പൂനെ: വാഹനമോടിക്കാന്‍ റോഡും നടന്നുപോകാന്‍ നടപ്പാതയുമെന്നതാണ് ലോകത്തെ എല്ലായിടത്തും പാലിച്ചുപോരുന്നത്. എന്നാല്‍ റോഡില്‍ തിരക്കുകൂടുമ്പോള്‍ ഇരുചക്രവാഹനവുമെടുത്ത് നടപ്പാതയിലേക്ക് കയറുന്നത് നമ്മുടെ നാട്ടിലൊക്കെ സ്ഥിരം കാഴ്ചയാണ്. 

നടന്നുപോകാന്‍ പോലും സ്ഥലം നല്‍കാതെ ബൈക്കുമെടുത്ത് നടപ്പാതയിലേക്ക് കയറിയ യാത്രികരെ തടഞ്ഞുവച്ച കാല്‍നട യാത്രികയുടെ വീടിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ട്രാഫിക് പൊലീസ് ചെയ്യണ്ട കാര്യം പ്രായമായവര്‍ ചെയ്യേണ്ടി വരുന്നത് കാണുന്നത് വലിയ കഷ്ടമാണെന്ന കുറിപ്പോടെയാണ് റോഡ്സ് ഓഫ് മുംബൈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

പൂനെയിലാണ് സംഭവം നടന്നത്. പൂനെ സ്വദേശിയായ നിര്‍മ്മല ഗോഖലെ എന്ന സ്ത്രീയാണ് നടപ്പാതയിലേക്ക് ബൈക്കുമായി കയറിയ ആളെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിക്കാതെ മുന്നില്‍ നിന്നത്. ഓരോ ആളും സ്കൂട്ടറുമായി വരുമ്പോഴും നിര്‍മ്മല മുമ്പില്‍ നിന്നു. ഇതോടെ അവര്‍ക്ക് നടപ്പാതയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങേണ്ട അവസ്ഥയായി. 

പൂനെയിലെ എസ് എന്‍ ടി ഡി കോളേജിന് മുന്നിലുള്ള കനാല്‍ റോഡിലെ ഗതാഗതക്കുരുക്കില്‍ പെടാതിരിക്കാനുള്ള പെടാപാടിലായിരുന്നു ബൈക്ക് യാത്രികര്‍. ഇവര്‍ക്ക് മുന്നില്‍ നിന്ന നിര്‍മ്മല, 'പോകണമെന്ന് നിര്‍ബന്ധമെങ്കില്‍ എന്നെ തട്ടിയിട്ട് പോകൂ' എന്ന് അവരോട് ശക്തമായി പറയുന്നതും വീഡിയോയില്‍ വ്യക്തം.