ബിഗ് ബോസ്സിലെ ആകര്‍ഷണങ്ങളില്‍ ഒന്നാണ് ടാസ്‍ക്കുകള്‍. ലക്ഷ്വറി പോയന്റുകള്‍ക്കായും ക്യാപ്റ്റനെ നിശ്ചയിക്കുന്നതിനുള്ള പോയന്റുകള്‍ക്കായുമാണ് ടാസ്‍ക്കുകള്‍. അതുകൊണ്ടുതന്നെ ടാസ്‍ക്കുകള്‍ കയ്യാങ്കളിയിലേക്ക് എത്താറുണ്ട്. ഇന്ന് തലയണ നിര്‍മ്മിക്കുന്നതായിരുന്നു ടാസ്‍ക്ക്. ടാസ്‍ക്കിനിടെ ആര്യക്ക് പരുക്കേല്‍ക്കുകയും ചെയ്‍തു.

രണ്ട് ഗ്രൂപ്പായി തിരിഞ്ഞായിരുന്നു ടാസ്‍ക്ക്. അഭിരാമിയും അമൃതയും രഘുവും സുജോയും ഒരു ടീമാകുകയും ദയ അശ്വതി, ഫുക്രു, പാഷാണം ഷാജി, ദയ അശ്വതി, എലീന എന്നിവര്‍ മറ്റൊരു ടീമാകുകയും ചെയ്‍തു. ഫുക്രുവായിരുന്നു നിലവിലെ ക്യാപ്റ്റൻ. ടീമുകളുടെ ക്യാപ്റ്റനായി ഒരു വശത്ത് അഭിരാമിയും അമൃതയും മറുവശത്ത് ദയ അശ്വതിയും എത്തി. തലയിണ നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ ബിഗ് ബോസ് നല്‍കുമെന്ന് അറിയിച്ചു. ആദ്യം പഞ്ഞിയായിരുന്നു നല്‍കിയത്. പിന്നീട് തുണിയും സൂചിയും നൂലും നല്‍കി. പഞ്ഞിയെടുക്കുന്നതിന് ഇടയില്‍ യന്ത്രത്തിന്റെ ചക്രത്തില്‍ പെട്ട് ആര്യക്ക് ചെറിയ പരുക്കേല്‍ക്കുകയും ചെയ്‍തു. ആര്യ ബിഗ് ബോസ്സിനോട് പറഞ്ഞ് ചികിത്സ തേടുകയും ചെയ്‍തു. ഒടുവില്‍ രണ്ടു കൂട്ടരും തലയിണകള്‍ നിര്‍മ്മിച്ചു. ഒരു ടീമിന്റെ ക്യാപ്റ്റൻ മറ്റേ ടീമിന്റെ തലയിണകള്‍ പരിശോധിച്ച് ഗുണനിലാവരം ഉറപ്പാക്കുകയും അല്ലാത്തവ തള്ളുകയും ചെയ്‍തു. തിരിച്ചും അങ്ങനെ ചെയ്‍തു. എല്ലാവരും ഒന്നിച്ചിരിക്കുമ്പോള്‍ ബിഗ് ബോസ് പതിവുപോലെ അക്കാര്യം പറഞ്ഞു. എന്തും സംഭവിക്കാം സ്വന്തം കയ്യിലുള്ള സാധനങ്ങള്‍ നഷ്‍ടപ്പെടാതെ സൂക്ഷിക്കണം എന്ന്. സൂചിയും നൂലുമൊന്നും നഷ്‍ടപ്പെടരുത് എന്നാണ് ബിഗ് ബോസ് ഉദ്ദേശിച്ചത് എന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. ഇന്നത്തെ സമയം അവസാനിച്ചെന്ന് അറിയിച്ചെങ്കിലും ഇന്ന് വിജയിയെ പ്രഖ്യാപിച്ചില്ല.