പാലക്കാട് നഗരത്തില്‍ ബൈക്കില്‍ കറങ്ങിനടന്ന 16 കൗമാരക്കാരുടെ രക്ഷിതാക്കള്‍ക്ക് 5000 രൂപവീതം പിഴയടിച്ചു നല്‍കി ട്രാഫിക്ക് പൊലീസ്

കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ പ്രധാന വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് ഇരുചക്രവാഹനങ്ങളില്‍ കറങ്ങിയടിച്ചുനടന്നവരാണ് പിടിയിലായത്. 

പിടിയിലായവരില്‍ ഭൂരിഭാഗവും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 20 വയസ്സിന് മുകളിലുള്ള നാലുപേരുണ്ടായിരുന്നു. ഇവര്‍ക്ക് നാലുപേര്‍ക്കും ലൈസന്‍സും ഉണ്ടായിരുന്നില്ല. ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയാണ് വാഹനം കൈമാറിയത്.

പുതിയ ഗതാഗത നിയമം അനുസരിച്ച് പുതുക്കിയ മോട്ടോര്‍വാഹന നിയമം അനുസരിച്ച് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും കുട്ടികള്‍ വാഹനം ഓടിച്ചാലും കനത്ത ശിക്ഷയാണ് ലഭിക്കുക. 

നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍​ പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമഭേദഗതിയോടെ രക്ഷാകർത്താവിന്​ മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ്​ ശിക്ഷ.

കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സ്‌കൂളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയിട്ടുള്ളത്. ഹൈസ്​കൂൾ പരിസരങ്ങളിൽ ലൈസൻസില്ലാത്ത ഇരുചക്ര വാഹനയാത്ര വ്യാപകമാണെന്നും രക്ഷിതാക്കളുടെ അനുമതിയോടെയാണ്  പല കുട്ടികളും വാഹനങ്ങളുമായി റോഡിലിറങ്ങുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇത്തരത്തിൽ പിടികൂടുന്നവർക്കെതിരെ വിട്ടുവീഴ്​ചയില്ലാത്ത നടപടിക്കാണ്​ നിർദേശം.