ദില്ലി: 2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ബിഎസ്6 നടപ്പിലാകുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ എഞ്ചിനിലേക്ക് മാറുകയാണ് വാഹനനിര്‍മ്മാതാക്കളെല്ലാം. ഐക്കണിക്ക് അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പിന്‍റെ ഇന്ത്യയിലെ ജനപ്രിയ പ്രീമിയം എസ്‌യുവി കോംപസും ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നവയില്‍ ഉള്‍പ്പെടുന്നു.

കോംപസിന്റെ പെട്രോള്‍ പതിപ്പിന് കരുത്തേകുന്ന 1.4 ലിറ്റര്‍ എന്‍ജിനാണ് ആദ്യം ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് കോംപസിന്റെ പെട്രോള്‍ എന്‍ജിന്‍ ഉടനെയും ഡീസല്‍ എന്‍ജിന്‍ ഏപ്രില്‍ ഒന്നിന് മുമ്പായി ബിഎസ്-6 നിലവാരത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ എന്‍ജിന്‍ നല്‍കിയുള്ള പരീക്ഷണയോട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.  

1.4 ലിറ്റര്‍, നാല് സിലിണ്ടര്‍ മള്‍ട്ടിഎയര്‍ എന്‍ജിനാണ് കോംപസിന്റെ പെട്രോള്‍ പതിപ്പിന്‍റെ ഹൃദയം. മുമ്പുണ്ടായിരുന്ന എന്‍ജിന്‍ 163 പിഎസ് പവറാണ് ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ പുതിയ എന്‍ജിന്‍ 170 പിഎസ് കരുത്ത് ഉത്പാദിപ്പിക്കും.

170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് കോംപസ് ഡീസല്‍ പതിപ്പിന്‍റെ ഹൃദയം. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളിലുള്ള കോംപസില്‍ ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡ്യുവല്‍ എന്നീ ട്രാന്‍സ്മിഷനുകള്‍ നല്‍കിയിട്ടുണ്ട്.

ജീപ്പ് കോംപസിന്റെ പെട്രോള്‍ പതിപ്പിന് 14.99 ലക്ഷം രൂപ മുതല്‍ 21.67 ലക്ഷം രൂപ വരെയാണ് നിലവിലെ വില. ഡീസല്‍ പതിപ്പുകള്‍ക്ക് 15.49 ലക്ഷം മുതല്‍ 23.11 ലക്ഷം രൂപ വരെയും വിലയുണ്ട്. പെര്‍ഫോമെന്‍സ് പതിപ്പായ ട്രയല്‍ഹോക്കിന് 26.80 ലക്ഷം മുതല്‍ 27.60 ലക്ഷം രൂപ വരെയുമാണ് വില.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്‍റെ കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലായ  കോംപസ് രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്‍ടവാഹനങ്ങളിലൊന്നാണ്.