയ്ക്കുന്ന സ്ഥലം) പുതിയ ആക്ടിവയിലുണ്ട്. ആക്ടിവ 5G-യുടെ ഇൻസ്ട്രുമെന്റ് കൺസോളിൽ ഒരു ചെറിയ ഭാഗം ഡിജിറ്റൽ ഡിസ്പ്ലേ ആയിരുന്നപ്പോൾ പുതിയ ആക്ടിവ 6G-യിൽ ഇത് പൂർണമായും അനലോഗ് ആണ്. 

സൈലന്റ് സ്റ്റാര്‍ട്ട്
ബിഎസ് 6 പാലിക്കുന്ന ആക്റ്റിവ 125 സ്‌കൂട്ടറില്‍ ഈയിടെ കണ്ടതുപോലെ, ബിഎസ് 6 ആക്റ്റിവ 6ജി സ്‌കൂട്ടറിലും ‘സൈലന്റ് സ്റ്റാര്‍ട്ട്’ സംവിധാനം നല്‍കിയിരിക്കുന്നു. മുന്നില്‍ 10 ഇഞ്ച് വ്യാസമുള്ള ചക്രമാണ് ആക്റ്റിവ 5ജി ഉപയോഗിച്ചിരുന്നതെങ്കില്‍ ആക്റ്റിവ 6ജി സ്‌കൂട്ടറില്‍ 12 ഇഞ്ച് ചക്രം നല്‍കി. മുന്നില്‍ പുതുതായി ടെലിസ്‌കോപിക് ഫോര്‍ക്കാണ് സസ്‌പെന്‍ഷന്‍. ആക്റ്റിവ 125 സ്‌കൂട്ടറിലേതുപോലെ പുറമേക്കൂടി ഇന്ധനം നിറയ്ക്കാവുന്ന സൗകര്യം ആക്റ്റിവ 6ജി സ്‌കൂട്ടറിലും കാണാം. മള്‍ട്ടി ഫംഗ്ഷന്‍ കീ ഉപയോഗിച്ച് കീഹോളിനു സമീപത്തെ സ്വിച്ച് വഴി ഫ്യൂവല്‍ ഫില്ലിംഗ് ക്യാപ് തുറക്കാന്‍ കഴിയും.

Specialties of Honda Activa 6G

നിറങ്ങള്‍
ഗ്ലിറ്റര്‍ ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, ഡാസല്‍ യെല്ലോ മെറ്റാലിക്, ബ്ലാക്ക്, പേള്‍ പ്രിഷിയസ് വൈറ്റ്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ ആറ് നിറങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഇരുചക്ര വാഹനം ലഭിക്കും. 

വില കൂടി
സ്റ്റാൻഡേർഡ്, ഡീലക്‌സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് 2020 ഹോണ്ട ആക്ടിവ 6G വിപണിയിലെത്തിയിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റിന് 68,239 രൂപയും, ഡീലക്‌സ് വേരിയന്റിന് 69,750 രൂപയുമാണ് കൊച്ചിയിൽ എക്‌സ്-ഷോറൂം വില. ഇതുവരെ വിപണിയിലുണ്ടായിരുന്ന ആക്ടിവ 5G-യുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 8,000 രൂപ കൂടുതലാണ് പുത്തൻ വേരിയന്റുകൾക്ക്. 

 

Follow Us:
Download App:
  • android
  • ios