ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ എസ്‍യുവിയായ എക്‌സ്1ന്‍റെ പരിഷ്‍കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 35.90 ലക്ഷം മുതല്‍ 42.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ ഇന്ത്യ എക്‌സ് ഷോറൂം വില. അഞ്ച് വര്‍ഷം/60,000 കിമീ സര്‍വീസ് & വാറന്റി പാക്കേജ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം എസ്‌യുവി ബുക്ക് ചെയ്താല്‍, പാക്കേജ് ലഭിക്കുന്നതിന് പെട്രോള്‍ വേരിയന്റുകള്‍ക്ക് 15,000 രൂപയും ഡീസല്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയും നല്‍കിയാല്‍ മതി.

ബിഎസ് 6 പാലിക്കുന്ന രണ്ട് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് പുതിയ എക്‌സ്1 വരുന്നത്. സ്‌പോര്‍ട്ട്എക്‌സ്, എക്‌സ്‌ലൈന്‍, എം സ്‌പോര്‍ട്ട് എന്നീ മൂന്ന് വേരിയന്റുകളിലും രണ്ട് പെട്രോള്‍, രണ്ട് ഡീസല്‍ വകഭേദങ്ങളിലും ലഭിക്കും. സ്‌പോര്‍ട്ട്എക്‌സ് എന്ന പുതിയ ബേസ് വേരിയന്റിലും എക്‌സ്‌ലൈന്‍ എന്ന മിഡ്-സ്‌പെക് വേരിയന്റിലും പെട്രോള്‍ എക്‌സ്1 ലഭിക്കും. എക്‌സ്‌ലൈന്‍, ടോപ്-സ്‌പെക് എം സ്‌പോര്‍ട്ട് എന്നീ വേരിയന്റുകളിലാണ് ഡീസല്‍ എക്‌സ്1 വില്‍ക്കുക. മാത്രമല്ല, 2 വീല്‍ ഡ്രൈവ് വാഹനം മാത്രമാണ് പുതിയ എക്‌സ്1. മുമ്പ് ലഭിച്ചിരുന്ന എക്‌സ്‌ഡ്രൈവ് 20ഡി എന്ന ഓള്‍ വീല്‍ ഡ്രൈവ് വേരിയന്റിന്‍റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിച്ചു.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനുകള്‍ തുടരും. എന്നാല്‍ ഇപ്പോള്‍ ബിഎസ് 6 പാലിക്കുന്നു. പെട്രോള്‍ എന്‍ജിന്‍ 192 എച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ മോട്ടോര്‍ 190 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. രണ്ട് എന്‍ജിനുകളുമായി 8 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. ഇക്കോ, പ്രോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിവയാണ് നാല് ഡ്രൈവിംഗ് മോഡുകള്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 7.9 സെക്കന്‍ഡ് മതി.

ബിഎംഡബ്ല്യുവിന്റെ മുഖ്യ സവിശേഷതയായ ഡിസൈനിലുള്ള ഗ്രില്ലാണ് മുന്നില്‍. ഇപ്പോള്‍ വലുപ്പം കൂടുതലാണ്. മുന്നിലെയും പിന്നിലെയും ബംപറുകള്‍ റീസ്റ്റൈല്‍ ചെയ്തിരിക്കുന്നു. പുതിയ അലോയ് വീലുകള്‍ ലഭിച്ചു. പുതിയ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ നല്‍കി ഹെഡ്‌ലാംപുകളും ടെയ്ല്‍ലാംപുകളും മെച്ചപ്പെടുത്തി. എം സ്‌പോര്‍ട്ട് എന്ന ടോപ് വേരിയന്റിന് കൂടുതല്‍ അഗ്രസീവായ ബംപറുകള്‍, വലിയ ഡിസ്‌ക് ബ്രേക്കുകള്‍, പുതിയ കളര്‍ ഓപ്ഷനുകള്‍ എന്നിവ ലഭിച്ചു. എസ്‌യുവിയുടെ അകത്ത് പുതിയ അപ്‌ഹോള്‍സ്റ്ററി നല്‍കി. പനോരമിക് സണ്‍റൂഫ്, 10.25 ഇഞ്ച് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ പുതിയ ഫീച്ചറുകളാണ്.

ഔഡി ക്യു3, മിനി കണ്‍ട്രിമാന്‍, വോള്‍വോ എക്‌സ്‌സി40 എന്നിവ കൂടാതെ വരാനിരിക്കുന്ന പുതിയ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എയും വാഹനത്തിന്‍റെ മുഖ്യ എതിരാളികളാണ്.