രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ  ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ പെർഫോമൻസ് പതിപ്പാണ് ബലേനോ ആര്‍എസ്. 

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് 2015 ൽ അവതരിപ്പിച്ച ബാലേനോയുടെ ജനപ്രീതി കണ്ടാണ് 2017 -ല്‍ പെര്‍ഫോമന്‍സ് മോഡലായ ബലേനോ RS -നെ കമ്പനി അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ പതിപ്പിനെ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ കമ്പനി പിന്‍വലിക്കുകയും ചെയ്തു.  ബലേനോയ്ക്ക് കിട്ടുന്ന സ്വീകാര്യത പെര്‍ഫോമന്‍സ് മോഡലിന് ലഭിക്കാത്തതിനാലാണ് കമ്പനി വാഹനത്തെ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നത് എന്നാണ് സൂചനകള്‍. 

ഈ വർഷം ഏപ്രിലിൽ നിലവിൽ വരുന്ന ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് ബലെനോ ആർഎസ്സിന്റെ എൻജിൻ പരിഷ്കരിക്കാൻ മാരുതി സുസുക്കിയ്ക്ക് പദ്ധതിയില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബലെനോ ആർഎസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നെക്സ വെബ്സൈറ്റിൽ നിന്ന് മാരുതി സുസുക്കി നീക്കം ചെയ്തു കഴിഞ്ഞു.

2017 മാർച്ചിൽ ലോഞ്ച് ചെയ്യുമ്പോൾ 8.69 ലക്ഷം രൂപയായിരുന്നു ബലെനോ ആർഎസിന്റെ എക്‌സ്-ഷോറൂം വില.  2019-ല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചതോടെ വില 8.76 ലക്ഷം ആയി ഉയർന്നു. പക്ഷെ വില്പന ഗണ്യമായി കുറഞ്ഞതോടെ 2019 സെപ്റ്റംബർ മുതൽ വില ഒരു ലക്ഷം കുറച്ചാണ് നെക്‌സ ഡീലർഷിപ്പുകൾ ബലെനോ ആർഎസ് വിറ്റിരുന്നത്. ഏതാനും ബലെനോ ആർഎസ് യൂണിറ്റുകൾ മാത്രമേ ഇനി നെക്‌സ ഡീലർഷിപ്പുകളിൽ അവശേഷിക്കുന്നുള്ളൂ എന്നാണ് സൂചന.

ഡീലര്‍ഷിപ്പുകളില്‍ ബാക്കിയുള്ള ഈ മോഡലുകളെ വിറ്റു തീര്‍ക്കാനുള്ള ശ്രമത്തിലാണ് മാരുതി ഇപ്പോൾ. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ഒരു ലക്ഷം രൂപയുടെ ഓഫറുകള്‍ നല്‍കി 7.89 ലക്ഷം രൂപയ്ക്കാണ് വാഹനം വില്‍ക്കുന്നത്.

2015 ഒക്ടോബറിലാണ് ബലേനോയെ മാരുതി അവതരിപ്പിച്ചത്. 2015ല്‍ ജനീവാ മോട്ടോര്‍ ഷോയില്‍ ഐകെ2 കോണ്‍സെപ്റ്റ് കാറായി അവതരിപ്പിച്ച ബലേനോ അതേ വര്‍ഷം തന്നെയാണ് ഇന്ത്യന്‍ വിപണിയിലേക്കും എത്തിയത്. തുടര്‍ന്ന് 2017ലാണ് പ്രീമിയം ഹാച്ച്ബാക്കായ ആർഎസിനെ മാരുതി പുറത്തിറക്കുന്നത്. രൂപത്തിൽ സാധാരണ ബലേനോയുമായി നേരിയ വ്യത്യാസങ്ങളേ ആർ എസിനുള്ളൂ. 

ബൂസ്റ്റർ ജെറ്റ് എൻജിനുമായി എത്തിയ ബലേനൊ ആർഎസ് മാരുതിയുടെ ഏറ്റവും കുരുത്തുള്ള ഹാച്ച്ബാക്കുകളിലൊന്നാണ്. 102 എച്ച്പി കരുത്തുള്ള 1–ലീറ്റർ പെട്രോൾ എൻജിനാണ് ആർഎസിന്‍റെ ഹൃദയം. 5500 ആർപിഎമ്മിൽ 100 ബിഎച്ച്പി കരുത്തും 150 ന്യൂട്ടൺ മീറ്റർ ടോർക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 1700- 4500 ആർപിഎമ്മുകൾക്കിടയില്‍ പരമാവധി ടോർക്ക് ലഭ്യമാകും. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗമെടുക്കുവാൻ 10.52 സെക്കൻഡുകൾ മാത്രം മതി വാഹനത്തിന്.  

ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ഗ്രില്‍, എല്‍ഇഡി പ്രോജക്ട് ഹെഡ്‌ലാമ്പ്, ബ്ലാക്ക് ഫിനീഷ് എയര്‍ ഇന്‍ടേക് എന്നിവ ബലെനോ ആര്‍എസിന് സ്‌പോർട്ടി ലുക്ക് നൽകുന്നു. ഡ്യുവല്‍ ടോണ്‍ ഫിനീഷില്‍ പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തിൽ. ഇവ നാലും ഡിസ്ക് ബ്രേക്ക് ആണ്. കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ക്രമീകരിക്കാവുന്ന സ്റ്റീയറിങ് വീല്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് മറ്റു സവിശേഷതകൾ. അകത്തളത്തിൽ ക്ലാരിയോണ്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ യൂണിറ്റ് സാങ്കേതികവിദ്യയിലുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, RS ബാഡ്ജിങ് നല്‍കിയിട്ടുള്ള സീറ്റ് കവര്‍, പുതിയ ഫ്ളോര്‍ മാറ്റ് എന്നിവ കമ്പനി ഒരുക്കിയിട്ടുണ്ട്.

സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, ചൈല്‍ഡ് സീറ്റ്, എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ഫോക്‌സ്‌വാഗണ്‍ പോളോ GT TSI ആണ് ബലേനോ ആര്‍എസിന്‍റെ വിപണിയിലെ മുഖ്യ എതിരാളി.