ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ സെഡാന്‍ മോഡലായ എറ്റിയോസ്, ഹാച്ച്ബാക്ക് മോഡലായ ലിവ എന്നിയുടെ ഉത്പാദനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇരുമോഡലുകളെയും വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ കമ്പനി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. 

2010 ലാണ് വാഹനം ആദ്യമായി വിപണിയിലെത്തിയത്. വിപണിയില്‍ എത്തിയനാളുകളില്‍ ഇരു മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. എന്നാല്‍ കാലക്രമേണ ഇത് കുറഞ്ഞു തുടങ്ങി. അതോടൊപ്പം BS VI മലിനീകരണ നിയന്ത്രണ നിയമം കൂടി വരുന്ന ഈ സന്ദർഭത്തിൽ വാഹനത്തിനെ വിപണിയിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കമ്പനി എത്തിച്ചേർന്നിരിക്കുന്നു.

10 വര്‍ഷത്തിനിടക്ക് വാഹനത്തിനെ മൂന്ന് തവണ ടൊയോട്ട പുതുക്കിയിട്ടുണ്ട്. സുഗമമായ എഞ്ചിന്‍, മികച്ച മൈലേജ് എന്നിവയൊക്കെയായിരുന്നു വാഹനത്തിന്റെ പ്രധാന ആകര്‍ഷണം. 2016 -ല്‍ നടത്തിയ ഗ്ലോബല്‍ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ റേറ്റിങും എത്തിയോസ് സ്വന്തമാക്കിയിരുന്നു. 2019 ൽ നിരയിലേക്ക് പുതുമോടികള്‍ എത്തിയതോടെ ഇരുമോഡലുകളുടെയും വില്‍പ്പന ഗണ്യമായി തന്നെ കുറഞ്ഞു. 

ലിവയുടെ 9,000 യൂണിറ്റുകള്‍ മാത്രമാണ് വിപണിയില്‍ എത്തിയത്. പ്രതിവര്‍ഷം 40 ശതമാനത്തിന്റെ ഇടിവ് റിപ്പോർട്ട് ചെയ്യുന്നു. എത്തിയോസിന്റെ കാര്യത്തിൽ കഴിഞ്ഞ വർഷം 17,236 യൂണിറ്റുകൾ മാത്രമാണ് വിറ്റത്, 21 ശതമാനത്തിന്റെ ഇടിവും വില്‍പ്പനയില്‍ ഉണ്ടായി. ഇതോടെയാണ് ഇപ്പോള്‍ വില്‍പ്പന അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചിരിക്കുന്നത്. ഇരുമോഡലുകളുടെയും വില്‍പ്പന അവസാനിപ്പിച്ച് ഗ്ലാന്‍സയുടെ വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്.

മാരുതിയുടെ ജനപ്രിയ മോഡല്‍ ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ് ഗ്ലാന്‍സ. 2019 ജൂൺ ആറിനായിരുന്നു വാഹനത്തിന്‍റെ വിപണിയിലെ അരങ്ങേറ്റം. ടൊയോട്ട കിർലോസ്‍കർ മോട്ടോറി(ടികെഎം)ന്റെ ഉൽപന്ന ശ്രേണിയിലെ ഏറ്റുവമധികം വിൽപനയുള്ള കാറായി മാറിയിരിക്കുകയാണ് ഗ്ലാൻസ.  മാരുതിയുടെ ജനപ്രിയ മോഡലുകളായ വിറ്റാര ബ്രെസയും എര്‍ട്ടിഗയും കൂടി ടൊയോട്ടയുടെ ബാഡ്‍ജില്‍ എത്താനുള്ള ഒരുക്കത്തിലാണ്. 

ടൊയോട്ട ബാഡ്‍ജിങ്ങിലുള്ള വിറ്റാര ബ്രെസ 2020 ഒക്ടോബറില്‍ നിരത്തുകളിലെത്തുമെന്നും എര്‍ട്ടിഗ എംപിവി 2021-ല്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓടെ മാരുതിയുടെ സെഡാന്‍ മോഡലായ സിയാസും ടൊയോട്ടയിലൂടെ പുറത്തിറങ്ങും. 

ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ടൊയോട്ടയുടെ സാന്നിധ്യമില്ലാത്തതും, ഈ ശ്രേണിയിലുണ്ടായിട്ടുള്ള വലിയ വളര്‍ച്ചയുമാണ് ബ്രെസയുടെ ടൊയോട്ട പതിപ്പ് ഒരുങ്ങാനുള്ള പ്രധാനകാരണം. 2023-മുതല്‍ ഇരു കമ്പനികളുടെയും സഹകരണത്തോടെ എസ്‌യുവി, കോംപാക്ട് എസ്‌യുവി സെഗ്മെന്റുകളിലേക്ക് പുതിയ വാഹനങ്ങള്‍ നിര്‍മിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.