Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍; ആശങ്കകളകറ്റി വണ്ടിക്കമ്പനികള്‍

ലോക്ക്ഡൗണിന്‍റെ സാഹചര്യത്തില്‍ ഉപഭോക്തൃ സൗഹൃദ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് വിവിധ വാഹന നിര്‍മാതാക്കള്‍

Vehicle Warranty And Service Period Of Lock Down
Author
Mumbai, First Published Apr 4, 2020, 7:40 PM IST

ലോക്ക്ഡൗണിന്‍റെ സാഹചര്യത്തില്‍ ഉപഭോക്തൃ സൗഹൃദ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് വിവിധ വാഹന നിര്‍മാതാക്കള്‍. മാരുതി സുസുക്കി, ഫോക്‌സ് വാഗണ്‍, ബജാജ്, യമഹ, ടൊയോട്ട, ടാറ്റ മോട്ടോഴ്‌സ്, ഫോഡ്, ടിവിഎസ്, ഹ്യുണ്ടായ് തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ വില്‍പ്പന നടത്തിയ വാഹനങ്ങളുടെ വാറന്റി കാലാവധി ദീര്‍ഘിപ്പിച്ചു. ഇതോടൊപ്പം സൗജന്യ സര്‍വീസുകള്‍ ലഭിക്കുന്നതിന്റെ കാലയളവ് നീട്ടുകയും ചെയ്തു.

വില്‍പ്പന നടത്തിയ വാഹനങ്ങളുടെ വാറന്റി കാലയളവ് ദീര്‍ഘിപ്പിക്കുന്നതായി മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി പ്രഖ്യാപിച്ചു. മാര്‍ച്ച് 15 നും ഏപ്രില്‍ 30 നുമിടയില്‍ സൗജന്യ സര്‍വീസ്, വാറന്റി, എക്‌സ്റ്റെന്‍ഡഡ് വാറന്റി എന്നിവ തീരുന്ന വാഹനങ്ങള്‍ക്ക് ഇവ ജൂണ്‍ 30 വരെ നീട്ടിനല്‍കി. മാത്രമല്ല, നെക്‌സ, അരീന ഔട്ട്‌ലെറ്റുകള്‍ ഉപയോക്താക്കള്‍ക്ക് 24 മണിക്കൂറും സഹായം ലഭ്യമാക്കുമെന്ന് മാരുതി സുസുകി അറിയിച്ചു. ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ കാറുകള്‍ പരിപാലിക്കേണ്ടത് സംബന്ധിച്ച് കമ്പനി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

വില്‍പ്പന നടത്തിയ വാഹനങ്ങളുടെ സര്‍വീസ്, വാറന്റി ദീര്‍ഘിപ്പിക്കുകയാണെന്ന് ഫോര്‍ഡ് ഇന്ത്യ പ്രഖ്യാപിച്ചു. എല്ലാ വാഹനങ്ങളുടെയും വാറന്റി, എക്‌സ്റ്റെന്‍ഡഡ് വാറന്റി, സൗജന്യ സര്‍വീസ്, പെയ്ഡ് സര്‍വീസ് എന്നിവ ജൂണ്‍ 30 വരെ നീട്ടുകയാണെന്ന് ഫോഡ് ഇന്ത്യ അറിയിച്ചു. കൂടാതെ, ഇതിനകം ബുക്കിംഗ് നടത്തിയ ബിഎസ് 6 കാറുകളുടെ വിലയില്‍ ഏപ്രില്‍ 30 വരെ മാറ്റമുണ്ടായിരിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഉപയോക്താക്കള്‍ക്കായി പാതയോര സഹായം (ആര്‍എസ്എ), ഉപഭോക്തൃ സേവന കേന്ദ്രം എന്നിവ ഏര്‍പ്പെടുത്തിയതായി ഫോര്‍ഡ് ഇന്ത്യ അറിയിച്ചു.

ഡീലര്‍ പങ്കാളികള്‍ക്കായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ പ്രതിസന്ധി മറികടക്കുന്നതിന് ഡീലര്‍ പങ്കാളികള്‍ക്ക് ആവശ്യമായ സഹായം പ്രത്യേക പാക്കേജ് അനുസരിച്ച് ടികെഎം നല്‍കും. ബിസിനസ് സജീവമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ പണലഭ്യത ‘കൊവിഡ് പാക്കേജ്’ വഴി ടികെഎം ഉറപ്പുവരുത്തും. ഡീലര്‍മാരുടെ ക്ലെയിമുകള്‍ക്ക് അതിവേഗം പരിഹാരം കാണും.

കാറുകളുടെ വാറന്റി, സൗജന്യ സര്‍വീസ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. മാര്‍ച്ച് 15 നും മെയ് 31 നുമിടയില്‍ വാറന്റി അവസാനിക്കുന്ന കാറുകളുടെ സര്‍വീസ് കാലയളവ് നീട്ടാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ തീരുമാനം. കാറുകളുടെ സര്‍വീസ് വാറന്റി ജൂലൈ 31 വരെയാണ് നീട്ടുന്നത്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു കാരണം കാറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാത്തവര്‍ക്കാണ് വാറന്റിയും സൗജന്യ സര്‍വീസ് കാലയളവും (കിലോമീറ്റര്‍ പരിഗണിക്കില്ല) ദീര്‍ഘിപ്പിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് ആഭ്യന്തര, അന്താരാഷ്ട്ര ബിസിനസ് വിഭാഗം സീനിയര്‍ ജനറല്‍ മാനേജറും കസ്റ്റമര്‍ കെയര്‍ മേധാവിയുമായ ശുഭജിത് റോയ് പറഞ്ഞു.

ഓണ്‍ലൈന്‍ ബുക്കിംഗ്, ഹോം ഡെലിവറി സൗകര്യം ഏര്‍പ്പെടുത്തിയതായും ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. എല്ലാ ടാറ്റ കാറുകളും ഓണ്‍ലൈന്‍ വഴി ബുക്കിംഗ് നടത്താന്‍ കഴിയും. ഡിജിറ്റല്‍ വാങ്ങലുകള്‍ നടത്താനാണ് കമ്പനി സൗകര്യമൊരുക്കുന്നത്. ഇതിനായി ടാറ്റ മോട്ടോഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയാണ് വേണ്ടത്. 5,000 രൂപ (ടിയാഗോ ഫേസ് ലിഫ്റ്റ്) മുതല്‍ 30,000 രൂപ (2020 ബിഎസ് 6 ഹാരിയര്‍) വരെയാണ് ബുക്കിംഗ് തുക. എല്ലാം ബിഎസ് 6 മോഡലുകളാണ്. രജിസ്‌ട്രേഷന്‍, ഡെലിവറി എന്നിവ ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷമായിരിക്കും നടത്തുന്നത്.

സ്റ്റാന്‍ഡേഡ് വാറന്റി, എക്‌സ്റ്റെന്‍ഡഡ് വാറന്റി കാലാവധിയും സൗജന്യ സര്‍വീസുകളും രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു.

മാര്‍ച്ച് 22 നും മെയ് പകുതിക്കുമിടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) സ്റ്റാന്‍ഡേഡ് വാറന്റി അവസാനിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ജൂലൈ 31 വരെ ‘സ്‌പെഷല്‍ സപ്പോര്‍ട്ട്’ ലഭിക്കുമെന്ന് ഫോക്‌സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ അറിയിച്ചു. സ്റ്റാന്‍ഡേഡ് വാറന്റി അനുസരിച്ചുള്ള എല്ലാ അറ്റകുറ്റപ്പണികളും (റിപ്പയര്‍) തികച്ചും സൗജന്യമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി. മാര്‍ച്ച് 22 നും ഏപ്രില്‍ 15 നുമിടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) സ്റ്റാന്‍ഡേഡ് വാറന്റി അവസാനിക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും സ്റ്റാന്‍ഡേഡ് വാറന്റി അവസാനിച്ച് 60 ദിവസത്തിനുള്ളില്‍ എക്‌സ്റ്റെന്‍ഡഡ് വാറന്റി വാങ്ങാന്‍ കഴിയും. ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ വെല്‍ക്കം, പെയ്ഡ് സര്‍വീസ് നടത്താന്‍ കഴിയാതെ പോയവര്‍ക്ക് ജൂലൈ 31 വരെ സമയം നല്‍കി.

ഇരുചക്ര വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും സൗജന്യ സര്‍വീസുകളും വാറന്റിയും ദീര്‍ഘിപ്പിക്കുന്നതായി ബജാജ് ഓട്ടോ അറിയിച്ചു. മാര്‍ച്ച് 20 നും ഏപ്രില്‍ 30 നുമിടയില്‍ വാറന്റിയും സൗജന്യ സര്‍വീസ് കാലയളവും അവസാനിക്കുന്ന ഇരുചക്ര വാഹന ഉപയോക്താക്കള്‍ക്ക് മെയ് 31 വരെ സമയം നീട്ടിനല്‍കി. അതേസമയം, ഏപ്രില്‍ 30 ന് അവസാനിക്കേണ്ട മൂന്നുചക്ര വാഹനങ്ങള്‍, ക്യൂട്ട് ക്വാഡ്രിസൈക്കിള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാണിജ്യ വാഹനങ്ങളുടെ സൗജന്യ സര്‍വീസ്, വാറന്റി കാലയളവ് രണ്ട് മാസത്തേക്ക് ദീര്‍ഘിപ്പിച്ചു.

ഇരുചക്ര വാഹനങ്ങളുടെ വാറന്റി, സര്‍വീസുകള്‍ എന്നിവ ദീര്‍ഘിപ്പിക്കുന്നതായി യമഹ മോട്ടോര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ കാലാവധി തീര്‍ന്നതുകാരണം വാഹനങ്ങള്‍ സര്‍വീസ് ചെയ്യുന്നതിനും വാറന്റി ആനുകൂല്യം ലഭിക്കുന്നതിനും ചില ഉപയോക്താക്കള്‍ക്ക് കഴിയാതെ പോകുന്ന കാര്യം മനസിലാക്കുന്നതായി ജാപ്പനീസ് ബ്രാന്‍ഡ് പ്രസ്താവിച്ചു. കാലാവധി അവസാനിക്കുന്നതു മുതല്‍ 60 ദിവസത്തേക്ക് (ജൂണ്‍ വരെ) സര്‍വീസുകള്‍ നീട്ടിയതായി യമഹ വ്യക്തമാക്കി. മാര്‍ച്ച് 15 നും ഏപ്രില്‍ 15 നുമിടയില്‍ സൗജന്യ സര്‍വീസുകളുടെ കാലാവധി തീരുന്ന ഉപയോക്താക്കള്‍ക്ക് ജൂണ്‍ വരെ നീട്ടിനല്‍കി. മാര്‍ച്ച് 15 നും ഏപ്രില്‍ 15 നുമിടയില്‍ സ്റ്റാന്‍ഡേഡ് വാറന്റി, എക്‌സ്റ്റെന്‍ഡഡ് വാറന്റി അവസാനിക്കുന്ന ഉപയോക്താക്കള്‍ക്ക് ജൂണ്‍ വരെ ദീര്‍ഘിപ്പിച്ചു. മാത്രമല്ല, മാര്‍ച്ച് 15 നും ഏപ്രില്‍ 15 നുമിടയില്‍ വാര്‍ഷിക പരിപാലന കരാര്‍ (എഎംസി) അവസാനിക്കുന്നവര്‍ക്കും ജൂണ്‍ വരെ സമയം നല്‍കി.

ലോക്ക്ഡൗണ്‍ കാലത്ത് ഉപയോക്താക്കള്‍ക്കായി പ്രത്യേക സേവനങ്ങള്‍ ആരംഭിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ 18002587111 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. ഇതേ നമ്പറില്‍ പാതയോര സഹായം 24 മണിക്കൂറും ലഭ്യമായിരിക്കും. മാത്രമല്ല, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലഭിക്കേണ്ട സൗജന്യ സര്‍വീസ് ജൂണ്‍ വരെ ലഭ്യമായിരിക്കുമെന്ന് ടിവിഎസ് വ്യക്തമാക്കി. മാര്‍ച്ച് ഒന്നിനും ഏപ്രില്‍ 30 നും ഇടയില്‍ അവസാനിക്കുന്ന വാറന്റി ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലഭിക്കേണ്ട എഎംസി സര്‍വീസുകള്‍ ജൂണ്‍ വരെ ലഭ്യമായിരിക്കും.

Follow Us:
Download App:
  • android
  • ios