ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിനെ ഏറ്റവും ചലനാത്മകമാക്കിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയിരുന്നു 'എജി സിസ്റ്റേഴ്‍സ്' എന്ന അമൃതയുടെയും അഭിരാമിയുടെയും കടന്നുവരവ്. ഇരുവരും എത്തിയതിന് തൊടുപ്പിന്നാലെ ബിഗ് ബോസ് അന്ന് അടുത്ത സര്‍പ്രൈസും പ്രഖ്യാപിച്ചിരുന്നു, രണ്ടാളായാലും അവര്‍ ഒറ്റ മത്സരാര്‍ഥിയാണെന്ന കാര്യം. കൊവിഡ് 19 പശ്ചാത്തലത്തില്‍ 75-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്ന ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ നിന്ന് പുറത്തിറങ്ങി എവിടേയ്ക്കും പോകാതെ വീട്ടിലേക്ക് തന്നെയാണ് അവര്‍ വന്നത്. ബിഗ് ബോസ് വിട്ട് മറ്റൊരു ബിഗ് ബോസിലേക്ക് വന്നതുപോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്ന് പറയുന്നു അമൃത. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് അമൃത നല്‍കിയ അഭിമുഖം

ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയിട്ട് ഒരാഴ്ചയാവുന്നു. ബിഗ് ബോസിന്‍റെ ഹാങ് ഓവര്‍ മാറിയോ?

ബിഗ് ബോസില്‍ നിന്ന് മറ്റൊരു ബിഗ് ബോസിലേക്ക് എത്തിയതുപോലെയുള്ള അവസ്ഥയാണിപ്പോള്‍. പുറത്തേക്കൊക്കെ ഇറങ്ങാനുള്ള മൂഡിലായിരുന്നു അവിടുന്ന് ഇറങ്ങിയപ്പോള്‍. ബിഗ് ബോസില്‍ നിന്ന് ഇറങ്ങി, ആദ്യം റോഡൊക്കെ കണ്ടപ്പോഴത്തെ ഒരു ഫീലിംഗ് ഭയങ്കരമായിരുന്നു. തിരിച്ച് ഇവിടെ വന്നപ്പോള്‍ വീണ്ടും ഹോം അറസ്റ്റ് സീനാണ്. അതുകൊണ്ട് ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതുപോലെ പൂര്‍ണമായും അനുഭവപ്പെടുന്നില്ല. ഇപ്പോഴും ഞങ്ങള്‍ അറിയാതെ കൈകൊണ്ട് മൈക്ക് നേരെയിടാന്‍ ശ്രമിക്കുന്നു, എന്തെങ്കിലും സംസാരിക്കുമ്പോള്‍ ചുറ്റും ക്യാമറ ഉണ്ടെന്ന് കരുതി കോണ്‍ഷ്യസ് ആവുന്നു. പാചകം ചെയ്യുമ്പോള്‍ ഗ്യാസ് ഉപയോഗിക്കുന്നതിലെ റേഷനിംഗിനെക്കുറിച്ച് പൊടുന്നനെ ഓര്‍ക്കുന്നു. അതില്‍ നിന്നൊന്നും ഇപ്പോഴും കട്ട് ആയിട്ടില്ല. അങ്ങനെ കുറെ രസകരമായ കാര്യങ്ങളൊക്കെയുണ്ട്. 

 

ഇറങ്ങുന്നതിന് മുന്‍പ് ഇത്രയും ആശങ്കാജനകമാണ് കാര്യങ്ങളെന്ന് തോന്നിയിരുന്നോ?

ഞങ്ങള്‍ ബിഗ് ബോസിലേക്ക് പോകുന്ന സമയത്ത് കൊറോണയുടെ ഇഷ്യു ഉണ്ടായിരുന്നു. അതിന്‍റെ വാര്‍ത്ത ഉള്ളപ്പോള്‍ത്തന്നെയാണ് ഞങ്ങള്‍ പോയത്. പക്ഷേ ഇത്രയും ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് കാര്യങ്ങളെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെ ഇരിക്കേണ്ടി വരുന്നതില്‍ സ്വാഭാവികമായും ബുദ്ധിമുട്ട് തോന്നുന്നുണ്ട്. പക്ഷേ ഞങ്ങള്‍ അവിടെ ആകെ 25 ദിവസമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ക്ക് ഇങ്ങനെയാണ് തോന്നുന്നതെങ്കില്‍ അവിടെ ആദ്യം മുതലുള്ളവരുടെ കാര്യം ഊഹിക്കാമല്ലോ. 

സീസണ്‍ തുടങ്ങി അന്‍പതാം ദിവസമാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ നിങ്ങള്‍ രണ്ടുപേരും ബിഗ് ബോസ് ഹൌസിലേക്ക് എത്തുന്നത്. എപ്പിസോഡുകളൊക്കെ കണ്ട് കൃത്യമായി പ്ലാന്‍ ചെയ്‍തിട്ടാണോ അകത്തേക്ക് പോയത്?

ബിഗ് ബോസിലേക്ക് ഞങ്ങളുടെത് വളരെ അപ്രതീക്ഷിതമായ ഒരു എന്‍ട്രി ആയിരുന്നു. 50-ാം ദിവസം പെര്‍ഫോം ചെയ്യാനെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അതുതന്നെ പോകുന്നതിന് ഒരു ദിവസം മുന്‍പാണ് വിളിച്ചത്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് അടുത്ത വിളി വരുന്നത്. പെര്‍ഫോം ചെയ്യാന്‍ വന്നാല്‍ തിരിച്ചുപോവലുണ്ടാവില്ലെന്ന് അപ്പോള്‍ പറഞ്ഞു. അതിനാല്‍ത്തന്നെ ഞങ്ങള്‍ ഒട്ടും പ്രിപ്പയേര്‍ഡ് ആയിരുന്നില്ല. വീട്ടില്‍ അമ്മയൊക്കെ ബിഗ് ബോസിന്‍റെ സ്ഥിരം പ്രേക്ഷകയാണ്. ഞാന്‍ അതിന് രണ്ടുമാസം മുന്‍പ് മുതല്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. ഹൈദരാബാദിലും പൂനെയിലുമായി ഞങ്ങളുടെ പ്രൊഡക്ഷനൊക്കെ നടക്കുന്നതുകൊണ്ട് അതിന്‍റെ ഓട്ടത്തിലായിരുന്നു. പൂനെയില്‍ നിന്ന് വന്ന് രണ്ടാമത്തെ ദിവസമാണ് ബിഗ് ബോസിലേക്ക് പോകുന്നത്. ഈ സീസണ്‍ സ്ഥിരമായി അങ്ങനെ ഫോളോ ചെയ്‍തിരുന്നുമില്ല. ആര്യയെയും ഷാജി ചേട്ടനെയും അറിയാമായിരുന്നു. രജിത്തേട്ടനെയും നേരിട്ട് പരിചയമില്ലെങ്കിലും അറിയാമായിരുന്നു. പക്ഷേ ബിഗ് ബോസിലെ ഇവരുടെയൊക്കെ റോള്‍ അറിയുമായിരുന്നില്ല. പിന്നെ ഇത്രയും ഹൈപ്പിലുള്ള ഒരു ഷോയാണെന്ന് സത്യസന്ധമായി പറഞ്ഞാല്‍ എനിക്കറിയില്ലായിരുന്നു. പിന്നെ, അത്ര പ്രിപ്പയേര്‍ഡ് അല്ലാതെ പോയതും നന്നായെന്ന് തോന്നുന്നു. അങ്ങനെ പോയിരുന്നുവെങ്കില്‍ മുന്‍ധാരണകളോടെ നില്‍ക്കേണ്ടിവന്നേനെ. പക്ഷേ പോകുന്നതിന്‍റെ തലേന്ന് കഴിഞ്ഞ രണ്ട്, മൂന്ന് എപ്പിസോഡുകള്‍ കണ്ടിരുന്നു. ബിഗ് ബോസില്‍ എന്താണ് നടക്കുന്നത് എന്നൊന്നറിയാന്‍. 

 

തുടക്കം മുതല്‍ ഒരേതരത്തില്‍ അടുപ്പം നിലനിര്‍ത്തിയത് രജിത് കുമാറുമായാണ്. അത് അദ്ദേഹത്തിന് പുറത്തുള്ള പിന്തുണ കണ്ടിട്ടായിരുന്നില്ലേ?

ഞങ്ങളുടെ എന്‍ട്രി ശ്രദ്ധിച്ചവര്‍ക്കറിയാം, ആദ്യത്തെ മൂന്ന് ദിവസം ഞങ്ങള്‍ ആര്യയുടെയും വീണയുടെയും കൂടെ ആയിരുന്നു. ഇതെല്ലാം ഗെയിം ആണ്. അതിനെക്കുറിച്ചൊന്നും സംസാരിക്കാനേ എനിക്കിപ്പോള്‍ താല്‍പര്യമില്ല. എന്നാല്‍ക്കൂടി പറയുകയാണ്, വന്ന് ആദ്യത്തെ മൂന്ന് ദിവസം ഞങ്ങള്‍ ആര്യയുടെയും വീണയുടെയും കൂടെയായിരുന്നു. പിന്നെ അവിടെ നീതിപൂര്‍വ്വമല്ലാത്ത ഒരു ഗെയിം എനിക്ക് ഫീല്‍ ചെയ്തു. അതായത്, സുജോയുടെ കാലില്‍ പിടിക്കാം, നമുക്ക് കൂടെ നില്‍ക്കാം എന്നൊക്കെ പറഞ്ഞപ്പോഴും തുടര്‍ന്ന് ഇഷ്യു ഉണ്ടായപ്പോഴുമാണ് ഞാനും അഭിയും അവിടെനിന്ന് പിന്നോക്കം പോയത്. പിന്നെ സ്വര്‍ണ്ണം സൂക്ഷിക്കേണ്ടിവന്ന സമയത്ത് നമുക്കൊന്നിച്ച് നില്‍ക്കാമെന്ന് രജിത്തേട്ടന്‍ പറയുമ്പോഴാണ് ഞാന്‍ അദ്ദേഹവുമായി കൂട്ടാവുന്നത്. അതുവരെ രജിത്തേട്ടനുമായി ഞങ്ങള്‍ക്ക് സൌഹൃദം ഉണ്ടായിരുന്നില്ല. അല്ലാതെ പ്ലാന്‍ഡ് ആയി പുള്ളിക്കൊപ്പം നിന്നതല്ല. പിന്നെ പുള്ളിയ്ക്കൊപ്പം കൂടിയപ്പോള്‍ ഞങ്ങള്‍ ഭയങ്കര കംഫര്‍ട്ടും ആയിരുന്നു. കാരണം ഇപ്പുറത്തെ സൈഡില്‍നിന്ന് രജിത്തേട്ടനെപ്പറ്റി പറയുന്നത് വേറൊരു സ്റ്റോറി ആയിരുന്നു. എന്നാല്‍ രജിത്തേട്ടന്‍റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്കുണ്ടായ അനുഭവം അതില്‍നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഒരു ചേട്ടന്‍ ഫീലിംഗ് ആയിരുന്നു. രജത്തേട്ടന് പുറത്തുള്ള പിന്തുണ കണ്ട്, ഒപ്പം നിന്നതേയല്ല. 

നിങ്ങളുടെ കടന്നുവരവ് ഹൌസിലെ മറ്റ് മത്സരാര്‍ഥികളെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചെന്ന് തോന്നിയോ?

ഇല്ല. ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ 'വണ്‍ ഈസ്‍ടു അദേഴ്‍സ്' റേഷ്യോയിലായിരുന്നു അവിടെയുള്ളവര്‍. രജിത്തേട്ടന്‍ ഒറ്റയ്ക്ക് നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ചെന്നയുടനെ രജിത്തേട്ടനൊപ്പം കൂടിയിട്ടില്ല. ഹായ്, ബൈ സംസാരങ്ങളേ ആദ്യത്തെ മൂന്ന് ദിവസം ഉണ്ടായിട്ടുള്ളൂ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ആ ഭാഗത്തേക്കായി. ആ വീക്കിലി ടാസ്‍ക് അണ്‍ഫെയര്‍ ആയെന്ന് തോന്നിയതിന് ശേഷം. ഓടാന്‍ നില്‍ക്കുന്ന ആളിന്‍റെ കാലില്‍ പിടിച്ച് വലിച്ചിടാം എന്നൊക്കെ പറയുന്നത്.. തീര്‍ച്ഛയായും ഞാനും അതില്‍ ഒരു ഭാഗമായിരുന്നു. പക്ഷേ പിന്നീട് ഞങ്ങള്‍ക്കത് അണ്‍ഫെയര്‍‌ ആയിട്ട് തോന്നി. അതിന്‍റെ പേരില്‍ അപ്പുറത്തെ വശത്തുള്ളവരുമായി സംഘര്‍ഷമുണ്ടായി. അതുകൊണ്ടൊക്കെയാണ് ഞങ്ങള്‍ രജിത്തേട്ടന്‍റെ സൈഡിലേക്ക് കൂടിയത്. അങ്ങനെ ഞങ്ങള്‍ മൂന്ന് പേരായി. പിന്നെ ആ ഖനനം ടാസ്‍കിന്‍റെ സമയത്ത് സ്വര്‍ണ്ണം ഏല്‍പ്പിക്കാന്‍ സുജോ രജിത്തേട്ടനൊപ്പം വന്നു. അപ്പോള്‍ ഞങ്ങള്‍ നാല് പേരായി. അടുത്ത റൌണ്ടില്‍ രഘുവും ഈ സൈഡിലേക്ക് വന്നു. അങ്ങനെയാണ് അതൊരു ഗ്രൂപ്പ് ആയി മാറിയത്. അല്ലാതെ അത് ബോധപൂര്‍വ്വം സൃഷ്ടിച്ചതല്ല.

 

രണ്ടുപേരും ഒറ്റ മത്സരാര്‍ഥിയായാണ് ഹൌസില്‍ 25 ദിവസം നിന്നത്. അതിലെ വെല്ലുവിളി എന്തൊക്കെയായിരുന്നു? പ്ലസും മൈനസും എന്തൊക്കെ ആയിരുന്നു?

ഏത് ഗെയിം വന്നാലും വിശ്വസിക്കാവുന്ന ഒരാള്‍ കൂടെയുണ്ട് എന്ന ആശ്വാസമായിരുന്നു പ്ലസ്. അതേസമയം എന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അത് അവളെയും ബാധിക്കും. അവളുടെ കൈയില്‍ നിന്ന് പോയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് പേരും എലിമിനേറ്റ് ആവാനുള്ള സാധ്യതയുണ്ടാവും. ചില ടാസ്‍കുകളിലൊക്കെ രണ്ടുപേര്‍ ഒറ്റ മത്സരാര്‍ഥിയായി നില്‍ക്കേണ്ടിവരുന്നതിലെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. അതൊക്കെയായിരുന്നു മൈനസുകള്‍. എന്നാല്‍ ഒരുമിച്ച് നില്‍ക്കാന്‍ പറ്റി എന്നത് ഞങ്ങള്‍‌ പോസിറ്റീവ് ആയിത്തന്നെയാണ് കാണുന്നത്. പിന്നെ 50-ാം ദിവസമാണ് ഞങ്ങള്‍ ഹൌസിലേക്ക് എത്തുന്നത്. ഒരു റോളര്‍ കോസ്റ്ററില്‍ സീറ്റ് ബെല്‍റ്റ് ഒക്കെ ഇട്ടിരിക്കുന്ന ആളുകള്‍ക്കിടയിലേക്ക് എടുത്തുചാടുന്നത് പോലത്തെ അനുഭവമായിരുന്നു അത്. കളിയൊക്കെ മുറുകി നില്‍ക്കുന്ന അവസ്ഥയായിരുന്നു ഹൌസില്‍ അപ്പോള്‍. 50 ദിവസം ഒരുമിച്ച് നിന്നതിന്‍റെ ബന്ധമുണ്ടായിരുന്നു അവര്‍ക്കിടയില്‍. കയറിച്ചെല്ലുമ്പോള്‍ ഞങ്ങള്‍ക്ക് അവിടെ ഒരു സ്പേസ് ഉണ്ടായിരുന്നില്ല. അപ്പുറത്തെ വശത്തേക്കൊന്നും എനിക്ക് കടക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. അവരൊക്കെ നമ്മളെ അന്യഗ്രഹ ജീവികളെപ്പോലെയായിരുന്നു കണ്ടിരുന്നത്. അതൊക്കെ ഗെയിമിന്‍റെ ഭാഗമായേ ഇപ്പോള്‍ കരുതുന്നുള്ളൂ. അവിടെ ഉണ്ടായിരുന്ന ആരുമായും ഇപ്പോള്‍ ഒരു പ്രശ്നവുമില്ല. ആര്യയൊക്കെയായി ഇപ്പോഴും ചാറ്റ് ചെയ്യുന്നുണ്ട്.  

നിന്ന 25 ദിവസത്തിനിടെ നിങ്ങള്‍ രണ്ടുപേര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വന്ന അപൂര്‍വ്വം മൊമെന്‍റുകളേ കാണാന്‍ പറ്റിയിട്ടുള്ളൂ. യഥാര്‍ഥ ജീവിതത്തിലും അങ്ങനെയാണോ?

ഷോയില്‍ നില്‍ക്കുമ്പോള്‍ ഒരേയൊരു പ്രാവശ്യമാണ് ഞങ്ങള്‍ക്കിടയില്‍ ഒരു അഭിപ്രായവ്യത്യാസം ഉണ്ടായത്. സാധാരണ ഞങ്ങള്‍ എല്ലാ കാര്യത്തിലും അടിയുണ്ടാക്കുന്ന ആളുകളാണ്. പക്ഷേ ബിഗ് ബോസില്‍ ചെന്നപ്പോള്‍ ഞങ്ങള്‍ക്ക് പരസ്‍പരം കൂടുതല്‍ അറിയാനുള്ള സ്പേസ് ആണ് കിട്ടിയത്. കാരണം അഭിക്ക് ഞാന്‍ മാത്രമേയുള്ളൂ അവിടെ, തിരിച്ചും. അതുകൊണ്ട് ഞങ്ങളുടെ റിലേഷന്‍ഷിപ്പ് കൂടുതല്‍ സ്ട്രോംഗ് ആവുകയാണ് ചെയ്തത്. കുറച്ചുകൂടി ഫ്രീ ആവുകയാണ് ചെയ്തത്. സ്നേഹം കൂടി എന്നേ പറയാന്‍ പറ്റൂ. അടിയുണ്ടായിട്ടില്ല. പക്ഷേ വീട്ടില്‍ ഞങ്ങള്‍ നേരെ തിരിച്ചാണ്. ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് വേള്‍ഡ് വാര്‍ ആണ്. വീട്ടിലുള്ളതിനേക്കാള്‍ സമാധാനത്തോടെയാണ് ഞങ്ങള്‍ അവിടെ നിന്നത്. 

ചുറ്റും ക്യാമറയുണ്ടെന്ന ബോധ്യത്തില്‍ പരസ്‍പരം തോന്നിയ അഭിപ്രായവ്യത്യാസങ്ങളൊക്കെ അടക്കിവെക്കുകയായിരുന്നോ അവിടെ?

പരസ്‍പരം കാര്യങ്ങള്‍ പറയാന്‍ ഒരു കോഡ് ഭാഷ ഞങ്ങളവിടെ ഉപയോഗിച്ചിരുന്നു. പുറത്താണെങ്കിലും വീട്ടിലാണെങ്കിലുമൊക്കെ ഞങ്ങള്‍ ഉപയോഗിക്കുന്ന കോഡ് ഭാഷയുണ്ട്. ചുറ്റും മറ്റാരെങ്കിലുമൊക്കെയുള്ളപ്പോള്‍ പരസ്പരം അടിയുണ്ടാക്കുന്നതൊക്കെ ആ ഭാഷ ഉപയോഗിച്ചായിരിക്കും. അത് പക്ഷേ ഏറ്റവും കൂടുതല്‍ ഉപകാരപ്പെട്ടത് ബിഗ് ബോസില്‍ എത്തിയപ്പോഴാണ്. ഞങ്ങള്‍ തന്നെ ഉണ്ടാക്കിയ ഒരു ഭാഷയാണ് അത്. വളരെ പേഴ്‍സണല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ഞങ്ങള്‍ അങ്ങനെയാണ് പരസ്പരം പറയാറ്. അത് അവിടെയുള്ളവര്‍ക്കും മറ്റാര്‍ക്കും മനസിലാവില്ല. 

 

ബിഗ് ബോസ് ഹൌസില്‍ വ്യക്തിപരമായി ഏറ്റവും അടുപ്പം തോന്നിയത് ആരോടൊക്കെയാണ്?

രജിത്തേട്ടന്‍, സുജോ, രഘു, സാന്‍ഡ്ര. എപ്പോഴും ഞങ്ങള്‍ ഒന്നിച്ചാണ് ഉണ്ടാവാറ്. ഞങ്ങള്‍ ഇപ്പോഴും കണക്റ്റഡ് ആണ്. 

ബിഗ് ബോസില്‍ നിന്ന് പോരുമ്പോള്‍ പുതുതായി കിട്ടിയ തിരിച്ചറിവുകളോ പാഠങ്ങളോ ഉണ്ടോ?

വ്യത്യസ്തരായ മനുഷ്യര്‍ക്കൊപ്പമാണ് ഒരു പ്രത്യേക സാഹചര്യത്തില്‍ അവിടെ നില്‍ക്കുന്നത്. ഒട്ടും കണക്റ്റ് ആവാന്‍ പറ്റാത്ത ആളുകളുടെ കൂടെയൊക്കെയാവാം നില്‍ക്കേണ്ടിവരുന്നത്. നാളെ ജീവിതത്തില്‍ എന്തെങ്കിലും ഒരു അനുഭവമുണ്ടാവുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സഹായിക്കുന്ന അനുഭവമാണ് ബിഗ് ബോസ് തന്നത്. പിന്നെ, എങ്ങനെ ചുരുക്കി ജീവിക്കാം, നിത്യജീവിതത്തില്‍ എങ്ങനെ സ്വയംപര്യാപ്തരാവാം എന്നൊക്കെ പഠിച്ചു. 

കൊവിഡ് 19 സൃഷ്ടിച്ച സാഹചര്യമൊക്കെ മാറിക്കഴിഞ്ഞിട്ടുള്ള ഭാവി പരിപാടികളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

അവിടെ നിന്നപ്പോള്‍ ഇറങ്ങിയാലുടന്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചൊക്കെ ആലോചിച്ചിരുന്നു. അമൃതം ഗമയയുടെ ചില പാട്ടുകളൊക്കെ റിലീസ് ചെയ്യാനുണ്ടായിരുന്നു. അതൊക്കെ വന്നാലുടന്‍ ചെയ്യണമെന്ന് കരുതിയിരുന്ന കാര്യങ്ങളായിരുന്നു. അതിന്‍റെ പ്രീ-പ്രൊഡക്ഷനില്‍ നില്‍ക്കുമ്പോഴാണ് ബിഗ് ബോസിലേക്ക് പോയത്. ഞാന്‍ പാടിയ ഒരു സിനിമയും റിലീസ് ചെയ്യാനുണ്ട്. ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വരുന്ന 'സൂഫി സുജാത' എന്ന ചിത്രമാണത്.  അങ്ങനെ ചില കാര്യങ്ങളൊക്കെയാണ് മുന്നിലുള്ളത്.