Asianet News MalayalamAsianet News Malayalam

പേടിയില്ലാത്തവർക്ക് മാത്രം സന്ദർശിക്കാവുന്ന ഇന്ത്യയിലെ 12 സ്ഥലങ്ങൾ

Graveyard shift some of the most haunted places in India
Author
First Published Aug 21, 2017, 12:42 PM IST

ബ്രിജ് രാജ് ഭവൻ ഹോട്ടൽ, കോട്ട (രാജസ്ഥാൻ)

178 വർഷം പഴക്കമുളള ഈ സ്ഥലം ഇന്നൊരു ഹെറിറ്റേജ് ഹോട്ടലാണ്. മുമ്പ് ഇതൊരു കൊട്ടാരമായിരുന്നു. ഈ കൊട്ടാരത്തിൽ വച്ചാണ് 1857ൽ ബ്രിട്ടിഷ് പട്ടാളത്തിൽ മേജറായിരുന്ന മേജർ ബർട്ടനും രണ്ടു കുട്ടികളും കൊല്ലപ്പെട്ടത്. കോട്ട(രാജസ്ഥാൻ)യിലെ പഴയ മഹാറാണി താൻ പതിവായി എന്നും മേജർ ബർട്ടനെ കാണാറുണ്ടെന്ന് 1980ൽ ഒരു ബ്രിട്ടിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അദ്ദേഹം കൊല്ലപ്പെട്ട മുറിയാണ് അവർ ഡ്രോയിങ് റൂമായി ഉപയോഗിച്ച് വന്നിരുന്നത്. മേജറുടെ പ്രേതം ആരെയും ഉപദ്രവിക്കാറില്ലെങ്കിലും കാവൽക്കാർ രാത്രി ഉറങ്ങിയാൽ ശക്തിയായി അവരുടെ ചെകിടത്തടിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു.

ഭംഗാർ കോട്ട, രാജസ്ഥാൻ

ഭംഗാർ കോട്ടയിലെത്തുന്നവർക്ക് വിചിത്രമായ ഒരു അനുഭവമായിരിക്കും ലഭിക്കുക. കാണാൻ അതി മനോഹരമാണ് രാജസ്ഥാനിലെ അൽവാർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഭംഗാർ കോട്ട. പക്ഷേ ഇവിടെ സന്ദർശിച്ച പലരെയും കാണാതായിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചിരുന്ന മധോ സിംഗ് ഒന്നാമനാണ് ഭംഗാർ കോട്ട നിർമ്മിച്ചത്. അക്രമകാരിയായ ദുരാത്മാവ്  കോട്ടയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്നാണ് വിശ്വാസം. ഒരുപാട് തട്ടിക്കൊണ്ടുപോകലുകളും മരണങ്ങളും കോട്ടയെ ചുറ്റിപ്പറ്റി നടന്നതിനാൽ സൂര്യാസ്തമയത്തിന് ശേഷം കോട്ട സന്ദർശിക്കുന്നത് വിലക്കിയിട്ടുണ്ട്. ഭംഗാർ കോട്ട സന്ദർശിക്കുന്നവർക്ക് അതൊരു ത്രിലിങ് അനുഭവമായിരിക്കും. 

രാമോജി ഫിലിംസിറ്റി, ഹൈദരാബാദ്

ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റി വളരെ പ്രശസ്‌തമാണ്‌. ഇത്‌ നിസാം സുൽത്താൻ്റെ സ്ഥലത്താണ്‌ പണി തീർത്തിട്ടുള്ളത്‌. മരിച്ച പല സൈനികരുടെയും ആത്മാവ് ഇവിടെയുണ്ടെന്നാണ് വിശ്വാസം. പലരും ശിക്ഷകൾക്കു വിധേയരായി മരിച്ചു വീണിട്ടുള്ള സ്ഥലമാണിതത്രെ. ഇവിടുള്ള പല ഹോട്ടലുകളിലും വിചിത്രാനുഭവങ്ങളുണ്ടായിട്ടുണ്ട്. വാതിലുകൾ തനിയെ അടയുക, തുറക്കുക, വിരൽപ്പാടുകൾ തുടങ്ങിയ പല അനുഭവങ്ങളും ആളുകൾക്കുണ്ടായിട്ടുണ്ട്‌.

ദുമാസ് ബീച്ച് (ഗുജറാത്ത്)

ഒരുപാട് ദുരൂഹ കഥകളുളള ബീച്ചാണ് ഗുജറാത്തിലെ സൂറത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദുമാസ് ബീച്ച്. രാത്രി കാലങ്ങളിൽ ഭയപ്പെടുത്തുന്ന പല ശബ്ദങ്ങളും വ്യക്തമല്ലാത്ത രൂപങ്ങളും പ്രത്യക്ഷപ്പെടാറുണ്ടെന്നും പറയപ്പെടുന്നു. ഒരുപാട് ആളുകൾ  ഇവിടെ നിന്ന് അപ്രത്യക്ഷരായിട്ടുണ്ടെന്നാണ് കഥകൾ. 

താജ് മഹൽ ഹോട്ടൽ, മുംബൈ

ഇന്ത്യയിലെ പ്രശസ്ഥമായ ഈ ഹോട്ടൽ പ്രേതകഥയാലും പ്രസിദ്ധമാണ്. ഈ ഹോട്ടൽ പണി കഴിപ്പിച്ച ആർക്കിടെക്‌റ്റ്‌ ഇതിനുള്ളിൽ  ആത്മഹത്യ ചെയ്‌തെന്നും ഇദ്ദേത്തിൻ്റെ ആത്മാവ്‌ ഇവിടെ അലഞ്ഞു നടക്കുന്നുമെന്നാണ്‌ വിശ്വാസം.

ശനിവാർവാഡ കോട്ട, പൂന്നെ (മഹാരാഷ്ട്ര)

ശനിവാർവാഡ കോട്ടയിൽ രാത്രികളിൽ സന്ദർശിച്ചാൽ കൊല്ലപ്പെട്ട രാജകുമാരൻ്റെ കരച്ചിൽ കേൾക്കുമെന്നാണ് വിശ്വാസം. പെഷ്വ ഭരണകാലത്ത് സ്വന്തം അമ്മാവനാൽ കൊല്ലപ്പെട്ട നാരായണ റാവു എന്ന രാജകുമാരൻ്റെ ആത്മാവ് അവിടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുവെന്നാണ് പലരും വിശ്വസിക്കുന്നത്. വെളുത്ത വാവ് ദിവസങ്ങളിൽ ഭയാനകമായ അലർച്ചയും, ശബ്ദങ്ങളും കോട്ടയിൽ നിന്ന് കേൾക്കുമെന്നാണ് കഥകൾ. 

കുൽദാര വില്ലേജ്, രാജസ്ഥാൻ

രാജസ്ഥാനിലെ കുൽദാര വില്ലേജിന് പ്രേതങ്ങളുടെ വില്ലേജെന്നും പേരുണ്ട്. ഇന്ത്യയിലെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന സ്ഥലങ്ങളിലൊന്നാണ് കുൽദാര വില്ലേജ്. 1500 ലധികം ആളുകൾ താമസിച്ചിരുന്ന ഇവിടെ ഇന്ന് സ്ഥിര താമസക്കാർ ആരും തന്നെയില്ല. പേടിപ്പിക്കുന്ന ആർത്തനാദങ്ങളും ഒഴുകി നടക്കുന്ന രൂപങ്ങളുമാണ് ഈ ഗ്രാമത്തെ ദുരൂഹമാക്കുന്നതെന്നാണ് ആളുകൾ പറയുന്നത്.

ദേശീയ പുസ്തക ലൈബ്രറി, കൊൽക്കത്ത

ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയായ  കൊൽക്കത്തയിലെ ദേശീയ പുസ്‌തക ലൈബ്രറി പുസ്തകങ്ങൾ ഇഷ്ടപ്പെടുന്നവരുടെ ഭയപ്പെടുത്തുന്ന  ഇടമാണ്. ഇവിടെയും ഭയപ്പെടുത്തുന്ന അനുഭവങ്ങളുണ്ടായിട്ടുള്ളവരുണ്ട്‌. ഇവിടുത്തെ സെക്യുരിറ്റി ഗാർഡുകൾ ഇത്തരം അനുഭവങ്ങൾക്ക് സാക്ഷികളുമാണ്‌. ഒരിക്കൽ രാത്രി ഇതിനുള്ളിലേയ്ക്കു പോയ ഒരു വിദ്യാർത്ഥി തിരിച്ചുവന്നിട്ടില്ലത്രെ. രാവിലെ ലൈബ്രറി തുറക്കുമ്പോൾ പലപ്പോഴും പുസ്‌തകങ്ങളും മാസികകളും ഇവിടെ ചിതറിക്കിടക്കുന്നതും സാധാരണമാണ്‌.

ത്രി കിംഗ് ചർച്ച്, ഗോവ

ഗോവയിലെ ചർച്ച് ഓഫ്‌ ത്രീ കിംഗ്‌സ്‌  ഭയപ്പെടുത്തുന്ന ചരിത്രമുറങ്ങുന്ന ഇടമാണ്. ഇവിടെ പണ്ട്‌ രണ്ടു രാജാക്കന്മാർ ആത്മഹത്യ ചെയ്‌തിട്ടുണ്ട്. ഇവരുടെ ആത്മാക്കൾ ഇതിനുള്ളിലുണ്ടെന്നാണ്‌ പറയുന്നത്‌. ഇവിടെ സന്ദർശിക്കുന്നവരും പല വിചിത്രമായ ശബ്ദങ്ങളും കേൾക്കാറുണ്ടെന്നാണ് കഥ. 

ജി.പി ബ്ലോക്ക്, മീററ്റ്

ഉത്തർ പ്രദേശിലെ മീററ്റിലെ ജി പി ബ്ലോക്ക്  പ്രേതകഥകളുടെ ഇടമാണ്. മൂന്ന് പടുകൂറ്റൻ കെട്ടിടങ്ങൾ ചേർന്ന വിശാലമായ ഈ കെട്ടിട സമുച്ചയത്തിൽ 1930കൾ മുതൽ തന്നെ ആരും താമസക്കാറില്ല. ദുരൂഹത നിറഞ്ഞ കഥകളാണ് ഈ കെട്ടിട സമുച്ചയത്തെപ്പറ്റി പ്രചരിക്കുന്നത്. ചുവന്ന വസ്ത്രം ധരിച്ച ഒരു സ്ത്രീ ജി.പി ബ്ലോക്കിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വരുന്നത് കാണാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല രാത്രികാലങ്ങളിൽ മെഴുകുതിരി വെട്ടത്തിൽ നാല് ആൺകുട്ടികൾ മദ്യപിക്കുന്നത് കാണാറുണ്ടെന്നും പ്രചരിക്കുന്നുണ്ട്. ഇവിടെ അമാനുഷികമായ പല സംഭവങ്ങളും കാണാറും കേൾക്കാറുമുണ്ടെന്നാണ് കഥകൾ. 

ടണൽ നമ്പർ 103, ഹിമാചൽ പ്രദേശ്

ഹിമാചൽ പ്രദേശിലെ  ടണൽ 103 ലൂടെ യാത്ര ചെയ്യുമ്പോഴെ ഉളളിൽ ഭയം നിറയും. കൂരിരുട്ടാണ്‌ അവിടെ. പല ആത്മാക്കളും ഇവിടെയുണ്ടെന്നാണ്‌ വിശ്വാസം. ഇതിലൂടെ പോകുമ്പോൾ ആരൊക്കെയോ സംസാരിക്കുന്നതായി തോന്നും. ഇവിടെ ഒരു സ്‌ത്രീയുടെ ആത്മാവ്‌ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായും വിശ്വാസവുമുണ്ട്‌.

ഡോവ് ഹിൽ, പശ്ചിമ ബംഗാൾ

പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഡോവ് ഹിൽ വളരെ മനോഹരമായ സ്ഥലമാണ്. അസാധാരണമായ പല കാഴ്ചകളും ഈ പ്രദേശത്ത് കാണാൻ സാധിക്കുമെന്നാണ് തദ്ദേശവാസികൾ പറയുന്നത്. ഈ സ്ഥലത്ത് ഒരുപാട് കൊലപാതകങ്ങൾ മുമ്പ് നടന്നിട്ടുണ്ട്. കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ തലയില്ലാത്ത ഒരു ആൺകുട്ടിയുടെ രൂപം പലപ്പോഴും പിന്തുരുന്നതായി കണ്ടിട്ടുണ്ടെന്നാണ് മരം വെട്ടുകാർ പറയുന്നത്.

 

 

Follow Us:
Download App:
  • android
  • ios