സ്‍കോര്‍പിയോ എന്ന ജനപ്രിയ എസ്‍യുവിയുടെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര എന്ന കേട്ടുതുടങ്ങിയിട്ട് കുറച്ചുകാലമായി. പുതിയ ലുക്കിനൊപ്പം പുത്തന്‍ എന്‍ജിനിലും സ്കോര്‍പിയോയെ ദില്ലി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. 

ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം പകുതിയോടെയെ സ്‌കോര്‍പിയോയെ നിരത്തുകളിലെത്തൂ. 2.0 ലിറ്റര്‍ എന്‍ജിനാണ് ഈ വരവിലെ ഹൈലൈറ്റ് എങ്കിലും തലമുറ മാറ്റത്തെ സാധൂകരിക്കുന്ന ഡീസൈനുകളും സ്‌കോര്‍പിയോയില്‍ നല്‍കുന്നുണ്ടെന്നാണ് പരീക്ഷണയോട്ടത്തിലെ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

മുന്‍ മോഡലിനെക്കാള്‍ വിലിപ്പം കൂടിയ വാഹനമായിരിക്കും പുതുതലമുറ സ്‌കോര്‍പിയോ. മൂന്നാം നിരയില്‍ വശങ്ങളിലേക്കുള്ള സീറ്റുകളും മുന്നിലേക്കുള്ള സീറ്റുകളും ഓപ്ഷണലുകളായി നല്‍കും.

ഥാറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോം തന്നെയാണ് സ്‌കോര്‍പിയോയുടെയും അടിസ്ഥാനം. കൂടുതല്‍ ബോഡി കണ്‍ട്രോള്‍ നല്‍കുന്ന ഈ പ്ലാറ്റ്‌ഫോം ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കരുത്തുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. കാഴ്ചയില്‍ മുന്‍തലമുറ മോഡലുകളെക്കാള്‍ ഏറെ വ്യത്യസ്തമായിരിക്കും ഈ പതിപ്പ്. പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന ഗ്രില്ല്, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റും നല്‍കിയിട്ടുള്ള ബംമ്പര്‍, പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഫോഗ്‌ലാമ്പ് എന്നിവ മുന്‍വശത്തെ വേറിട്ടതാക്കും.

പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ ആര്‍ച്ച്, വാഹനത്തിന് ചുറ്റിലും നീളുന്ന ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, പുതിയ റിയര്‍ വ്യൂ മിറര്‍, ബോഡി ഷോള്‍ഡര്‍ ലൈന്‍, റൂഫ് റെയില്‍, പുതിയ ടെയ്ല്‍ ലൈറ്റ് ഉള്‍പ്പെടെ അഴിച്ചുപണിത പിന്‍വശം എന്നിവയും 2020 സ്‌കോര്‍പിയോയെ ആകര്‍ഷകമാക്കും.  

ഇന്റീരിയറും വേറിട്ടതായിരിക്കും. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന ഡാഷ്‌ബോര്‍ഡ് തുടങ്ങി കംഫര്‍ട്ടബിള്‍ യാത്രയ്ക്കും കണക്ടിവിറ്റി സംവിധാനങ്ങള്‍ക്കും ഏറെ പ്രധാന്യമുണ്ടാവും. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഡിസൈന്‍ ഹൗസായ പിനിന്‍ഫരീനയാണ് പുതുതലമുറ സ്‌കോര്‍പിയോയുടെ ഡിസൈനിങ്ങ്.

നിലവില്‍ സ്‌കോര്‍പിയോയിലുള്ള 2.2 ലിറ്റര്‍ എംഹോക് എന്‍ജിന് പകരം ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും പുതിയ വാഹനത്തില്‍ നല്‍കുക. 2.0 ലിറ്ററില്‍ 150 ബിഎച്ച്പി എന്ന ഉയര്‍ന്ന കരുത്തായിരിക്കും ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഇത്തവണ സ്‌കോര്‍പിയോയില്‍ പെട്രോള്‍ എന്‍ജിനും ഇടംപിടിക്കുമെന്നാണ് സൂചന. 

ഓട്ടോ എക്സ്പോയില്‍ ഫെബ്രുവരി അഞ്ചിനായിരിക്കും ഈ എസ്‌യുവിയുടെ പുതുതലമുറ അവതരിപ്പിക്കുക. സ്‌കോര്‍പിയോ ഉള്‍പ്പെടെ 18 മോഡലുകളായിരിക്കും ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര പ്രദര്‍ശിപ്പിക്കുക. പാസഞ്ചര്‍ കാറുകള്‍, വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ മൂന്ന് പുതിയ ഇലക്ട്രിക് മോഡലുകളും ഇത്തവണ മഹീന്ദ്രയുടെ പവലിയനിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. മഹീന്ദ്ര ഥാറും അടുത്ത മാസം തന്നെ നിരത്തിലെത്തിയേക്കും.

മഹീന്ദ്രയുടെ ചരിത്രം തന്നെ മാറ്റിയെഴുതിയ വാഹനമാണ് സ്‍കോര്‍പിയോ.  അത്രകാലവും വില്ലീസ് ജീപ്പുകളുടെ വിവിധ തരത്തിലുള്ള അനുകരണങ്ങളെ നിരത്തിലെത്തിച്ചു കൊണ്ടിരുന്ന  മഹീന്ദ്രയെ ഗ്ലോബൽ ബ്രാൻഡാക്കി മാറ്റിയത് 2002ൽ പുറത്തിറങ്ങിയ ഈ എസ് യു വി ആയിരുന്നു. 2002 ജൂണില്‍ ആദ്യ സ്‍കോര്‍പിയോ പുറത്തിറങ്ങി. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി രൂപസാദൃശ്യമുള്ള വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ വളരെപ്പെട്ടെന്ന് തരംഗമായി. 

2014ല്‍ ആണ് ഈ ജനപ്രിയ എസ്‍യുവിയുടെ മൂന്നാം തലമുറ വിപണിയിലെത്തുന്നത്. തുടര്‍ന്ന് 2017ല്‍ കൂടുതല്‍ കരുത്തുള്ള എഞ്ചിനും ഗ്രില്ലിലടക്കം മാറ്റങ്ങള്‍ വരുത്തി വാഹനം വീണ്ടുമെത്തി.  എസ് 3, എസ് 5, എസ് 7, എസ് 11 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ എത്തിയ പുതിയ സ്‍കോർപിയോയെയും ജനം നെഞ്ചേറ്റി. 2018 നവംബറിലാണ് സ്‌കോര്‍പിയോ S9 മോഡലിനെ മഹീന്ദ്ര അവതരിപ്പിച്ചത്.