Asianet News MalayalamAsianet News Malayalam

കേന്ദ്രസ്വപ്‍നങ്ങള്‍ക്ക് ആഡംബര നിറം പൂശി ഈ വണ്ടിക്കമ്പനി!

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഇക്യു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 

Mercedes Benz EQ Electric Brand Launched In India
Author
Mumbai, First Published Jan 17, 2020, 11:08 AM IST

രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനങ്ങള്‍ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സ്വപ്‍നം. ഈ പദ്ധതിക്ക് കരുത്ത് പകര്‍ന്ന് നിരവധി വാഹന നിര്‍മ്മാതാക്കള്‍ വൈദ്യുത മോഡലുകളുമായി രംഗത്തെത്തുന്നുണ്ട്.

ഇപ്പോഴിതാ ഇലക്ട്രിക്ക് വാഹനങ്ങളുണ്ടാക്കാന്‍ ഒരു ബ്രാന്‍ഡ് തന്നെ സ്ഥാപിച്ചിരിക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ്. കമ്പനിയുടെ ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ഇക്യു ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കുന്ന ആദ്യ ആഡംബര കാര്‍ നിര്‍മാതാക്കളായി മാറി മെഴ്‌സിഡസ് ബെന്‍സ്. 

2016 പാരിസ് മോട്ടോര്‍ ഷോയിലാണ് ഇക്യു ബ്രാന്‍ഡ് ആഗോളതലത്തില്‍ അരങ്ങേറിയത്. പാരിസില്‍ ജനറേഷന്‍ ഇക്യു കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. 

കമ്പനിയുടെ ഈ ഉപബ്രാന്‍ഡില്‍നിന്നുള്ള ആദ്യ സീരീസ് പ്രൊഡക്ഷന്‍ വാഹനമായ ഇക്യുസി ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ അരങ്ങേറ്റം പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ഇക്യുസി എഡിഷന്‍ 1886 പ്രദര്‍ശിപ്പിച്ചു.

ഇന്ത്യയില്‍ ഇക്യുസി എസ്‌യുവിയുടെ 400 4മാറ്റിക് വേരിയന്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
മെഴ്‌സിഡസ് ബെന്‍സിന്റെ ഓള്‍ ഇലക്ട്രിക് ഇക്യു ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ മോഡലാണ് ഇക്യുസി എന്ന എസ്‌യുവി. ഇക്യുവി, ഇക്യുഎ, ഇക്യുബി, ഇക്യുഎസ്, ഇക്യുഇ എന്നിവയെല്ലാം ഭാവിയില്‍ ഇക്യു ബ്രാന്‍ഡില്‍ ആഗോള വിപണികളിലെത്തും.

പൂര്‍ണമായി നിര്‍മിച്ചശേഷം ഇക്യുസി എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ നീക്കം. അതുകൊണ്ടുതന്നെ ആഗോള മോഡലുമായി മെക്കാനിക്കല്‍ സാദൃശ്യങ്ങള്‍ ഉണ്ടായിരിക്കും. മെഴ്‌സിഡസ് ബെന്‍സ് ഇക്യുസി എസ്‌യുവിക്ക് കരുത്തേകുന്നത് ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ്. മുന്‍, പിന്‍ ആക്‌സിലുകളില്‍ ഓരോന്നുവീതം. അതുകൊണ്ടുതന്നെ, ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) എസ്‌യുവിയാണ് ഇക്യുസി.  

80 കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിന്‍റെ ഹൃദയം. രണ്ട് മോട്ടോറുകളും ചേര്‍ന്ന് ആകെ 300 കിലോവാട്ട് (402 ബിഎച്ച്പി) പരമാവധി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 765 ന്യൂട്ടണ്‍ മീറ്ററാണ് പരമാവധി ടോര്‍ക്ക്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാം. 

5.1 സെക്കന്‍ഡ് മതി സ്‌പോര്‍ട്ട് മോഡില്‍, പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍. ടോപ് സ്പീഡ് മണിക്കൂറില്‍ 180 കിലോമീറ്ററായി പരിമിതപ്പെടുത്തി. കാബിനില്‍ പുതിയ രൂപകല്‍പ്പനയോടെ ഡാഷ്‌ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, ഇന്‍ഫൊടെയ്ന്‍മെന്റ് പാനല്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവ ലഭിക്കും.പ്രത്യേക അലോയ് വീലുകള്‍, ഫ്യൂച്ചറിസ്റ്റിക് ഹെഡ്‌ലൈറ്റുകള്‍, ബോണറ്റിന് കുറുകെ ലൈറ്റ് സ്ട്രിപ്പ് എന്നിവ പ്രത്യേകതകളാണ്. 

ഇന്ത്യയില്‍ ഏകദേശം 1.5 കോടി രൂപയായിരിക്കും വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ഔഡി ഇ-ട്രോണ്‍, ജാഗ്വാര്‍ ഐ-പേസ്, ഹ്യുണ്ടായ് കോന ഇവി, എംജി ഇസഡ്എസ് ഇവി, ടാറ്റ നെക്‌സോണ്‍ ഇവി തുടങ്ങിയവയായിരിക്കും ഇക്യുസിയുടെ ഇന്ത്യന്‍ നിരത്തിലെ മുഖ്യ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios