Asianet News MalayalamAsianet News Malayalam

പുതിയ 'ബോസി'നെ അവതരിപ്പിച്ച് അശോക് ലെയ്‌ലന്‍ഡ്; എല്‍എക്സ്, എല്‍ഇ ട്രക്കുകള്‍ വിപണിയില്‍

ഇന്റര്‍മീഡിയറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (ഐസിവി) വിഭാഗത്തില്‍ അശോക് ലെയ്ലന്‍ഡില്‍ നിന്നുള്ള മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് ബോസ്.
 

Ashok Leyland Introduce Boss LX
Author
Kochi, First Published Oct 22, 2020, 11:10 PM IST

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലന്‍ഡ് ഐ-ജെന്‍6 ബിഎസ്-6 സാങ്കേതികവിദ്യയോടു കൂടിയ ബോസ് എല്‍എക്സ്, എല്‍ഇ ട്രക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്റര്‍മീഡിയറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ (ഐസിവി) വിഭാഗത്തില്‍ അശോക് ലെയ്ലന്‍ഡില്‍ നിന്നുള്ള മുന്‍നിര ബ്രാന്‍ഡുകളിലൊന്നാണ് ബോസ്. 11.1 ടണ്‍ മുതല്‍ 14.05 ടണ്‍ ഭാരം വരെ വഹിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

14 അടി മുതല്‍ 24 അടി വരെയുള്ള ലോഡിങ് സ്പാനിനൊപ്പം, ഉയര്‍ന്ന സൈഡ് ഡെക്ക്, ഫിക്സഡ് സൈഡ് ഡെക്ക്, ഡ്രോപ്പ് സൈഡ് ഡെക്ക്, ക്യാബ് ചേസിസ്, കണ്ടെയ്നര്‍, ടിപ്പര്‍ തുടങ്ങിയ ബോഡി ടൈപ്പ് ഓപ്ഷനുമുള്ളതിനാല്‍ ഉപയോക്താക്കള്‍ക്ക് ഒന്നിലധികം കോമ്പിനേഷനുകളില്‍ നിന്ന് വാഹനം തെരഞ്ഞെടുക്കാം. 18 ലക്ഷം രൂപയാണ് മുംബൈ/ദില്ലി/ചെന്നൈ എക്സ്ഷോറൂം പ്രാരംഭ വില എന്നും കമ്പനി വ്യക്തമാക്കി.

ഉപയോക്താക്കള്‍ക്ക് രണ്ട് ക്യാബിന്‍ ഓപ്ഷനുകളില്‍ നിന്ന് തെരഞ്ഞെടുക്കാവുന്നതോടൊപ്പം 7% വരെ ഉയര്‍ന്ന കാര്യക്ഷമത, അഞ്ചുശതമാനം വരെ മികച്ച ടയര്‍ ലൈഫ്, 30 ശതമാനം വരെ ദൈര്‍ഘ്യമുള്ള സര്‍വീസ്, അഞ്ചു ശതമാനം വരെ കുറഞ്ഞ അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവ ലഭിക്കുന്നു.  ഡ്രൈവര്‍മാര്‍ക്കായി ഏറ്റവും മികച്ച സ്ഥിരിവിവര സംവിധാനവും സുരക്ഷ സവിശേഷതകളും ഉള്‍ക്കൊള്ളിച്ച് പൂര്‍ണമായും നിര്‍മിച്ച വാഹനമായും ബോസ് ലഭ്യമാവും. ഇന്റലിന്‍സ് അലേര്‍ട്ട്, റിമോട്ട് ഡയ്ഗ്‌നോസ്റ്റിക്സ് പോലുള്ള ഡിജിറ്റല്‍ സവിശേഷതകളോടെയാണ് ഇത് എത്തുന്നത്.

ബോസ് എല്‍എക്സ്, എല്‍ഇ വേരിയന്റുകള്‍ക്ക് നാലുവര്‍ഷം അല്ലെങ്കില്‍ നാലുലക്ഷം കി.മീ വാറണ്ടിയുണ്ട്. ഇത് ആറുവര്‍ഷം വരെ ദീര്‍ഘിപ്പിക്കാം. ക്വിക്ക് ആക്സിഡന്റ് റിപ്പയര്‍ പിന്തുണയാണ് മറ്റൊരു സവിശേഷത. വില്‍പ്പനക്കും തുടര്‍സര്‍വീസിനുമായി മൂവായിരത്തിലേറെ ടച്ച് പോയിന്റുകള്‍, 24 മണിക്കൂറും ഉപഭോക്തൃ സഹായം ലഭ്യമാക്കുന്ന അപ്ടൈം സൊല്യൂഷന്‍ സെന്റര്‍ എന്നിവയും കമ്പനി ഉറപ്പ് നല്‍കുന്നു.

ഐ-ജെന്‍6 ബിഎസ്-6 സാങ്കേതികവിദ്യയോടു കൂടിയ അശോക് ലേയ്ലന്‍ഡ് ബോസ് എല്‍എക്സ്, എല്‍ഇ ട്രക്കുകളുടെ അവതരണം തങ്ങളുടെ ഈ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ലോകത്തിലെ മികച്ച വാണിജ്യവാഹന നിര്‍മാതാക്കളില്‍ ഉള്‍പ്പെടാനുള്ള തങ്ങളുടെ ലക്ഷ്യം നേടാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അശോക് ലേയ്ലന്‍ഡിന്റെ എംഡിയും സിഇഒയുമായ വിപിന്‍ സോന്ധി പറഞ്ഞു.

കഴിഞ്ഞ എട്ട് വര്‍ഷമായി തങ്ങള്‍ ഐസിവി വിഭാഗത്തില്‍ വിപണി വിഹിതം തുടര്‍ച്ചയായി നേടുന്നുണ്ടെന്നും തങ്ങളുടെ ബ്രാന്‍ഡായ ബോസ് ആ വളര്‍ച്ചക്ക് നേതൃത്വം നല്‍കുന്നുണ്ടെന്നും അശോക് ലേയ്ലന്‍ഡ് സിഒഒ അനുജ് കതൂരിയ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios