ബജാജിന്‍റെ എന്‍ട്രി ലവലിലെ ജനപ്രിയ മോഡലുകളാണ് സിടി 100, പ്ലാറ്റിന എന്നിവ. മികച്ച മൈലേജും മോഹവിലയുമെല്ലാം കൊണ്ട് സാധാരണക്കാരന്‍റെ ബൈക്ക് എന്ന സ്വപ്‍നത്തെ എളുപ്പം സാക്ഷാല്‍ക്കരിക്കുന്നു ഈ മോഡലുകള്‍.  ഇപ്പോഴിതാ സിടി 100, പ്ലാറ്റിന മോഡലുകളുടെ ബിഎസ്6 പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ബജാജ് ഓട്ടോ. കമ്പനിയുടെ വാഹന നിരയില്‍ നിന്നുള്ള ആദ്യ ബിഎസ്6 മോട്ടോര്‍ സൈക്കിളുകളാണിത്. 

ഇരു മോഡലുകളിലും ഇപ്പോള്‍ ഫ്യൂവല്‍-ഇഞ്ചക്ഷന്‍ സംവിധാനം കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതോടെ ബൈക്കുകള്‍ക്ക് മികച്ച് മൈലേജും, സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 

നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ്6 മോഡലുകളില്‍ നിന്നും 6,000-7,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പുകള്‍ക്ക് ഉണ്ടായിരിക്കുന്നത്. 

പുതുക്കിയ എക്സ്ഹോസ്റ്റും പുതിയ മോഡലുകളുടെ സവിശേഷതയാണ്. ചെയിന്‍ കവര്‍, ഫോര്‍ക്ക് തുടങ്ങിയ ഘടകങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ബ്ലാക്ക് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ബിഎസ് 4 മോഡലില്‍ ഇത് സില്‍വര്‍ ഫിനിഷുകളായിരുന്നു.

ഇതുകൂടാതെ, മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഇരുമോഡലുകളിലും കമ്പനി വരുത്തിയിട്ടില്ല. 102 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് സിടി100 -ന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 7.5 bhp കരുത്തും 5,500 rpm -ല്‍ 8.24 Nm torque ഉം സൃഷ്ടിക്കും.

ബജാജ് സിടി110 -ന്, പ്ലാറ്റിന 110 -ല്‍ ലഭിച്ചിരിക്കുന്ന അതേ 115 സിസി എഞ്ചിന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്. ഈ എഞ്ചിന്‍, 7,000 rpm -ല്‍ 8.4 bhp കരുത്തും 5,000 rpm -ല്‍ 9.81 Nm torque ഉം സൃഷ്ടിക്കും. രണ്ട് ബൈക്കുകളിലും ഇപ്പോള്‍ ഇലക്ട്രോണിക്ക് ഇഞ്ചക്ഷന്‍ (EI) സംവിധാനമുണ്ട്.

ബജാജ് പ്ലാറ്റിനയുടെ 100 സിസി മോഡലിന് 102 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനും, ബജാജ് പ്ലാറ്റിന 110 H-gear മോഡലിന് 110 സിസി എഞ്ചിനുമാണ് ഹൃദയം. 7,000 rpm -ല്‍ 8.4 bhp കരുത്തും 5,000 rpm -ല്‍ 9.81 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഇവയും ഇപ്പോള്‍ ഇലക്ട്രോണിക്ക് ഇഞ്ചക്ഷന്‍ (EI) സംവിധാനത്തോടെയാണ് വിപണിയില്‍ എത്തുന്നത്.

ഇത് മികച്ച മൈലേജും, ബൈക്കുകള്‍ക്ക് സുഗമമായ പ്രകടനവും വാഗ്ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2019ലാണ് സിടി 110 -ന്റെ യും പ്ലാറ്റിന H-gear മോഡലിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.

പുതിയ സ്റ്റിക്കറുകളും ബോഡി ഗ്രാഫിക്സും CT110 -ന് പതിവില്ലാത്ത പുതുമ സമര്‍പ്പിക്കും. യാത്രാസുഖം വര്‍ധിപ്പിക്കാനായി പതുപതുത്ത സീറ്റാണ് ബൈക്കിന് ബജാജ് നല്‍കുന്നത്. ഇന്ധനടാങ്കില്‍ റബര്‍ പാഡിങ്ങും ഒരുങ്ങുന്നുണ്ട്.

125 mm ട്രാവലുള്ള ടെലിസ്‌കോപിക്ക് ഫോര്‍ക്കുകള്‍ മുന്നിലും ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍ പിന്നിലും ബൈക്കില്‍ സസ്പെന്‍ഷന്‍ നിറവേറ്റുന്നത്. മൂന്നു നിറങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് വരുന്നത്. ഗ്ലാസ് എബണി ബ്ലാക്ക്, മാറ്റ് ഒലീവ് ഗ്രീന്‍, ഗ്ലാസ് ഫ്ളെയിം റെഡ് നിറങ്ങള്‍ CT110 -ല്‍ തിരഞ്ഞെടുക്കാം.

100 സിസിയില്‍ എത്തിയിരുന്ന പ്ലാറ്റിനയുടെ 115 സിസി പതിപ്പായ പ്ലാറ്റിന 110സിബിഎസിനെയും 2019 ലാണ് കമ്പനി അവതരിപ്പിക്കുന്നത്. പഴയ രൂപത്തില്‍ നിന്ന് മൂന്ന് എംഎം നീളവും ഏഴ് എംഎം ഉയരവും പുതിയ പ്ലാറ്റിനയ്ക്ക് കൂടുതലുണ്ട്. എന്നാല്‍ ഇന്ധന ടാങ്കിന്‍റെ കപ്പാസിറ്റി 11 ലിറ്ററായി കുറച്ചു. ആന്റി സ്‌കിഡ് ബ്രേക്കിങ് സിസ്റ്റം എന്ന് പേര് നല്‍കിയിട്ടുള്ള കോംബി ബ്രേക്കിങ് സംവിധാനം, ഓപ്ഷണലായിട്ടുള്ള ഡിസ്‌ക് ബ്രേക്ക് തുടങ്ങിയവ പ്രത്യേകതകളാണ്. 117 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. 80 കിലോമീറ്റര്‍ മൈലേജാണ് കമ്പനിയുടെ വാഗ്ദാനം. 

മുമ്പുണ്ടായിരുന്ന 102 എയര്‍ കൂള്‍ഡ് എന്‍ജിന് പകരം 115 സിസി എന്‍ജിനാണ് പുതിയ പ്ലാറ്റിനയുടെ ഹൃദയം. 7000 ആര്‍പിഎമ്മില്‍ 8.4 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. ബജാജ് ഡിസ്‌കവറിലും ഇതേ എഞ്ചിനും ഗിയര്‍ബോക്‌സാണ്. 
മുന്നില്‍ 135 എംഎം ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ 110 എംഎം സ്പ്രീങ് ഓണ്‍ സ്പ്രിങ് നൈട്രക്‌സ് ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 130 എംഎം ഡ്രം ബ്രേക്കും പിന്നില്‍ 110 എംഎം ഡ്രം ബ്രേക്കുമാണുള്ളത്.  

ഹീറോ പാഷന്‍ പ്രോ 110, ഹീറോ സ്‌പ്ലെന്‍ഡര്‍, ടിവിഎസ് റേഡിയോണ്‍ എന്നിവയാണ് 110 സിസി നിരയില്‍ പ്ലാറ്റിനയുടെ എതിരാളികള്‍. സി ടി 100ന് പിന്‍ഗാമിയായി 2006 ഏപ്രിലാണ് പ്ലാറ്റിനയെ ബജാജ് അവതരിപ്പിക്കുന്നത്. കൂടുതല്‍ ഇന്ധന ക്ഷമത നല്‍കുന്ന ബൈക്കുകളിലെ ഒന്നാംസ്ഥാനമാണ് പ്ലാറ്റിനയെ ജനപ്രിയമാക്കുന്നത്. 

കിക് സ്റ്റാർട്, ഇലക്ട്രിക് സ്റ്റാർട് എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലാണ് ബജാജ് സിടി 110 വിപണിയിലെത്തുന്നത്.  ബജാജ് പ്ലാറ്റിനക്ക് കരുത്തേകുന്ന 115 സിസി ഡിടിഎസ്-ഐ എന്‍ജിനാണ് ഈ ബൈക്കിന്‍റെയും ഹൃദയം.  8.6 ബിഎച്ച്പി കരുത്തും 9.81 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. 

എഞ്ചിനൊപ്പം മുന്‍ മോഡലിനെ അപേക്ഷിച്ച് കാഴ്‍ചയിലും ചില മാറ്റങ്ങളുണ്ട് സിടി110ന്. ടാങ്ക് പാഡ്‌സ്, വലിയ സീറ്റ്, ഗ്രാഫിക്‌സ് ഡിസൈന്‍, ബ്ലാക്ക് ഫിനീഷ്‍ഡ് എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ്,  ടിന്റഡ് വൈസര്‍, ഹാന്‍ഡില്‍ ബാര്‍ തുടങ്ങിയവ മുന്‍ മോഡലില്‍ നിന്നും പുതിയ  വാഹനത്തെ വേറിട്ടതാക്കുന്നു. 

വലിപ്പമേറിയ ക്രാഷ് ഗാർഡ്, റബർ മിറർ കവർ, അപ്സ്വെപ്റ്റ് എക്സോസ്റ്റ്, സീറ്റിന് കട്ടികൂടിയ പാഡിങ് തുടങ്ങിയവയുമുണ്ട്. സെമി നോബി ടയറോടെ എത്തുന്ന ബൈക്കിന് അധിക ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.  മഞ്ഞ ഗ്രാഫിക്സോടെ മാറ്റ് ഒലീവ് ഗ്രീൻ, നീല ഗ്രാഫിക്സോടെ ഗ്ലാസ് എബണി ബ്ലാക്ക്, തിളക്കമുള്ള ചുവപ്പ് ഗ്രാഫിക്സ് സഹിതം ഗ്ലോസ് ഫ്ളെയിം റെഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണു സിടി 110 എത്തുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‍പെന്‍ഷന്‍. കോംബി ബ്രേക്കിങ് സംവിധാനമാണ് സുരക്ഷ. 

എല്ലാത്തരം ഭൂപ്രകൃതിക്കും അനുയോജ്യമായ വിധത്തിലാണു സി ടി 110 ന്റെ രൂപകൽപ്പനയെന്നാണു ബജാജിന്റെ അവകാശവാദം. ഇന്ധനക്ഷമതയുടെയും കരുത്തിന്റെയും മികച്ച കൂട്ടുകെട്ടിലൂടെ അധിക മൂല്യവും കിടയറ്റ പ്രകടനവും ഉറപ്പാക്കാൻ സിടി 110 ബൈക്കിനു സാധിക്കുമെന്നും കമ്പനി പറയുന്നു. 

ബജാജ് ബോക്സറിനു പിന്‍ഗാമിയായി 2001ലാണ് ആദ്യ സിടി 100 വിപണിയിലെത്തുന്നത്. പിന്നീട് 2006ല്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച ബൈക്കിനെ പുതിയ രൂപഭാവങ്ങളോടെ 2015 മുതലാണ് ബജാജ് വീണ്ടും വിപണിയിലെത്തിച്ചത്.