ഒരുകാലത്ത് ടെംപോ ട്രാവലര്‍ എന്നറിയപ്പെട്ടിരുന്ന ജനപ്രിയ വാഹനമാണ് ഇന്ന് ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ കൈകളിലുള്ള ഫോഴ്‍സ് ട്രാവലര്‍. ഒരുപതിറ്റാണ്ട് മുൻപേ ബജാജ് ടെംപോ ലിമിറ്റഡ് പേരുമാറ്റം നടത്തി ഫോഴ്‍സ് മോട്ടോഴ്സ് ആയെങ്കിലും ജനമനസുകളില്‍ ഇപ്പോഴും ട്രാവലര്‍ എന്നാല്‍ ടെംപോ തന്നെയാണ്. വിനോദയാത്രകള്‍ക്കും കല്ല്യാണ ട്രിപ്പുകള്‍ക്കും ജീവന്‍ രക്ഷിക്കുന്ന ആംബുലന്‍സിന്‍റെ രൂപത്തിലുമൊക്കെ 'ടെംപോ' ട്രാവലറുകള്‍ നമ്മുടെ നിരത്തുകളില്‍ നിറഞ്ഞോടുന്നു. 

ഇപ്പോഴിതാ ട്രാവലറിന് അടുത്ത തലമുറ മൊബിലിറ്റി പ്ലാറ്റ് ഫോമുമായി എത്തുകയാണ് ഫോഴ്‍സ് മോട്ടോഴ്‍സ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഫോഴ്‍സ് ട്രാവലറിന്റെ അടുത്ത തലമുറ വാഹനമാണ് T1 എൻ ആണ് പുതിയ മോബിലിറ്റി പ്ലാറ്റ്ഫോമിൽ കമ്പനി വികസിപ്പിക്കുന്ന ആദ്യ വാഹനം. 

ഫെബ്രുവരിയില്‍ നടക്കുന്ന 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ഈ വാഹനം പ്രദര്‍ശനത്തിന് എത്തും. തുടര്‍ന്ന് ഈ വർഷം അവസാനത്തോടെ പുതിയ വാഹനം ഫോഴ്സ് വിപണിയിലും എത്തിക്കും. 15 ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്‍റെ പ്രതീക്ഷിക്കുന്ന വില എന്നാണ് റിപ്പോര്‍ട്ടുകള്‍. 

T1N എന്ന് കോഡ്‌നാമത്തിൽ നാലു വർഷം മുമ്പ് ആരംഭിച്ച് പദ്ധതിക്കാണ് ഇപ്പോൾ വാഹന രൂപം കൈവന്നിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ഇലക്ട്രിക് വാഹനമായും ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ് ഫോമിന്‍റെയും വാഹനത്തിന്റയും ഡിസൈന്‍. ബിഎസ് 6 നിലവാരത്തിലുള്ള ഡീസൽ എൻജിനാണ് T1Nന്‍റെ ഹൃദയം.

സെഗ്‌മെന്റിൽ തന്നെ ആദ്യമെന്ന് പറയാവുന്ന നിരവധി ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളുമായിട്ടാണ് പുതിയ വാഹനം എത്തുകയെന്നും യാത്രക്കാരുടെ സുഖത്തിലും സൗകര്യത്തിലും സുരക്ഷയിലും രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന പൂര്‍ണമായും ലോകോത്തര നിലവാരത്തിലുള്ള വാഹനമായിരിക്കും ഇതെന്നും ഫോഴ്സ് മോട്ടോഴ്‍സ് വ്യക്തമാക്കുന്നു.

രാജ്യാന്തര വിപണിയേയും ലക്ഷ്യം വെച്ച് വികസിപ്പിക്കുന്ന ടി1Nനെ ആഫ്രിക്ക, പശ്ചിമേഷ്യ, ആസിയാന്‍, സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും അവതരിപ്പിക്കും.