കൊവിഡ് 19 ഭീതിയിലാണ് ലോകം. വൈറസിന്‍റെ പകര്‍ച്ച സകല വ്യവസായ മേഖലകളെയും താറുമാറാക്കിയിരിക്കുന്നു. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ വലിയ പ്രതിസന്ധിയിലാണ് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളും.

2020 മാര്‍ച്ച് മാസത്തിലെ വില്‍പന കണക്കുകള്‍ നോക്കിയാല്‍ മിക്ക വാഹന നിര്‍മാതാക്കളുടെയും വില്‍പന പകുതിയിലധികം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യ പത്തു സ്ഥാനത്തെത്തിയ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം. 

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് മാര്‍ച്ചില്‍ ഏറ്റവുമധികം വില്‍പന നേടിയ വാഹനം. ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധിക്ക് ഇടയിലും 11406 യൂണിറ്റ് ബലേനോകളാണ് മാര്‍ച്ചില്‍ നിരത്തിലെത്തിയത്. 10829 യൂണിറ്റുമായി മാരുതി ഓള്‍ട്ടോയാണ് രണ്ടാം സ്ഥാനത്ത്. മാരുതിയുടെ തന്നെ ടോള്‍ബോയ് വാഗണ്‍ആറിനാണ് മൂന്നാം സ്ഥാനം. 9151 യൂണിറ്റ് വാഗണ്‍ ആറുകളാണ് ഇക്കാലത്ത് വിറ്റത്. പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റാണ് 8575 യൂണിറ്റ് വില്‍പനയുമായി നാലാമത്.

കിയയുടെ ജനപ്രിയ എസ്‌യുവി സെല്‍റ്റോസിനാണ് അഞ്ചാം സ്ഥാനം. 7466 യൂണിറ്റ് സെല്‍റ്റോസുകള്‍ നിരത്തിലേക്കിറങ്ങി. 6706 യൂണിറ്റ് വില്‍പനയുമായി ഹ്യുണ്ടായ് എസ്‌യു‌വി ക്രേറ്റ ആറാം സ്ഥാനത്തും 6127 യൂണിറ്റ് വില്‍പനയുമായി വെന്യു ഏഴാം സ്ഥാനവും സ്വന്തമാക്കി. മാരുതിയുടെ യൂട്ടിലിറ്റി വാഹനമായ ഈക്കോ 5966  യൂണിറ്റുമായി എട്ടാം സ്ഥാനത്തുണ്ട്. ഒമ്പതാം സ്ഥാനത്ത് 5513 യൂണിറ്റ് വില്‍പനയുമായി ബ്രെസയാണ്. 5476 യൂണിറ്റ് വില്‍പനയുമായി മാരുതിയുടെ തന്നെ ജനപ്രിയ സെഡാന്‍ ഡിസയറാണ് പത്താം സ്ഥാനത്ത്.