Asianet News MalayalamAsianet News Malayalam

മോഹവിലയില്‍ പുത്തന്‍ ഹിമാലയന്‍

റോയല്‍ എന്‍ഫീല്‍ഡിന്‍റെ അഡ്വഞ്ചര്‍ ടൂററായ ഹിമാലയന്‍റെ ബിഎസ്6 പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. 

BS6 Royal Enfield Himalayan Launched In India
Author
Mumbai, First Published Jan 22, 2020, 12:25 PM IST

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ അഡ്വഞ്ചര്‍ ടൂററായ ഹിമാലയന്‍റെ ബിഎസ്6 പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. 1,86,811 രൂപയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില. ബിഎസ്6 പതിപ്പിനൊപ്പം ബൈക്കിന് നിരവധി പുതിയ സവിഷശേഷതകളും നല്‍കിയാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്.

റോയൽ‌ എൻഫീൽഡ് ഹിമാലയൻ‌ ബിഎസ്6 പതിപ്പ് മൊത്തം ആറ് നിറങ്ങളിൽ‌ ലഭ്യമാണ്.  നിലവിലുള്ള ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ് എന്നീ നിറങ്ങള്‍ കൂടാതെ ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിങ്ങനെ റൈഡര്‍മാരെ ആകര്‍ഷിക്കും വിധത്തിലുള്ള രണ്ട് പുതിയ നിറങ്ങളില്‍ കൂടി ഇനി ഹിമാലയന്‍ സ്വന്തമാക്കാം. ഗ്രാനൈറ്റ് ബ്ലാക്കിനും സ്‌നോ വൈറ്റിനും 1,86,811 രൂപയാണ് വില, എന്നാല്‍ സ്ലീറ്റ് ഗ്രേ, ഗ്രാവല്‍ ഗ്രേ നിറങ്ങള്‍ക്ക് 1,89,565 രൂപയാണ്. റോക്ക് റെഡ്, ലേക്ക് ബ്ലൂ നിറങ്ങളിലുള്ള ബൈക്കിന് 1,91, 401 രൂപ ദില്ലി എക്‌സ്‌ഷോറും നിരക്ക് നല്‍കേണ്ടി വരും. 

ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിലേക്ക് (എബിഎസ്) വേഗത്തില്‍ മാറാനാകുമെന്നതാണ് വാഹനത്തിന്റെ പുതിയ സവിശേഷത. റീയര്‍ വീലില്‍ നിന്നും ബ്രേക്കിംഗ് വാഹനം സ്ലൈഡ് ചെയ്‍തു കൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ മാറ്റാനുമാകും. ആന്റി-ലോക്ക് ബ്രെക്ക് സിസ്റ്റം (എബിഎസ്) 2020 ഹിമാലയനിൽ റോയൽ എൻഫീൽഡ് ഇണക്കി ചേർത്തിട്ടുണ്ട്. ദുർഘടം പിടിച്ച റൈഡുകളിൽ ബൈക്കിനെ കൂടുതൽ കാര്യക്ഷമമായി ഓടിക്കുന്ന വ്യക്തിക്ക് നിയന്ത്രിക്കാൻ നിഷ്ക്രീയമാക്കാവുന്ന എബിഎസ് സഹായിക്കും. 

ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്‍കരിച്ച എൻജിനാണ് 2020 ഹിമാലയന്റ മറ്റൊരു ഹൈലൈറ്റ്. ഇപ്പോൾ വിപണിയിലുള്ള ഹിമാലയനിലെ 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവൽ ഇൻജെക്ഷൻ എൻജിൻ തന്നെ പരിഷ്കാരങ്ങൾക്കു വിധേയമായാവും 2020 ഹിമാലയന്‍ എത്തുന്നത്. ഇപ്പോഴുള്ള 24.5 ബിഎച്ച്പി പവർ, 32 എന്‍എം ടോര്‍ക്ക് ഔട്പുട്ടുകളിൽ ചെറിയ മാറ്റം പ്രതീക്ഷിക്കാം. 5-സ്പീഡ് മാന്വൽ ഗിയർബോക്‌സ് മാറ്റമില്ലാതെ തുടരും.

എഞ്ചിനൊപ്പം തന്നെ ബൈക്കില്‍ ചെറിയ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിട്ടുണ്ടെന്നതാണ് മുഖ്യസവിശേഷത. എന്നാല്‍ മൊത്തത്തിലുള്ള ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. മുന്നിലെ വിന്‍ഷീല്‍ഡിന്റെ വലിപ്പത്തിലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റങ്ങളുണ്ടാകും. കാഴ്ച്ചയില്‍ പുതുമ നല്‍കുന്നതിനായി വശങ്ങളില്‍ പുതിയ ഗ്രാഫിക്സും ഹിമാലയനില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. ടെയില്‍ ലാമ്പിലും മാറ്റം കൂടി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഹസാഡ് ലൈറ്റുകളാണ് മറ്റൊരു കൂട്ടിച്ചേർക്കൽ. കാഴ്ച മങ്ങുന്ന കോട മഞ്ഞും മഴയുമൊക്കെയുള്ള സാഹചര്യങ്ങളിൽ ഹിമാലയനെ വ്യക്തമായി കാണാൻ ഹസാഡ് ലൈറ്റുകൾ ഉപകരിക്കും.

ബൈക്കിന്‍റെ സൈക്കിൾ പാർട്സുകളിൽ മാറ്റമൊന്നുമുണ്ടാകില്ല. 200 എംഎം ട്രാവലുള്ള 41 എംഎം ടെലിസ്കോപിക് മുൻ സസ്പെൻഷനും 180 എംഎം ട്രാവലുള്ള മോണോ പിൻ സസ്‌പെൻഷനും അതേപടി തുടരും. ഡ്യുവൽ ചാനൽ എബിഎസ്സുമായി ചേർന്ന് പ്രവർത്തിക്കുന്ന 300 എംഎം ഡിസ്ക് മുൻചക്രത്തിലും 240 എംഎം ഡിസ്ക് പിൻചക്രത്തിലും ബേക്കിങ്ങ് നല്‍കും. ഇന്ത്യയിൽ കെടിഎം 390 അഡ്വഞ്ചർ, ബിഎംഡബ്ല്യു G310 GS എന്നിവയുമായിട്ടാണ് റോയൽ എൻഫീൽഡ് ഹിമാലയൻ മത്സരിക്കുന്നത്.

2016 മാർച്ചിലാണ് ഹിമാലയനെ റോയല്‍ എ്‍ഫീല്‍ഡ് ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. 
സാഹസിക യാത്രക്കാരുടെ ഇഷ്ട വാഹനമാണ് റോയല്‍ കുടുംബത്തിലെ ഹിമാലയന്‍ നിരയിലുള്ള വാഹനം. ഇന്ത്യന്‍ വിപണിയിലും അന്താരാഷ്ട്ര വിപണിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനും വാഹനത്തിന് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ സാഹസിക മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്കിടയില്‍ പുതിയ പ്രകമ്പനം സൃഷ്ടിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ബിഎസ്6 പതിപ്പിന് കഴിയുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ സിഇഒ വിനോദ് ദേശായ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios