ഇന്ത്യയിലെ ഓര്‍ഡര്‍ ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങളെ കൂട്ടുപിടിക്കാന്‍ ഒരുങ്ങി ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റായ ആമസോണ്‍. പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി 2025-ഓടെ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ ഡെലിവറി ആവശ്യത്തിനായെത്തിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. 

2030-ഓടെ ത്രീ വീലറും ഫോര്‍ വീലറും ഉള്‍പ്പെടെ ഒരുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഇതുവഴി പ്രതിവര്‍ഷം നാല് മില്ല്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് ഇ-വാനുകള്‍ വാങ്ങുന്ന വിവരം ട്വിറ്ററില്‍ പങ്കുവെച്ചത്. 

2019ല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമാണെന്ന് കണ്ടെതിനാലാണ് ഇന്ത്യയിലൊട്ടാകെ ഇത് വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നത്. ആഗോള തലത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി ഒരു ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപയോഗിക്കുമെന്ന് ക്ലൈമറ്റ് പ്ലഡ്ജില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ ഇന്ത്യയില്‍ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി ആഘാതം കുറയ്ക്കുക എന്ന പ്രാഥമിക ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ ആമസോണിന് ഉള്ളത്. 

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ആദ്യഘട്ടമായി കഴിഞ്ഞ വര്‍ഷം ഏതാനും വാഹനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇവ ഈ വര്‍ഷം ദില്ലി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ, നാഗ്പുര്‍, കോയമ്പത്തൂര്‍ എന്നി നഗരങ്ങളില്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം മുതല്‍ റിവിയന്‍ ഇലക്ട്രിക് വാനുകളാണ് സര്‍വീസിനിറങ്ങുന്നത്. 2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പത്തു വര്‍ഷം മുമ്പേ തന്നെ കൈവരിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. 

ഇതിനായി അമേരിക്കയിലെ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ റിവിയന്‍ ഓട്ടോമോട്ടീവിന് ഓര്‍ഡര്‍ ആമസോണ്‍ നല്‍കിയിരുന്നു. ഒരു ലക്ഷം ഇലക്ട്രിക് വാനുകള്‍ക്കുള്ള ഓര്‍ഡറാണ് നല്‍കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ഓര്‍ഡറാണിതെന്നാണ് കമ്പനി പറയുന്നത്. ആമസോണിനായി പ്രത്യേകം രൂപകല്‍പന ചെയ്യുന്ന ഈ വാനുകള്‍ മിത്സുബിഷിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇല്ലാനയോയിസിലെ നിര്‍മാണ കേന്ദ്രത്തിലാണ് നിര്‍മിക്കുക. 

ആദ്യ ഘട്ടത്തില്‍ അമേരിക്കയിലെ പ്രധാനപ്പെട്ട നഗരങ്ങളിലാണ് റിവിയന്‍ ഇ-വാനുകള്‍ ആമസോണ്‍ ഉപയോഗപ്പെടുത്തുക. ശേഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് ഇന്ത്യയിലും ഈ വാഹനങ്ങള്‍ എത്തുന്നത്. 

ഡെലിവറിക്കുള്ള ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ഏതാനും ഇന്ത്യന്‍ കമ്പനികളുമായും ആമസോണ്‍ സഹകരിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെയിം-2 ഇലക്ട്രിക് വാഹനനയം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് ആമസോണിനെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകളില്‍ നിന്ന് പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്ന പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷത്തോടെ പുനരുപയോഗമില്ലാത്ത പ്ലാസ്റ്റിക്കുകള്‍ പാക്കേജിംഗ് കേന്ദ്രങ്ങളില്‍ നിന്ന് തുടച്ച് നീക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.