ബിഗ്ബോസ് ഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു എന്തെങ്കിലും അസുഖം ബാധിച്ച് ഇത്രയും പേര്‍ പുറത്തുനില്‍ക്കേണ്ട സാഹചര്യം വന്നത്. പരീക്കുട്ടി, സുജോ, അലസാന്‍ഡ്ര, രേഷ്മ, രഘു, എലീന, ദയ എന്നിവരൊക്കെ പല സമയത്തായി കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടതിനെത്തുടര്‍ന്ന് ഹൗസില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നവരാണ്. ഇപ്പോഴാകട്ടെ അന്‍പതാം എപ്പിസോഡില്‍ സര്‍പ്രൈസ് ആയി പുറത്തുപോയ സുജോ, അലസാന്‍ഡ്ര,രഘു എന്നിവർ തിരിച്ചെത്തുകയും ചെയ്തു.

ഇവർ മൂവരും തിരിച്ചെത്തിയെങ്കിലും എലീനയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. എലീന ഉടൻ തന്നെ തിരിച്ചെത്തുമെന്നാണ് ബി​ഗ്ബോസ് സീസൺ വണ്ണിലെ മത്സരാർത്ഥിയായിരുന്ന ഷിയാസും എലീനയുടെ അമ്മ ബിന്ദുവും പറയുന്നത്. 

"എലീന തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഷോയുമായി ബന്ധപ്പെട്ട കോർഡിറ്റേസുമായി ഞാൻ നിരന്തരം അവളുടെ അസുഖത്തെ പറ്റി ചോദിച്ചറിയുന്നുണ്ട്. എലീന ചെന്നൈയിൽ തന്നെ ആണെന്നും ചികിത്സ തുടരുകയാണെന്നുമാണ് അവർ പറയുന്നത്. എലീന സുഖമായി ഇരിക്കുകയാണ്. അടുത്ത ആഴ്ച തന്നെ അവൾ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ," എലീനയുടെ അമ്മ പറയുന്നു. എലീന എത്രയും വേഗം സുഖം പ്രാപിച്ച് തിരിച്ചെത്തുമെന്നും പൂര്‍വ്വാധികം കരുത്തോടെ മത്സരത്തില്‍ പങ്കെടുക്കുമെന്നുമാണ് ഷിയാസ് പറയുന്നത്.

ഫുക്രുവുമായി രസകരമായ സൗഹൃദം തുടരുന്നതിനിടയിലാണ് എലീന പുറത്തേക്ക് പോയത്. എലീന പോയപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചതും ഫുക്രു തന്നെയാണ്. അന്നത്തെ സംഭാഷണങ്ങളും എപ്പോഴും കലിപ്പിലിരുന്ന ഫുക്രു പലപ്പോഴും ശാന്തനായി കണ്ട ചില സമയമായിരുന്നു അത്. എലീനയും ദയയും വരും ദിവസങ്ങളില്‍ വീട്ടിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു കഴിഞ്ഞ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നത്.