ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി രാജ്യത്തെ നിരത്തുകളില്‍ ജൈത്രയാത്ര തുടരുകയാണ്.

എന്നാല്‍ ഹെക്ടര്‍ ഡീസല്‍ മോഡല്‍ വാഹനങ്ങളുടെ വില കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 1.25  ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. പെട്രോള്‍ വാഹനത്തേക്കാള്‍ വന്‍തോതിലുള്ള വില വര്‍ധനവാണ് ബിഎസ് 6ലേക്കു മാറുന്നതോടെ പൊതുവെ ഡീസല്‍ വാഹനങ്ങള്‍ക്ക് ഉണ്ടാകുക. ഏപ്രില്‍ മുതല്‍ രാജ്യമൊന്നാകെ ബിഎസ്6ലേക്ക് വഴി മാറുന്നതോടെ കമ്പനി ഹെക്ടര്‍ മോഡല്‍ ഡീസല്‍ വേരിയന്റ് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ എംജി. മാര്‍ച്ച് മാസത്തോടുകൂടി ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

ബിഎസ്6 ഹെക്ടറിന് എഞ്ചിന്‍ അപ്‌ഗ്രേഡ് ചെയ്യുന്നത് ഒഴിച്ചാല്‍ വലിയ തോതില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് മോഡലിലുള്ളത്.  പെട്രോള്‍ വാഹനം ബിഎസ് 6ലേക്ക് മാറുമ്പോള്‍ എഞ്ചിന്‍ വേരിയന്റ് അടിസ്ഥാനമാക്കി 45,0000 രൂപ മുതല്‍ 60,000 രൂപ വരെ വര്‍ധിക്കുമ്പോള്‍ ഡീസല്‍ വാഹനത്തില്‍ എല്ലാ വേരിയന്റുകളിലും 1.25 ലക്ഷം രൂപ വരെ വില വര്‍ധിക്കാനാണ് സാധ്യത.

ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളില്‍ ഡിപിഎഫ്, യൂറിയ ടാങ്ക് എന്നിവ അധിക സവിശേഷതകളാണ്. ഗിയര്‍ബോക്‌സ് വിഭാഗത്തില്‍ 6 സ്പീഡ് മാനുവല്‍ സംവിധാനമാണുള്ളത്. എംജി ഹെക്ടര്‍ ബിഎസ്6 മോഡല്‍ വാഹനങ്ങള്‍  അടുത്തമാസം ഏകദേശം പകുതിയോടെ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം. അതായത് നിലവിലെ ബിഎസ്4 വാഹനങ്ങള്‍ സ്റ്റോക്ക് തീരുന്നതോടെ മുന്‍കൂര്‍ ബുക്കിംഗ് നടത്തിയവര്‍ക്ക് ബിഎസ്-6 വേരിയന്റാകും ലഭിക്കുക. ബിഎസ്6 അപ്‌ഗ്രേഡ് കൂടാതെ ആറ് സീറ്റോടു കൂടിയ ഹെക്ടര്‍ പ്ലസ് നിരയും പുറത്തിറങ്ങുന്നുണ്ട്. ഇത് സ്റ്റാന്റേര്‍ഡ് വിഭാഗത്തിനും മേലെയുള്ളതാണെന്നാണ് സൂചന. അടുത്തു വരുന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനിയുടെ 14 കാര്‍ ലൈനപ്പാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹെക്ടര്‍ പ്ലസ്, മാക്‌സസ് ഡി90എസ്‌യുവി, പുതിയ എംപിവി എന്നിവ ഉള്‍പ്പെടെയുള്ളവയാണ് ഇന്ത്യന്‍ വിപണിയില്‍ മാറ്റുരയ്ക്കാനെത്തുക.

2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനത്തിന്‍റെ ഇതുവരെയുള്ള വില്‍പ്പന 15,000 കടന്നു. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്.  12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍.  4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്.

പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.  പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും.

നിലവില്‍ ലഭിച്ചിരിക്കുന്ന ബുക്കിങ്ങുകളില്‍  കൂടുതല്‍ ആവശ്യക്കാരും ഉയര്‍ന്ന വകഭേദങ്ങളായ സ്‍മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ്. ഇതില്‍ 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കുന്നു.

ഹെക്ടറിന്‍റെ ഇലക്ട്രിക്ക് വകഭേദവും ഇന്ത്യയിലേക്ക് വരുന്നുണ്ട്. കമ്പനിയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനം ഇസഡ്എസ് ഇലക്ട്രിക്ക് അടുത്തിടെയാണ് അവതരിച്ചത്. ഇന്ത്യയിലെത്തുന്ന ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്‍യുവിയാണ് ഇസഡ്എസ്  ഇവി.

2021-ഓടെ എംജിയുടെ നാല് മോഡലുകള്‍ കൂടി ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത് .ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് എംജിക്ക് ഇന്ത്യയില്‍ ഉള്ളത്.  അതിനായി 3000 കോടിയുടെ നിക്ഷേപം കൂടി നടത്തുകയാണ് കമ്പനി. ആഗോളതലത്തില്‍ തന്നെ എസ്‌യുവി വാഹനങ്ങള്‍ക്ക് അനുകൂല സാഹചര്യമായതിനാല്‍ ഈ ശ്രേണിയിലുള്ള വാഹനങ്ങള്‍ക്കായിരിക്കും എംജി പ്രാധാന്യം നല്‍കുകയെന്നും എംജി കൊമേഷ്യല്‍  ഓഫീസര്‍ ഗൗരവ് ഗുപ്‍ത അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

നിലവില്‍ അഞ്ച് സീറ്ററാണ് ഈ വാഹനം. ഏഴ് സീറ്റര്‍ പതിപ്പ് നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് എംജി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഴ് സീറ്റര്‍ ഹെക്ടര്‍ നിരത്തിലെത്തുന്നതിന് മുമ്പുള്ള പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

ഹെക്ടറിന്റെ പുതിയ മോഡല്‍ മൂടികെട്ടിയ നിലയില്‍ ഗുജറാത്തിലെ ദേശിയപാതയില്‍ ഓടുന്നതിന്റെ ചിത്രങ്ങള്‍ എന്‍ഡിടിവി കാര്‍ ആന്‍ഡ് ബൈക്ക് ആണ് പുറത്തുവിട്ടത്. ഗുജറാത്തിലെ ഹാലോലിലാണ് എംജിയുടെ വാഹനനിര്‍മാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.

അഞ്ച് സീറ്റില്‍ നിന്ന് ഏഴ് സീറ്റിലേക്ക് മാറുന്നുണ്ടെങ്കിലും വലിപ്പത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീല്‍ബേസുമാണ് ഹെക്ടറിന്റെ ഏഴ് സീറ്റര്‍ പതിപ്പിനുമുള്ളത്. ഡിസൈനില്‍ മാത്രമാണ് നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.

ഹെഡ്‌ലൈറ്റിനും ഫോഗ് ലാമ്പിനും സമീപം ത്രികോണാകൃതിയിലുള്ള സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, പുതിയ പാറ്റേണിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ടെയ്ല്‍ ലൈറ്റുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ മാറ്റങ്ങള്‍. ഉള്‍വശത്ത് മൂന്നാം നിര സീറ്റുകള്‍ നല്‍കിയിട്ടുള്ളതാണ് പ്രധാന മാറ്റം.

ഹെക്ടറിന് കരുത്തേകുന്ന എന്‍ജിന്‍ തന്നെയാണോ ഏഴ് സീറ്റര്‍ പതിപ്പിലെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചനകള്‍. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.

താരതമ്യേന എതിരാളികള്‍ കുറഞ്ഞ വാഹനമായിരിക്കും ഹെക്ടറിന്റെ സെവന്‍ സീറ്റര്‍. ഹെക്ടറിന്റെ എതിരാളി ടാറ്റ ഹാരിയര്‍ ആയതിനാല്‍ തന്നെ ഏഴ് സീറ്റര്‍ ഹെക്ടറിന്റെ എതിരാളി ഹാരിയറിന്റെ ഏഴ് സീറ്റര്‍ മോഡലാകുന്ന ഗ്രാവിറ്റാസ് ആയിരിക്കും. എന്നാല്‍, ഗ്രീവിറ്റാസിനെക്കാള്‍ വലിപ്പം ഹെക്ടറിനായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.