' ആനയെ വാങ്ങാൻ കാശുണ്ട്, തോട്ടി വാങ്ങാൻ കാശില്ല' എന്ന് കേട്ടിട്ടില്ലേ..? അത് സത്യമാവുന്നത് ഫിൻലൻഡ്‌ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന   'അവൈൻ കീസ് ' എന്ന കടയിൽ നിന്നും നിങ്ങളുടെ കാറിന് വേണ്ടി ഒരു താക്കോൽ വാങ്ങണമെന്ന് കരുതിയാലാവും. ലോകത്തിലേക്കും വെച്ച് ഏറ്റവും വിലപിടിപ്പുള്ള കാർ താക്കോലുകൾ ഓർഡർ പ്രകാരം നിർമിച്ചു നൽകുന്ന സ്ഥാപനമാണ്  'അവൈൻ കീസ് ' .

മൂന്ന് മോഡലുകളിലാണ് അവൈൻ പ്രധാനമായും കാറിന്റെ താക്കോലുകൾ ഉണ്ടാക്കുന്നത്. ഏറ്റവും വിലപിടിപ്പുള്ള ഹൈ എൻഡ് ലക്ഷ്വറി മോഡൽ ആയ ഫാന്റം (Fantom) സീരീസ് താക്കോലുകളുടെ വില  വെറും 5,62,925  ഡോളർ മാത്രം.  അതായത് ഇന്ത്യൻ ഉറുപ്പിക തുച്ഛം മൂന്നുകോടി തൊണ്ണൂറുലക്ഷം രൊക്കം. അത്രയും കാശുകൊടുത്താലെന്താ.. മുതലാണ് ഈ താക്കോൽ. 34.5  കാരറ്റ് ഡയമണ്ടുകളാണ് ഈ കാർ കീയിൽ പതിപ്പിച്ചിരിക്കുന്നത്.  ഈ താക്കോൽ നിർമ്മിക്കുന്ന അവൈൻ കീസിന്റെ ടീമിൽ എഞ്ചിനീയർമാർ, ആഭരണനിർമ്മാണ വിദഗ്ധർ, വാച്ച് മേക്കർമാർ എങ്ങനെ ആവശ്യമുള്ള മേഖലകളിൽ നിന്നെല്ലാമുള്ള സാങ്കേതികത്തികവുള്ള കലാകാരന്മാരാണുള്ളത്.  അതുകൊണ്ടു തന്നെ കൃത്യതയുടേയും പെർഫെക്ഷന്റെയും കാര്യത്തിൽ നോ കോംപ്രമൈസ്..!

 താരതമ്യേന വിലക്കുറവുള്ള  'ക്വാണ്ടം'(Quantum) മോഡൽ  കാർ താക്കോലുകളുടെ തുടക്കവില  ഏകദേശം 55,166 ഡോളറാണ്. അതായത് ഏകദേശം 38  ലക്ഷം രൂപ. അതിൽ ലതർ-വുഡ് പ്രതലത്തിൽ വട്ടത്തിൽ 18  അല്ലെങ്കിൽ 24  കാരറ്റ് സ്വർണ്ണം പറ്രഹിപ്പിച്ചിട്ടുണ്ട്. 3.45 വരുന്ന 354  വജ്രങ്ങൾ പതിപ്പിച്ച മറ്റൊരു വേരിയന്റും ഉണ്ട്. 
 
കുറഞ്ഞ മോഡലായ ക്വാണ്ടത്തിനും കൂടിയ മോഡലായ ഫാന്റത്തിനും ഇടയിലായി സെറിനിറ്റി(Serenity)  എന്നൊരു സീരീസ് കൂടി ഉണ്ട്. അതിന്റെ വില ഒരു ലക്ഷം ഡോളറിൽ തുടങ്ങുന്നു. അതായത്  കദേശം എഴുപതു ലക്ഷം രൂപ.  20 കാരറ്റോളം വരുന്ന 1250  വജ്രങ്ങളാണ് സെറിനിറ്റിയിൽ പതിപ്പിച്ചിട്ടുള്ളത്. 


ഒരൊറ്റ  താക്കോൽ പണിതീർക്കാൻ വേണ്ടി മാത്രം അവൈൻ കമ്പനി നിങ്ങൾക്കായി യത്നിക്കുന്നത് 100  മുതൽ 300  മണിക്കൂർ നേരമാണ്. ഇത്രയും നേരം ഒരുത്പന്നത്തിനുമേൽ ചെലവിടുന്ന അവർക്ക് ആ ഉത്പന്നം അർഹിക്കുന്ന കരങ്ങളിൽ എത്തണമെന്നും നിർബന്ധമുണ്ട്. അതായത്, നിങ്ങൾക്ക് ആ താക്കോൽ വാങ്ങാനുള്ള പാങ്ങുണ്ടെങ്കിലും നിങ്ങളുടെ വണ്ടി ആ താക്കോലിനെ അർഹിക്കുന്നുണ്ടെന്ന് അവർക്ക് ബോധ്യം വന്നാൽ മാത്രമേ അവരാ താക്കോൽ നിർമിച്ചു തരൂ. ആ ലിസ്റ്റിൽ ഇപ്പോഴുള്ള ബ്രാൻഡുകൾ ഇവയാണ് - മെഴ്‌സിഡസ് ബെൻസ്, ലംബോർഗിനി, ബെന്റ്ലി, ആസ്റ്റിൻ മാർട്ടിൻ, ബുഗാട്ടി, മാസെരാട്ടി, മക്ലാരൻ, പോർഷെ, റോൾസ് റോയ്‌സ്.  മെഴ്‌സിഡസ് ബെൻസിന്റെ തന്നെ വിലകൂടിയ മോഡലുകൾക്കുമാത്രമേ അവൈൻ കീ നിർമിക്കാനുള്ള അർഹത അവർ കാണുന്നുള്ളൂ.. ഈ ലിസ്റ്റിലില്ലാത്ത ചില പ്രശസ്ത ബ്രാൻഡുകൾ ഫെറാരി, ഔഡി, ബിഎംഡബ്ല്യൂ എന്നിവയാണ്. 


" ഞാനും ഒരു കാർ ഭ്രാന്തനാണ്. ലോകത്തിലെ ഏറ്റവും നല്ല കാറുകൾ  ഏറ്റവും മികച്ച താക്കോലുകളും അർഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.. അതാണ് ഇത്തരത്തിലുള്ള ഉദാത്തമായ താക്കോലുകൾ നിർമിക്കാൻ എന്നെ പ്രേരിപ്പിച്ചത് " എന്നാണ് അവൈൻ കീസിന്റെ CEO ജൽമാരി മാറ്റില ഒരിക്കൽ പറഞ്ഞത്.

കാർ കീ ലോകത്തെ ബെന്റ്ലിയോ റോൾസ് റോയ്‌സോ ഒക്കെയാണ് അവൈൻ. ഒരു കാറിന്റെ താക്കോലിന്മേൽ  ഇങ്ങനെ പൈസ പൊട്ടിക്കേണ്ട കാര്യമുണ്ടോ എന്ന് സംശയം തോന്നുന്നുണ്ടോ..? എന്നാൽ കേട്ടോളൂ,  2018-ൽ ഇംഗ്ലണ്ടിലെ ഖാൻ ഡിസൈൻസ് ഉടമ അഫ്സൽ ഖാൻ, തന്റെ ബുഗാറ്റി വെയ്‌റോൺ കാറിന്  'F-1' എന്ന രജിസ്‌ട്രേഷൻ നമ്പർ കിട്ടാൻ വേണ്ടി  ചെലവിട്ടത് 14,412,093.99 പൗണ്ടാണ്. അതായത് 132  കോടി ഉറുപ്പിക.

അപ്പോൾ പിന്നെ ഒരു കാർ കീയ്ക്കുവേണ്ടി ഏകദേശം നാലുകോടി രൂപ എന്ന് പറഞ്ഞാൽ അത്രയ്ക്ക് അധികമൊന്നും അല്ല.. അല്ലേ..?